ജനപ്രിയമാക്കാൻ പദ്ധതികൾ
14 ലക്ഷം യാത്രക്കാർ ; മെട്രോ ഫീഡർ ബസിന് ഒരുവയസ്സ്

മെട്രോ കണക്ട് ഇലക്‌ട്രിക് ഫീഡർ ബസ് സർവീസ് വാർഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്ന യാത്രക്കാർ
കൊച്ചി
14 ലക്ഷം യാത്രികരുമായി ഒന്നാം വയസ്സ് പിന്നിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഇലക്‌ട്രിക് ഫീഡർ ബസ് സർവീസ്. കൊച്ചി മെട്രോയുടെയും ജലമെട്രോയുടെയും ലാസ്റ്റ് മൈൽ കണക്ടിവിറ്റി ശക്തിപ്പെടുത്താൻ ഫ്രഞ്ച് സ്ഥാപനമായ എഎഫ്ഡിയുടെ സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാന സർക്കാർ ഫീഡർ ബസുകൾ നിരത്തിലിറക്കിയത്.
സുരക്ഷിതവും സുഖകരവുമായ യാത്രയും സമയനിഷ്‌ഠപാലിച്ചുള്ള സർവീസുമാണ് ഫീഡർബസുകളെ അതിവേഗം ജനപ്രിയമാക്കിയത്. ആറ് പ്രധാന റൂട്ടുകളിലായി 15 ബസുകളാണുള്ളത്. ഏഴ് ചാർജിങ് യൂണിറ്റുകളും ഒരു ഡിപ്പോയും പ്രവർത്തിക്കുന്നു. ദിവസേന ശരാശരി 2,300 കിലോമീറ്റർ സർവീസ് നടത്തുന്നുണ്ട്. 14 ലക്ഷംപേർ യാത്രചെയ്തതിൽ ആലുവ–കൊച്ചി വിമാനത്താവളം, മെഡിക്കൽ കോളേജ്, കടവന്ത്ര–പനമ്പിള്ളിനഗർ, ഹൈക്കോർട്ട് സർക്കുലർ റൂട്ടുകളിലാണ് കൂടുതൽ യാത്രികരുള്ളത്. ആദ്യവർഷത്തിലെ പ്രധാന നേട്ടങ്ങളിൽ ഒന്ന് ഡാറ്റ അനലിറ്റിക്സ് അടിസ്ഥാനമാക്കിയുള്ള പ്രവർത്തന ക്രമീകരണമാണ്. ഇതുവഴി യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും 15 ശതമാനം വളർച്ച നേടാനായി.
യാത്രക്കാരുടെ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി സർവീസ് സമയം, റൂട്ടുകളുടെ വിപുലീകരണം, സേവനം ലഭിക്കാത്ത പ്രദേശങ്ങളിലേക്കുള്ള സർവീസ് എന്നിവയും നടപ്പാക്കിവരുന്നു. ഇൗ വർഷം, യാത്രക്കാർക്ക് ബസുകളുടെ തത്സമയ വിവരം ലഭിക്കുന്നതും കാത്തിരിപ്പുസമയം കുറയ്‌ക്കാനാകുന്നതുമായ ലൈവ് ജിടിഎഫ്‌എസ് (ജനറൽ ട്രാൻസിറ്റ് ഫീഡ് സ്പെസിഫിക്കേഷൻ) അടിസ്ഥാനമാക്കിയുള്ള തത്സമയ ട്രാക്കിങ് സംവിധാനം നടപ്പാക്കാനും ഉദ്ദേശിക്കുന്നു. ഇതിലൂടെ ലൈവ് ന്യൂസോടുകൂടിയ ഇൻ- വെഹിക്കിൾ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും ഉടൻ അവതരിപ്പിക്കും.










0 comments