print edition ഓപ്പറേഷൻ തൂഫാൻ: പ്രതിക്ക് ജാമ്യം; പൊലീസിന് വിമർശം

തിരുവനന്തപുരം: ‘ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി പിടിയിലായ പ്രതിക്ക് പൊലീസിന്റെ ഗുരുതര വീഴ്ചയെത്തുടർന്ന് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 18.71 ഗ്രാം എംഡിഎംഎയുമായി പോത്തൻകോട്ടുനിന്ന് പിടിയിലായ എറണാകുളം കുമ്പളങ്ങി ചിറയിൽ വീട്ടിൽ അനന്തകൃഷ്ണനാ(20)ണ് ജാമ്യം ലഭിച്ചത്. കേവലം 10 ഗ്രാം എംഡിഎംഎ കൈവശം വയ്‌ക്കുന്നതുതന്നെ വാണിജ്യ അളവായി കണക്കാക്കുന്ന സാഹചര്യത്തിലാണ് 18.71 ഗ്രാമുമായി പിടിയിലായ പ്രതിക്ക് ജാമ്യം അനുവദിച്ചത്.
അറസ്‌റ്റിലായി 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കർശന വ്യവസ്ഥകളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്. ജൂൺ നാലിന് പകൽ മൂന്നിനാണ് ഡാൻസാഫ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പോത്തൻകോട് മണ്ണറ ഭാഗത്തുവച്ച് നിർത്താതെ പോയ കെഎൽ 02 ഡബ്ല്യു 3722 ഇന്നോവ കാർ ഡാൻസാഫ് സംഘം പിന്തുടർന്ന് പിടികൂടിയിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ ഓടി രക്ഷപ്പെട്ടു. രണ്ടു പേരെ പിടികൂടി.
ജൂൺ നാലിന് വൈകിട്ട് 3.15ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പിറ്റേദിവസം വൈകിട്ട് 5.15ന് മാത്രമാണ് മജിസ്ട്രേട്ടിനു മുന്പാകെ ഹാജരാക്കിയത്. 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കാതിരുന്നത് നിയമലംഘനമാണെന്നും പ്രതിഭാഗം അഭിഭാഷകൻ എം സലാഹുദീൻ കോടതിയെ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ ഹാജരാക്കാതിരുന്നത് നിയമലംഘനമാണെന്ന് കണ്ടെത്തിയാണ് ജാമ്യം അനുവദിച്ചത്.










0 comments