കോതമംഗലം നഗരസഭ
കാനനവീകരണം പാതിവഴിയിൽ ഉപേക്ഷിച്ചു

കോതമംഗലം താലൂക്കാശുപത്രിക്കുസമീപം റോഡിനോട് ചേർന്ന് മലിനജലം കെട്ടിക്കിടക്കുന്ന കാനയ്‌ക്കുമുകളിൽ സ്ലാബ് ഇട്ടിരിക്കുന്നു
കോതമംഗലം
നഗരവികസനത്തിന്റെ ഭാഗമായി നടത്തിയ കാനനവീകരണം സ്വകാര്യ വ്യക്തിയെ സംരക്ഷിക്കാൻ പാതിവഴിയിൽ ഉപേക്ഷിച്ച കോതമംഗലം നഗരസഭയുടെ നടപടി വിവാദമാകുന്നു. താലൂക്കാശുപത്രിക്കുമുന്നിൽ റോഡിനോട് ചേർന്ന കാനയിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. ഓടയുടെ ഒരുഭാഗം വ്യക്തി മൂടുകയും ഓടയ്ക്കുമുകളിൽ മതിൽകെട്ടുകയും ചെയ്തതാണ് ദുരവസ്ഥയ്ക്ക് കാരണം.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകുന്നു. മറ്റ് സാംക്രമികരോഗങ്ങൾ പിടിപെടുമോയെന്ന ആശങ്കയിലാണ് സമീപവാസികൾ. മഴക്കാലപൂർവ ശുചീകരണവും പകർച്ചവ്യാധിക്കെതിരേ പ്രതിരോധനടപടികളിലും നഗരസഭ പരാജയപ്പെട്ടുവെന്ന ആക്ഷേപം ശക്തമാണ്. മലിനമായ വെള്ളക്കെട്ട് നീക്കം ചെയ്യാതെ കാനയ്‌ക്ക് മുകളിൽ ഭാഗികമായി കോൺക്രീറ്റ് സ്ലാബ് മൂടി നഗരസഭ തലയൂരിയിരിക്കുകയാണ്.
വ്യക്തിയുടെ മൂടിയ കാന തുറന്നാൽ വെള്ളമൊഴുകാൻ വഴിയൊരുങ്ങും. മൂടിയ കാന പുനഃസ്ഥാപിക്കണമെന്നാണ് കച്ചവടക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
ഭൂമി കൈയേറിയ വ്യക്തിക്ക് സ്റ്റോപ്പ്മെമ്മോ ലഭിക്കാൻ നഗരസഭാ ചെയർപേഴ്സൺ അനുകൂല സാഹചര്യമൊരുക്കിയത് വിവാദമായിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയാതെ സ്ലാബിട്ട് മൂടിയതിൽ പ്രതിഷേധിച്ച് സിപിഐ എം കോതമംഗലം വെസ്റ്റ് കമ്മിറ്റി നഗരസഭയ്‌ക്കുമുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കും.










0 comments