ad
Deshabhimani

കരുത്തുകൂട്ടാൻ ജലമെട്രോ; 
15 ബോട്ടുകൾകൂടി വാങ്ങുന്നു

kochi water metro
വെബ് ഡെസ്ക്

Published on Jun 03, 2026, 01:01 AM | 1 min read

കൊച്ചി

ജലമെട്രോയ്‌ക്ക്‌ പുതിയ 15 ബോട്ടുകൾകൂടി വാങ്ങാൻ ടെൻഡർ വിളിച്ചു. 100 പേർക്ക്‌ യാത്ര ചെയ്യാൻ കഴിയുന്ന ഇലക്ട്രിക്‌ ഹൈബ്രിഡ്‌ ബോട്ടുകളാണ്‌ വാങ്ങുന്നത്‌. 50 സീറ്റുകളാണുണ്ടാകുക. പുതുതായി സർവീസ്‌ ആരംഭിക്കാൻ ലക്ഷ്യമിടുന്ന ഇടങ്ങളിലേക്കും നിലവിൽ യാത്രക്കാരുടെ എണ്ണം കൂടിയ സ്ഥലങ്ങളിലേക്കുമാണ്‌ പുതിയ ബോട്ടുകൾ. ഇടക്കൊച്ചി, തോപ്പുംപടി, കുന്പളം ഉൾപ്പെടെയുള്ള റൂട്ടുകളിൽ ഇവ വിന്യസിക്കും. ഇതോടെ ഇ‍ൗ പ്രദേശങ്ങളിലേക്കുളള യാത്രകൾ എളുപ്പമാകും.


കൂടുതൽ ഇടങ്ങളിലേക്ക്‌ സർവീസ്‌ തുടങ്ങാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്‌ ജലമെട്രോ. കടമക്കുടിയിലേക്ക്‌ ഉൾപ്പെടെ സർവീസ്‌ നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിന്‌ മുന്നോടിയായി ഡ്രഡ്‌ജിങ്‌ തീർക്കാനുണ്ട്‌. ഇവിടേയ്‌ക്കും പാലിയംതുരുത്തിലേക്കുമുള്ള സർവീസ്‌ ഓണത്തിനുമുന്പ്‌ തുടങ്ങാൻ കഴിയുമെന്നാണ്‌ കണക്കുകൂട്ടൽ. എറണാകുളം ടെർമിനലിന്റെ നിർമാണവും തുടങ്ങി. ഇടക്കൊച്ചി, തോപ്പുംപടി, വരാപ്പുഴ ടെർമിനലുകളുടെ നിർമാണവും ഉടൻ തുടങ്ങും.


പെരിയാർവഴി ആലുവയിൽനിന്ന്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ സർവീസ്‌ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായുള്ള സാധ്യതാപഠനം പുരോഗമിക്കുകയാണ്‌. നിലവിലുള്ളവയിൽനിന്ന്‌ വ്യത്യസ്‌തമായി കൂടുതൽ വേഗമുള്ള ബോട്ടുകളാകും വിമാനത്താവളത്തിലേക്ക്‌ സർവീസ്‌ നടത്തുക. ഒരുവർഷത്തിനുള്ളിൽ പുതിയ ബോട്ടുകൾ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. ഇതിന്‌ പുറമേ കൊച്ചി കപ്പൽശാലയിൽനിന്ന്‌ ഒരുബോട്ടുകൂടി വരും ദിവസങ്ങളിൽ ലഭിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home