അരങ്ങ് നിറഞ്ഞ് അശോകവനികാങ്കം

അശോകവനികാങ്കത്തിൽ രാവണനായി നേപത്ഥ്യ ശ്രീഹരി ചാക്യാർ
നെടുമ്പാശേരി
നേപത്ഥ്യ കൂടിയാട്ടഗുരുകുലം ആചാര്യനായിരുന്ന മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാരുടെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ഗുരുസ്മരണ കൂട്ടിയാട്ട മഹോത്സവത്തിന്റെ രണ്ടാംദിവസം നേപത്ഥ്യ ശ്രീഹരി ചാക്യാർ അവതരിപ്പിച്ച അശോകവനികാങ്കം കൂടിയാട്ടം ആസ്വാദകർക്ക് അപൂർവാനുഭവമായി.
മായാരാമന്റെ വേഷത്തിൽ എത്തിയ രാവണൻ സീതയെ അപഹരിച്ച് മായാലക്ഷ്മണവേഷധാരിയായ സൂതനോട് അയോധ്യയിലേക്ക് പോകാൻപറയുന്ന ഭാഗമാണ് രണ്ടരമണിക്കൂർകൊണ്ട് ശ്രീഹരി അരങ്ങിലാടിയത്. ശത്രുരാജാക്കൻമാരുടെ പടപ്പുറപ്പാടും രാവണൻ ഐരാവതത്തിനോട് യുദ്ധം ചെയ്യുന്ന ഭാഗവും ചടുലമായ അഭിനയത്തിലൂടെ മനോഹരമാക്കി. കലാമണ്ഡലം മണികണ്ഠനും നേപത്ഥ്യ ജിനേഷും മിഴാവിലും കലാനിലയം രാജൻ ഇടയ്ക്കയിലും പിന്തുണയേകി. ചുട്ടി– കലാമണ്ഡലം സതീശൻ. സമാപനദിവസമായ ചൊവ്വാഴ്ച നേപത്ഥ്യ യദുകൃഷ്ണനും നേപത്ഥ്യ രാഹുൽ ചാക്യാരും ചേർന്നുള്ള കല്യാണസൗഗന്ധികം അരങ്ങേറും.










0 comments