ad
Deshabhimani

ജലമെട്രോ വിമാനത്താവളത്തിലേക്ക്‌ ; ഹൈഡ്രോളജി പഠനം ഇ‍ൗയാഴ്‌ച

kochi water metro
വെബ് ഡെസ്ക്

Published on Jan 19, 2026, 03:01 AM | 1 min read


കൊച്ചി

ആലുവയിൽനിന്ന്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ പെരിയാറിലൂടെ ജലമെട്രോ സർവീസ്‌ ആരംഭിക്കുന്നതിന്‌ മുന്നോടിയായുള്ള ഹൈഡ്രോളജി പഠനം ഇ‍ൗയാഴ്‌ച. കനാലിന്റെ വികസനം, ഇതുമൂലം ജലപ്രവാഹത്തിലോ, പദ്ധതിപ്രദേശത്തോ എന്തെങ്കിലും മാറ്റങ്ങളുടെ സാധ്യത എന്നിവ മനസ്സിലാക്കുന്നതിന്റെ ഭാഗമായാണ്‌ പഠനം. മൂന്നാഴ്‌ചകൊണ്ട്‌ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ കെഎംആർഎൽ വ്യക്തമാക്കി. ഇതിന്റെകൂടി അടിസ്ഥാനത്തിൽ സാധ്യതാപഠന റിപ്പോർട്ട്‌ തയ്യാറാക്കും. തുടർന്ന്‌ വിശദ പദ്ധതി (ഡിപിആർ) തയ്യാറാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. നിർദിഷ്ട നെടുന്പാശേരി റെയിൽവേ സ്‌റ്റേഷന്റെ സാധ്യതകളുംകൂടി പ്രയോജനപ്പെടുത്താനുള്ള പരിശോധനകളും നടത്തുന്നുണ്ട്‌.


വേഗംകൂടിയ ബോട്ടുകളാകും വിമാനത്താവളത്തിലേക്കുള്ള സർവീസിന്‌ ഉപയോഗിക്കുക. പത്ത്‌ മിനിട്ട്‌ വ്യത്യാസത്തിൽ സർവീസ്‌ നടത്താനാണ്‌ ശ്രമം. ആലുവയിൽനിന്ന്‌ വിമാനത്താവളംവരെ പെരിയാറിലൂടെ എട്ടു കിലോമീറ്ററിലാണ്‌ സർവീസ്‌. ആദ്യം ഇ‍ൗ റൂട്ട്‌ പരിഗണിച്ചശേഷം മറ്റിടങ്ങളിലേക്കും ആവശ്യവും സാധ്യതകളും പരിശോധിച്ചശേഷം സർവീസ്‌ തുടങ്ങാനും ആലോചനയുണ്ട്‌.


മെട്രോയ്ക്കും വിമാനത്താവളത്തിലേക്കും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും യാത്രാക്ലേശം കുറയ്‌ക്കാനും പെരിയാറിലൂടെയുള്ള സർവീസിന്‌ കഴിയും. ജല, കര മാർഗങ്ങളിലൂടെയുള്ള ഗതാഗതത്തിൽ രാജ്യത്തിനുതന്നെ മാതൃകയാകുകയാണ്‌ മെട്രോ. ഇരുസർവീസുകളും ജനങ്ങൾ ഏറ്റെടുക്കുകയും രാജ്യാന്തരതലത്തിൽത്തന്നെ ശ്രദ്ധനേടുകയും ചെയ്‌തു. സുസ്ഥിര ഗതാഗതസംവിധാനത്തിൽ ആഗോളബ്രാൻഡായി ജലമെട്രോ. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡെവലപ്‌മെന്റ് പോളിസിയുടെ പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കിയിരുന്നു. ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച കടമക്കുടിയിലേക്കും മെട്രോ സർവീസ്‌ ഉടൻ ആരംഭിക്കും.


കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്‌. രണ്ടാംഘട്ടം ഡിസംബർ അവസാനത്തോടെ പൂർത്തിയാകും. ആലുവയില്‍നിന്ന് കൊച്ചി വിമാനത്താവളംവഴി അങ്കമാലിയിലേക്കുള്ള മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദ പദ്ധതിരേഖ ജനുവരി അവസാനമോ ഫെബ്രുവരിയിലോ തയ്യാറാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home