print edition ബിരുദപഠന സൗജന്യം അട്ടിമറിച്ചു; കിഫ്ബിയും തുലാസിൽ


സ്വന്തം ലേഖകൻ
Published on Jun 20, 2026, 03:12 AM | 2 min read
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാർഥികളെ കൈപിടിച്ചുയർത്താൻ ബിരുദതലംവരെ വിദ്യാഭ്യാസം സൗജന്യമാക്കിയ എൽഡിഎഫ് സർക്കാരിന്റെ ചരിത്രപരമായ തീരുമാനം അട്ടിമറിച്ച് വി ഡി സതീശൻ സർക്കാർ. എൽഡിഎഫ് സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയെക്കുറിച്ച് സതീന്റെ ആദ്യ ബജറ്റിൽ പരാമർശമില്ല.
യുഡിഎഫ് സർക്കാരിന്റേത് വ്യത്യസ്‌ത സമീപനമാണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ മുൻ പ്രതികരണം അട്ടിമറി സൂചന നൽകിയിരുന്നു. പകരം, കോളേജ് വിദ്യാർഥിനികൾക്ക് ധനസഹായം നൽകുമെന്ന യുഡിഎഫ് വാഗ്‌ദാനം ഇൗ അധ്യയന വർഷത്തിൽ നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. ബജറ്റിൽ ആ പ്രഖ്യാപനവും ഉണ്ടായില്ല. സർവകലാശാലകളിൽ അക്കാദമിക് ഡിൻഡിക്കറ്റ് രൂപീകരിക്കാനും തീരുമാനിച്ചു. അക്കാദമിക് വിഷയങ്ങളിൽ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാനെന്ന പേരിൽ സ്വന്തക്കാരെ തിരുകിക്കയറ്റാനും സർവകലാശാലകളുടെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള നീക്കമാണ് മറനീക്കുന്നത്.
സംസ്ഥാനത്തെ സർവകലാശാലകൾക്കിടയിൽ ക്രെഡിറ്റ് ട്രാൻസ്‌ഫർ നടപ്പാക്കുമെന്നത് പുതിയ കുപ്പിയിലെ പഴയവീഞ്ഞാണ്. അന്തർ സർവകലാശാല മാറ്റം സംസ്ഥാനത്ത് നിലവിലുണ്ട്. അക്കാദമിക് ബാങ്ക് ഓഫ് ക്രഡിറ്റ് എന്നപേരിൽ യുജിസി നടപ്പാക്കുന്നുണ്ട്. റാഗിങ് തടയാൻ സിദ്ധാർഥൻ സ്റ്റുഡൻസ് ഡിസ്ട്രസ് ആപ്പും, സിദ്ധാർഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡൻസ് വെൽഫെയർ ആക്റ്റും നടപ്പാക്കും. സുപ്രീംകോടതിയുടെ കർശന നിർദേശപ്രകാരം യുജിസി രുപീകരിച്ച റാഗിങ് വിരുദ്ധ നിയം നിലവിലുണ്ട്. കർശനമായി നിയമം നടപ്പാക്കുന്നിൽ വീഴ്‌ചയുണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്.
• വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവി തൊഴിൽ അവസരങ്ങൾക്ക് അനുസൃതമാക്കുന്നതിന് ഗ്ലോബൽ ജോബ് വാച്ച് ടവർ എന്ന ഫ്യൂച്ചർ സ്‌കിൽസ് ആൻഡ് എംപ്ലോയ്‌മെന്റ് ഇന്റലിജൻസ് മിഷൻ പദ്ധതിക്കായി രണ്ടു കോടിരൂപ
• കേരളത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമാക്കുന്നതിനും വിദ്യാർഥികൾ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത് കുറയ്‌ക്കുന്നതിനുമായി വിദേശ സർവകലശാലകളെയടക്കം ആകർഷിക്കുന്നതിന് കേരള നോളജ് വാലി. 100 കോടിരൂപ വകയിരുത്തി
• അത്യാധുനിക സാങ്കേതിക വിദ്യയുടെ സാധ്യത മുൻകൂട്ടി മനസിലാക്കി ഉപയോഗപ്പെടുത്താൻ ഫ്യൂച്ചർ റെഡിനസ് തിങ്ക് ടാങ്ക് രൂപീകരിക്കും
• വിദേശ വിദ്യാർഥികൾക്ക് കേരളത്തിൽ പഠിക്കാൻ സെമസ്റ്റർ ഇൻ കേരള പദ്ധതി പുനരാരംഭിക്കും
• വയനാട് ട്രൈബൽ സർവകലാശാല തദ്ദേശീയ വിജ്ഞാന മേഖല സ്ഥാപിക്കാൻ 50 കോടി വകയിരുത്തി
• ഐഐടി മദ്രാസിനെ മാതൃകയാക്കി റിസർച്ച് പാർക്ക് വ്യവസായ– ഗവേഷണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ സംവിധാനങ്ങൾ വിപുലീകരിക്കും. 60 കോടി വകയിരുത്തി
• തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിനും തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജിനും ‘കോൺസ്‌റ്റിറ്റ്യുവന്റ് കോളേജ് ഓഫ് ദി യൂണിവേഴ്‌സിറ്റി’ പദവി
• ബിരുദ ദാരികളുടെ ജോലി സാധ്യതയ്‌ക്കായി ബ്രിഡ്‌ജ് പ്രോഗ്രാമുകൾ
•വിദ്യാർഥികളുടെ പ്രശ്നങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനും കോളേജുകളിൽ ഓംബുഡ്സ്‌മാൻ
• സാങ്കേതിക വിദ്യാഭ്യാസത്തിന് 232. 11 കോടി, ജവാഹർലാൽ നെഹ്റു സയന്റിഫിക് സിറ്റിക്ക് 10 കോടി
കിഫ്ബിയും തുലാസിൽ
കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തിന്റെ പശ്‌ചാത്തല വികസനത്തിന് 1.10 ലക്ഷം കോടിയുടെ പദ്ധതികൾക്ക് അടിത്തറപാകിയ ‘കിഫ്‌ബി’യെ ഒഴിവാക്കുമെന്ന സൂചന ബജറ്റിൽ. കിഫ്‌ബിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ല മുഖ്യമന്ത്രിയുടെ പ്രതികരണം. പഠിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കും എന്നാണ് പ്രഖ്യാപനം. നടപ്പാക്കിക്കൊണ്ടിരിക്കുന്ന 42000 കോടി രൂപയുടെ പദ്ധതികളുടെ ഭാവി, കിഫ്‌ബി ഇല്ലാതായാൽ അനിശ്‌ചിതത്വത്തിലാകും.
പശ്‌ചാത്തല വികസനത്തിനുൾപ്പെടെ മൂലധനച്ചെലവിന് ആവശ്യമായ വിഭവം ബജറ്റിനുപുറത്ത് കണ്ടെത്താനായാണ് കിഫ്ബി ആവിഷ്‌കരിച്ചത്.
പൊതുമരാമത്ത് വകുപ്പിനുകീഴിൽ 104 പദ്ധതികൾ നടപ്പാക്കി കേരളത്തിന്റെ മുഖച്ഛായ മാറ്റി. കേരളത്തിൽ ഇന്നുകാണുന്ന തിളങ്ങുന്ന റോഡുകളും പാലങ്ങളും കിഫ്‌ബിയുടെ സംഭാവനയാണ്. ദേശീയപാത വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിനുള്ള 5581 കോടി സംസ്ഥാന വിഹിതം നൽകിയതും മലയോരഹൈവേയും തീരദേശ ഹൈവേയുമെല്ലാം യാഥാർഥ്യമാക്കിയതും കിഫ്‌ബിയിലൂടെയാണ്.
ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, സാങ്കേതിക വിദ്യ, ഗതാഗതം തുടങ്ങിയ അടിസ്ഥാന വികസനമേഖലകളില്ലാം കിഫ്‌ബിയുടെ കൈയൊപ്പുണ്ട്. വയനാട് തുരങ്കപാത, കേശവദാസപുരം മുതൽ അങ്കമാലിവരെ എംസി റോഡിനെ നാലുവരിപ്പാതയാക്കൽ തുടങ്ങിയ പ്രധാന പദ്ധതികളും കിഫ്‌ബി ഇല്ലാതായാൽ അനിശ്‌ചിതത്വത്തിലാകും.









0 comments