ഉയരുന്നു പനിച്ചൂട്: 16,000 കടന്നു

എറണാകുളം ജനറല്‍ ആശുപത്രി ഒപിയില്‍ വെള്ളിയാഴ്ചത്തെ തിരക്ക്
കൊച്ചി
ജില്ലയില്‍ പനിയും ഇന്‍ഫ്ലുവന്‍സ രോഗങ്ങളും വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. പനിബാധിതരുടെ എണ്ണം 16,760 ആയി. പകര്‍ച്ചവ്യാധികളും അനുബന്ധ അസുഖങ്ങളും ബാധിച്ച് 16 പേര്‍ ഈ മാസം മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്.
മസ്തിഷ്കജ്വരം ബാധിച്ച് ഏഴിക്കര സ്വദേശിയായ 66കാരനും പനി ബാധിച്ച് പാണംകുഴി കുരിശിങ്കൽ നീരോലിക്കല്‍ വീട്ടില്‍ ബിബിനുമാണ് (46) കഴിഞ്ഞദിവസം മരിച്ചത്. വ്യാഴാഴ്‌ച ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും വെള്ളിയാഴ്ച പുതിയ രോഗികളില്ലെന്നാണ് സൂചന, എന്നാല്‍ ഇന്‍ഫ്ലുവന്‍സ (എച്ച്1 എന്‍1 ഉള്‍പ്പെടെ) രോഗങ്ങള്‍ ബാധിച്ച് 45 പേരും ഹെപ്പറ്റൈറ്റിസ് ബാധിതരായി ഒന്പതുപേരും ചികിത്സയ്ക്കെത്തി. 62 പേര്‍ ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയതില്‍ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആലുവ, ചൂര്‍ണിക്കര, കളമശേരി, ചേരാനെല്ലൂര്‍, മുനമ്പം, മൂത്തകുന്നം, വെണ്ണല പ്രദേശത്തുള്ളവര്‍ക്കാണ് രോഗം.
ഊർജിത ഉറവിട നശീകരണം തുടങ്ങി
മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഊർജിത ഉറവിട നശീകരണ ക്യാമ്പയിന്‍ ആരംഭിച്ചു. എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽ കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ഉറവിട നശീകരണത്തിൽ കലക്ടര്‍ പങ്കാളിയായി. ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഉറവിട നശീകരണം നടത്തണമെന്ന് കലക്ടർ അഭ്യർഥിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിൽ കുട്ടികൾക്ക് വഹിക്കാനുള്ള പങ്കിനെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ ഷാഹിർഷാ കുട്ടികളുമായി സംസാരിച്ചു.
നാട് ശുചീകരിക്കാതെ കോര്‍പറേഷന്‍
ഉറവിട നശീകരണത്തിന് കലക്ടര്‍ ആഹ്വാനം ചെയ്തിട്ടും നഗരത്തിലെ മാലിന്യം നീക്കാതെ കൊച്ചി കോര്‍പറേഷന്‍. നഗരത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെത്തുന്ന കെഎസ്ആര്‍ടിസി, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ പലയിടത്തും മാലിന്യക്കൂനകളാണ്. കെഎസ്ആര്‍ടിസിയ്‌ക്കടുത്ത് മേല്‍പ്പാലത്തിന് താഴെയും കമ്മട്ടിപ്പാടം പ്രദേശത്തുകൂടി ഒഴുകുന്ന തോട്ടിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്.










0 comments