17.52 കോടി യാത്രക്കാർ; 2025ൽ 3.65 കോടി
മെട്രോയ്‌ക്ക് ആഘോഷ പൊൻപുലരി ; റെക്കോഡ് നേട്ടം

മെട്രോ ട്രെയിൻ സ്‌റ്റേഷനിലെ യാത്രക്കാരുടെ തിരക്ക്
കൊച്ചി
കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയ്‌ക്ക് ആഘോഷ പൊൻപുലരി. മെട്രോ ട്രെയിൻ, ഇലക്‌ട്രിക് ഫീഡർ ബസ്, വാട്ടർ മെട്രോ എന്നിവയിൽ പുതുവർഷത്തലേന്നും പുലർച്ചെയും സഞ്ചരിച്ചത് 1,61,683 പേർ. വ്യാഴം പുലർച്ചെ രണ്ടുവരെ സർവീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനിൽ 1,39,766, പുലർച്ചെ നാലുവരെ സർവീസ് നടത്തിയ ഫീഡർ ബസിൽ 6817, വാട്ടർ മെട്രോയിൽ 15,000 എന്നിങ്ങനെ യാത്രക്കാരെത്തി. റെക്കോഡ് നേട്ടമാണിത്.
ഡിസംബർ 31ന് 44,67,688 രൂപ നേടി ദിവസ വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിൻ സർവീസ് റെക്കോഡിട്ടു.
നിലവിലുള്ളതിനുപുറമെ മട്ടാഞ്ചേരി–ഹൈക്കോർട്ട്, വൈപ്പിൻ–ഹൈക്കോർട്ട് റൂട്ടിലും വാട്ടർ മെട്രോ അധിക സർവീസ് നടത്തി. പുതുവർഷാഘോഷത്തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാൻ ജില്ലാ ഭരണസംവിധാനത്തിനും പൊലീസിനും മെട്രോ സഹായകവുമായി. പുതുവർഷരാവിൽ ഇതാദ്യമായിട്ടായിരുന്നു ഇലക്‌ട്രിക് ഫീഡർ ബസ് സർവീസ്. ഫോർട്ട് കൊച്ചിയിൽനിന്ന് ജങ്കാർവഴി വൈപ്പിനിലെത്തിയ യാത്രക്കാരെ വിവിധയിടങ്ങളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കും എത്തിക്കാൻ ഫീഡർ ബസുകളുമുണ്ടായിരുന്നു. കൂട്ടായ പരിശ്രമത്തിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
17.52 കോടി യാത്രക്കാർ; 2025ൽ 3.65 കോടി
2017ൽ സർവീസ് തുടങ്ങിയ മെട്രോ ട്രെയിനിൽ ഇതുവരെ 17.52 കോടിപ്പേർ യാത്രചെയ്തു. 2025ൽ യാത്രക്കാരുടെ എണ്ണം 3,65,86,194 ആയി വർധിച്ചു. 2025 ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വർഷമായി. 2024ലെ യാത്രക്കാരുടെ എണ്ണത്തെയാണ് ഭേദിച്ചത്. 2024ൽ 3,50,90,068 പേരാണ് മെട്രോയിൽ യാത്ര ചെയ്‌തത്. 2025 ഡിസംബറിൽ മാത്രം 32,68,063 പേർ യാത്ര ചെയ്‌തു.











0 comments