വികസനത്തിന് സതീശന്റെ -റെഡ് കാർഡ്


സ്വന്തം ലേഖകൻ
Published on Jun 20, 2026, 03:09 AM | 3 min read
കൊച്ചി
ജില്ലയുടെ വികസനത്തിന് ‘ചുവപ്പ് കാർഡ്’ കാണിച്ച് സംസ്ഥാന ബജറ്റ്. ജില്ല കാത്തിരുന്ന വികസന പദ്ധതികൾക്കുനേരെ മുഖം തിരിച്ച ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചത്. മുഖ്യമന്ത്രിയും മൂന്നുമന്ത്രിമാരും ജില്ലയിൽ ഉണ്ടായിട്ടും സ്വപ്‌നപദ്ധതികളെല്ലാം തകർത്തു.

ട്രാക്ക് തെറ്റും മെട്രോ
കൊച്ചി മെട്രോ റെയിൽ രണ്ട്, മൂന്ന് ഘട്ടങ്ങളെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല. ജലമെട്രോയെയും അവഗണിച്ചു. എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ കൊച്ചി മെട്രോയ്‌ക്ക് ലഭിച്ചത് 79.03 കോടി രൂപ.
ട്രാക്കിലാകാതെ അങ്കമാലി–ശബരി
111 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി–എരുമേലി ശബരിപാതയുടെ നിർമാണത്തിന് ബജറ്റിൽ പച്ചവെളിച്ചം തെളിയുമെന്ന പ്രതീക്ഷയും അണഞ്ഞു. പദ്ധതിയുടെ പുതിയ എസ്‌റ്റിമേറ്റ് 3810 കോടി രൂപ. പദ്ധതിയുടെ ചെലവിന്റെ 50 ശതമാനം എൽഡിഎഫ് സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ശ്രമഫലമായി പാത മരവിപ്പിച്ച നടപടി കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാൻ ഉത്തരവുമിറക്കി.
കുരുങ്ങിക്കിടക്കാം
അങ്കമാലി–-കുണ്ടന്നൂർ ബൈപാസ്, മൂത്തകുന്നം–-ഇടപ്പള്ളി എൻഎച്ച് 66, അങ്കമാലി–-എയർപോർട്ട് ബൈപാസ്, ആലുവ–-മൂന്നാർ റോഡ് നാലുവരിയാക്കൽ തുടങ്ങിയ റോഡ്‌വികസന പദ്ധതികളെയും ബജറ്റ് അവഗണിച്ചു.
ആരോഗ്യം അപകടത്തിൽ
മധ്യകേരളത്തിലെ അർബുദബാധിതർക്ക് അത്താണിയായി എൽഡിഎഫ് സർക്കാർ നിർമിച്ച കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിനെയും അവഗണിച്ചു. കഴിഞ്ഞ ബജറ്റിൽ സെന്ററിന് വകയിരുത്തിയത് 30 കോടി രൂപയാണ്. നിർധനരോഗികളുടെ രക്ഷാകേന്ദ്രമായ ജനറൽ ആശുപത്രിയെയും അവഗണിച്ചു.
കെഎംടിയെ മറന്നു
പൊതുഗതാഗത സൗകര്യങ്ങളുടെ വികസനത്തിന് 136 കോടിയും കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പ്പോർട്ട് അതോറിറ്റിക്ക് (കെഎംടിഎ) 3.05 കോടിയും കഴിഞ്ഞ ബജറ്റ് വകയിരുത്തി. ഇത്തവണ കെഎംടിഎയെ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനംമാത്രമാണുള്ളത്.
ഐടി സ്വപ്നങ്ങൾക്ക് കരിനിഴൽ
ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിൽ ഉൾപ്പെടുന്ന സൈബർവാലി പദ്ധതിക്കായി 30 കോടി കഴിഞ്ഞ ബജറ്റിൽ അനുവദിച്ചിരുന്നു. എഐ ടൗൺഷിപ്പായാണ് മൂന്നാംഘട്ടം വിഭാവനം ചെയ്‌തത്. ഇൻഫോപാർക്കിന് 21.60 കോടിയും നീക്കിവച്ചിരുന്നു. എന്നാൽ, കേരളത്തെ ഐടി ലോകത്തിന്റെ നെറുകയിലെത്തിച്ച ഇൻഫോപാർക്ക് മൂന്ന്, നാല് ഘട്ടങ്ങളെക്കുറിച്ച് യുഡിഎഫ് ബജറ്റിൽ മിണ്ടിയിട്ടില്ല.
ചെല്ലാനത്തെ ചതിച്ചു
ചെല്ലാനത്തെ ആദ്യഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം എൽഡിഎഫ് സർക്കാർ 2023ലാണ് പൂർത്തിയാക്കിയത്; ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്ററിൽ 340 കോടി രൂപ ചെലവിൽ. രണ്ടാംഘട്ടമായി ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി പ്രദേശത്തെ പുത്തൻതോടുമുതൽ മാനാശേരി ഫിഷിങ് ഗ്യാപ്പുവരെയുള്ള 6.1 കിലോമീറ്ററിലാണ് കടൽഭിത്തി നിർമിക്കുന്നത്. ചെലവ് 404 കോടി രൂപ. ആകെ 14 കിലോമീറ്ററോളം കടൽഭിത്തി. രണ്ടാംഘട്ടത്തെ യുഡിഎഫ് ബജറ്റ് അവഗണിച്ചു.
വരുമോ? ജുഡീഷ്യൽ സിറ്റി
budget
എച്ച്എംടി ഭൂമിയിൽ വരുന്ന ജുഡീഷ്യൽ സിറ്റിയെയും യുഡിഎഫ് മറന്നു. 27 ഏക്കറിൽ നിർമിക്കുന്ന ജുഡീഷ്യൽ സിറ്റിയിൽ ഹൈക്കോടതി, അനുബന്ധ ഓഫീസുകൾ, ജഡ്ജിമാരുടെ വാസസ്ഥലം, അഡ്വക്കറ്റ് ജനറൽ ഓഫീസ്, ബാർ കൗൺസിൽ ഓഫീസ്, അഭിഭാഷകരുടെ ഓഫീസ്, താമസസൗകര്യം, വാഹന പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളാണ് വിഭാവനം ചെയ്‌തിരുന്നത്.
വികസനത്തിനും ജനക്ഷേമത്തിനും തിരിച്ചടി: സിപിഐ എം
കൊച്ചി
ജില്ലയുടെ വികസനത്തെയും ജനക്ഷേമത്തെയും തടഞ്ഞ ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്. കൊച്ചി കാത്തിരുന്ന സ്വപ്നപദ്ധതികളെ ബജറ്റ് പൂർണമായി അവഗണിച്ചു.
കൊച്ചി മെട്രോ രണ്ട്, മൂന്ന് ഘട്ടങ്ങളെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല. ജലമെട്രോയെയും അവഗണിച്ചു. അങ്കമാലി–-കുണ്ടന്നൂർ ബൈപാസ്, മൂത്തകുന്നം–-ഇടപ്പള്ളി എൻഎച്ച് 66, അങ്കമാലി-–എയർപോർട്ട് ബൈപാസ്, ആലുവ–-മൂന്നാർ നാലുവരിപ്പാത റോഡ് വികസനപദ്ധതികളും അവഗണിക്കപ്പെട്ടു.
എൽഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതിയായ ശബരി പാതയ്ക്ക് ബജറ്റിൽ പച്ചക്കൊടിയില്ല. ഇത്രയും മുന്നോട്ടുപോയ പദ്ധതിയെ തഴഞ്ഞത് ജനവഞ്ചനയാണ്. കൊച്ചി നഗരത്തിലെ ആറ് പ്രധാന കനാലുകളായ പേരണ്ടൂർ, ചിലവന്നൂർ, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാർക്കറ്റ് എന്നിവ നവീകരിക്കാൻ കിഫ്ബി വഴി 3,716 കോടിയുടെ സമഗ്ര പദ്ധതി എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജലഗതാഗതം പുനഃസ്ഥാപിക്കുകയും വെള്ളക്കെട്ട് പരിഹരിക്കുകയും ചെയ്യുന്ന പദ്ധതിയിൽനിന്ന് ബജറ്റ് മുഖംതിരിച്ചു.
ജനറൽ ആശുപത്രിക്കും എൽഡിഎഫ് നിർമിച്ച കൊച്ചിൻ കാൻസർ സെന്ററിനും തുക വകയിരുത്തിയില്ല. ഇൻഫോപാർക്ക് മൂന്നാംഘട്ട സൈബർ വാലി, എഐ ടൗൺഷിപ്പ്, നാലാംഘട്ടം എന്നിവയെക്കുറിച്ച് സൂചനപോലുമില്ല.
ചെല്ലാനം നിവാസികളെ യുഡിഎഫ് സർക്കാർ പൂർണമായി അവഗണിച്ചു. 404 കോടിയുടെ രണ്ടാംഘട്ടം 6.1 കി.മീ കടൽഭിത്തി നിർമാണം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കളമശേരിയിലെ ജുഡീഷ്യൽ സിറ്റിയെയും വി ഡി സതീശൻ മറന്നു.
കേരളത്തിൽ ജനക്ഷേമവും വികസനവും നടപ്പിലാക്കിയ കിഫ്‌ബിയെ ഇല്ലാതാക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. സർക്കാരിന്റെ ആദ്യ ബജറ്റിൽത്തന്നെ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളോട് കടുത്ത അവഗണനയാണ് കാണിച്ചിട്ടുള്ളത്. കേരളത്തെ സ്വകാര്യ കുത്തകകൾക്ക് വിളനിലമാക്കുകയാണ് യുഡിഎഫ്.
എൽഡിഎഫ് തുടങ്ങിവച്ചതും മുന്നോട്ടുകൊണ്ടുപോയതുമായ എല്ലാ പദ്ധതികളെയും അവഗണിച്ച് കേരളത്തെ പുറകോട്ടടിപ്പിക്കുന്ന ബജറ്റാണിത്. ഇതിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എസ് സതീഷ് പറഞ്ഞു.










0 comments