ad
Deshabhimani

കൊച്ചി ഒ‍ൗട്ടർ റിങ് റോഡ്‌

പ്രവേശനം അഞ്ചിടത്ത്‌ മാത്രം

Kochi Outer Ring Road
avatar
സ്വന്തം ലേഖകൻ

Published on Aug 11, 2026, 02:29 AM | 1 min read

xകൊച്ചി


അങ്കമാലിമുതൽ അരൂർവരെ 49.5 കിലോമീറ്റർ നിർദിഷ്‌ട കൊച്ചി ഒ‍ൗട്ടർ റിങ് റോഡ്‌ നിർമിക്കുന്നത്‌, പ്രവേശന നിയന്ത്രണമുള്ള (ആക്‌സസ്- കൺട്രോൾഡ് ഹൈവേ) ദേശീയപാതയായി. എട്ടുവരിപ്പാതയുടെ കവാടമായി അഞ്ചിടങ്ങളിൽ മാത്രമാകും റാന്പുകളോ ഫ്ലൈഓവറോ ഉണ്ടാകുക. സംസ്ഥാനത്തെ ആദ്യത്തെ ആക്‌സസ്-കൺട്രോൾഡ് ഹൈവേയായാണ്‌ ദേശീയപാത അതോറിറ്റി കൊച്ചി ഒ‍ൗട്ടർ റിങ് റോഡ്‌ രൂപകൽപ്പന ചെയ്യുന്നത്‌.


വടക്കൻ ജില്ലകളിൽനിന്നുള്ള പ്രവേശന കവാടമായി അങ്കമാലിയിൽ കരയാംപറമ്പ്, കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നുള്ള കവാടമായി നെടുന്പാശേരിയിൽ മറ്റൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളെ ബന്ധിപ്പിക്കാൻ പട്ടിമറ്റം, കൊച്ചി-–ധനുഷ്‌കോടി ദേശീയപാതയുമായി ബന്ധിപ്പിച്ച്‌ പുത്തൻകുരിശ്‌, ആലപ്പുഴ, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് തുറക്കുന്ന അരൂർ എന്നിവയാകും അഞ്ച്‌ കവാടങ്ങൾ.


അങ്കമാലിയിൽനിന്ന് തുടങ്ങി എംസി റോഡിന് സമാന്തരമായി തെക്കോട്ട് നീങ്ങി പെരിയാർ നദി മുറിച്ചുകടന്ന്‌ മാറമ്പിള്ളി വഴി പട്ടിമറ്റത്ത് എത്തും. പുത്തൻകുരിശിൽ കൊച്ചി-–ധനുഷ്‌കോടി ദേശീയപാത മുറിച്ചുകടന്ന്‌ തൃപ്പൂണിത്തുറയ്ക്ക് കിഴക്ക്‌ നെട്ടൂർ വഴി അരൂരിലെത്തുന്ന നിലയിലാണ്‌ വിഭാവനം ചെയ്യുന്നത്‌. അരൂരിൽനിന്ന്‌ തുറവൂർ ആകാശപ്പാതയുമായി (എലിവേറ്റഡ്‌ ഹൈവേ) ബന്ധിപ്പിക്കും.​


നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരമായി നഗരത്തെ ചുറ്റി ഗ്രാമീണ മേഖലയിലൂടെ നിർമിക്കുന്ന ഗ്രീൻഫീൽഡ്‌ പാത അതിവേഗ വാഹനഗതാഗതമാണ്‌ ലക്ഷ്യമിടുന്നത്‌. സിഗ്‌നലുകളോ ജങ്ഷനുകളോ ഇല്ലാത്തതിനാൽ 100 മുതൽ 120 കിലോമീറ്റർവരെ വേഗത്തിൽ വാഹനങ്ങൾക്ക്‌ സഞ്ചരിക്കാനാകും. പാതയ്‌ക്ക്‌ ഇരുവശവും പ്രത്യേക സർവീസ് റോഡുകളുണ്ടാകും.

എറണാകുളം, ആലപ്പുഴ ജില്ലകളിലെ 20 വില്ലേജുകളിലായി 363.73 ഹെക്ടർ ഭൂമിയാണ് പാതനിർമാണത്തിന്‌ ഏറ്റെടുക്കുന്നത്. ഭൂമിയേറ്റെടുക്കലിനുള്ള 3 (എ) വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചുകഴിഞ്ഞു. അതിൽ ഭൂമിയേറ്റെടുക്കേണ്ടിവരുന്ന വില്ലേജുകളുടെ പേരുകൾ മാത്രമാണുള്ളത്‌. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേ നന്പർ ഉൾപ്പെടെയുള്ള വിജ്ഞാപനം ഇ‍ൗ മാസം ഇറങ്ങും. ഒരു വർഷത്തിനുള്ളിൽ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കി അന്തിമ 3 (ഡി) വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ദേശീയപാതാ അതോറിറ്റി ലക്ഷ്യമിടുന്നത്. തുടർന്ന്‌ നിർമാണത്തിനുള്ള ടെൻഡർ നടപടികളിലേക്ക്‌ കടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home