പരീക്ഷാ ക്രമക്കേടും പൊലീസ് നരനായാട്ടും; സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ഡോ. വി ശിവദാസൻ എംപി

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷ നടത്തിപ്പിലെ വ്യാപകമായ ക്രമക്കേടുകളും, ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നേരെ ഡൽഹി പൊലീസ് നടത്തിയ കടുത്ത അതിക്രമങ്ങളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. വി ശിവദാസൻ എംപി രാജ്യസഭാ ചെയർമാന് നോട്ടീസ് നൽകി.
ചട്ടം 267 പ്രകാരം ആണ് നോട്ടീസ് നൽകിയത്. പാർലമെന്റ് സമ്മേളനത്തിൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നാണ് നോട്ടീസിലെ ആവശ്യം. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനെതിരായ ഡൽഹി പൊലീസിന്റെ നരനായാട്ട്, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി, അയോധ്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയിൽ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും.
പ്രതിഷേധക്കാരായ വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദ്ദിച്ചിട്ടും ഇന്നലെ പാർലമെന്റിന് മുന്നിൽ വരെ വിദ്യാർത്ഥി പ്രതിഷേധം അലയടിച്ചു. ജന്തർമന്തറിലെ സമരവേദികൾ അടിച്ചുതകർത്ത നടപടിയും പ്രതിപക്ഷം സഭയിൽ ശക്തമായി ചോദ്യം ചെയ്യും.
വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സഭയുടെ നടപടികൾ പലതവണ സ്തംഭിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന ഭരണകൂട വേട്ടയ്ക്കെതിരെ പ്രതിപക്ഷം ഇരുസഭകളിലും ശക്തമായ പ്രതിഷേധം തുടരും. വിദ്യാർത്ഥികൾക്ക് നേരെയുള്ള നരനായാട്ടിൽ പ്രതിഷേധിച്ച് ഇടത് എംപിമാർ മാർച്ച് നടത്തി.










0 comments