വളരില്ല വ്യവസായം

പെട്രോകെമിക്കൽ പാർക്കിന്റെ കവാടം

സ്വന്തം ലേഖകൻ
Published on Jun 20, 2026, 02:18 AM | 1 min read
കൊച്ചി
ആഗോള വ്യവസായ ഭൂപടത്തില്‍ ഇടംപിടിക്കാന്‍ കൂടുതല്‍ പിന്തുണ കാത്തിരുന്ന കൊച്ചിയെ സംസ്ഥാന ബജറ്റ് തീര്‍ത്തും നിരാശപ്പെടുത്തി.
കൊച്ചിയെ പെട്രോള്‍ കെമിക്കല്‍ വ്യവസായങ്ങളുടെ ഹബ്ബാക്കാന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന്, 90 ശതമാനത്തിലധികം പ്രവൃത്തിതീർന്ന പെട്രോ കെമിക്കല്‍ പാര്‍ക്ക് പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ച് ബജറ്റില്‍ സൂചനപോലുമില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ 17 കോടി രൂപയായിരുന്നു പദ്ധതിയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി നീക്കിവച്ചിരുന്നത്.
അമ്പലമുകളിൽ 481.79 ഏക്കറില്‍ സജ്ജമാകുന്ന പദ്ധതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 24 കമ്പനികള്‍ക്ക് ഭൂമി അനുവദിച്ചു. ഇതില്‍ ഏഴ് യൂണിറ്റുകള്‍ പദ്ധതി ഉദ്ഘാടനത്തിന് മുമ്പുതന്നെ പ്രവര്‍ത്തനവും തുടങ്ങി. കൊച്ചി റിഫൈനറിയിൽനിന്നുള്ള ഉപോൽപ്പന്നങ്ങൾ ഉപയോഗപ്പെടുത്തി സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് അവസരമൊരുക്കുന്നതാണ് പദ്ധതി. ഇതിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് യുഡിഎഫിന്റെ ആദ്യ ബജറ്റ് പദ്ധതിയെ അവഗണിച്ചത്. ബജറ്റ് പ്രസംഗത്തില്‍ പേരുപോലും പരാമര്‍ശിക്കാതെ അവഗണിച്ച മറ്റൊരു അഭിമാന പദ്ധതിയാണ് കളമശേരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന രാജ്യത്തെ ആദ്യ ഗ്രഫീന്‍ ഇന്നൊവേഷന്‍ കേന്ദ്രം. 6.50 കോടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ ഇതിനായി വകയിരുത്തിയിരുന്നത്. ശാസ്ത്രലോകം അത്ഭുതവസ്തുവെന്ന് വിളിക്കുന്ന ഗ്രഫീനിനെ വ്യവസായ പുരോഗതിക്ക് ഉപയോഗപ്പെടുത്താനുള്ള ഗവേഷണങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തിന്റെയാകെ വികസനത്തിന് വന്‍ കുതിപ്പേകുമെന്ന് കരുതുന്ന കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴി, അയ്യമ്പുഴയില്‍ വിഭാവനം ചെയ്ത ഗ്ലോബല്‍ സിറ്റി തുടങ്ങിയ വന്‍കിട പദ്ധതികള്‍ക്കും ബജറ്റില്‍ ഇടം നല്‍കിയില്ല.










0 comments