ad
Deshabhimani

മെട്രോ രണ്ടാംഘട്ടം

172 ഗർഡറുകൾ സ്ഥാപിച്ചു; 
രണ്ടരക്കിലോമീറ്ററായി

Kochi metro

കാക്കനാട് ഇൻഫോപാർക്കിനുസമീപം എക്സ്പ്രസ് വേയിൽ കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമാണം പുരോഗമിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Apr 22, 2026, 01:04 AM | 1 min read

കൊച്ചി

ജില്ലയുടെ മറ്റൊരു സ്വപ്‌നപാത ഒരുങ്ങുന്ന കാഴ്‌ചകളാണ്‌ കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയംമുതൽ ഇൻഫോപാർക്കിലേക്കുള്ള റൂട്ടിൽ. അതിവേഗം യാഥാർഥ്യമാകുകയാണ്‌ മെട്രോ രണ്ടാംഘട്ടം. രണ്ടരക്കിലോമീറ്ററിലായി ഇതിനകം 172 ഗർഡറുകൾ സ്ഥാപിച്ചു. പാലാരിവട്ടം, ചെന്പുമുക്ക്‌, വാഴക്കാല, ചിറ്റേത്തുകര, ഇൻഫോപാർക്ക്‌ എക്‌സ്‌പ്രസ്‌ വേ എന്നീ ഭാഗങ്ങളിലായാണിത്‌.


പാത നിർമാണം തീരുന്നതിന്‌ അനുസരിച്ച്‌ ട്രാക്കും സജ്ജമാക്കും. രണ്ടാംഘട്ടത്തിൽ 11.2 കിലോമീറ്റർ പാതയിലാണ്‌ ട്രാക്ക്‌. ഇതിനുള്ള ടെൻഡർ ക്ഷണിക്കുകയും കുറഞ്ഞ തുക ക്വാട്ട്‌ ചെയ്‌ത കന്പനിയെ തെരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു. ഒരുകിലോമീറ്ററിൽ തുടർച്ചയായി പാത പൂർത്തിയാക്കിയ ഇടങ്ങളിൽ ട്രാക്ക്‌ ഘടിപ്പിക്കാനാണ്‌ തീരുമാനം. ഇതേരീതിയിൽ മുന്നോട്ടുപോകാൻ കഴിഞ്ഞാൽ ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ.


ഇൻഫോപാർക്ക്‌ വരെയുള്ള പാതയിലേക്കാവശ്യമായ പകുതിലധികം തൂണുകളും നിർമിച്ചുകഴിഞ്ഞു. 470 തൂണുകളാണ്‌ വേണ്ടത്‌. 280 എണ്ണം പൂർത്തിയായി. വിവിധ തൂണുകളിലായി 144 പിയർ ക്യാപുകളും ഇതിന്‌ മുകളിലായി 172 യു ഗർഡറുകളും സ്ഥാപിച്ചു. ആകെ 472 യു ഗർഡറുകളാണ്‌ പദ്ധതിക്കാവശ്യം. ഇതിനുപുറമേ 574 ഐ ഗർഡറുകളും വേണം. 114 ഐ ഗർഡറുകൾ നിർമിച്ചിട്ടുണ്ട്‌. ശേഷിക്കുന്നവയുടെ നിർമാണം കാസ്‌റ്റിങ്‌ യാർഡിൽ നടക്കുന്നു.


പൈൽ, പൈൽക്യാപ്‌, തൂണുകൾ, പിയർക്യാപ്‌ എന്നിവയുടെ നിർമാണവും സ്ഥാപിക്കലും അതിവേഗത്തിലാണ്‌. സ്‌റ്റേഷനുകളുടെ നിർമാണവും ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 2028 പൈലുകളിൽ 1733 എണ്ണവും 470 പൈൽ ക്യാപ്‌ വേണ്ടിടത്ത്‌ 355 എണ്ണവും നിർമിച്ചിച്ചുകഴിഞ്ഞിട്ടുണ്ട്‌. കളമശേരിയിലെ 8.85 ഹെക്ടര്‍ സ്ഥലത്തെ കാസ്റ്റിങ്‌ യാര്‍ഡിലാണ്‌ പിയര്‍ ക്യാപ് മുതലുള്ള സൂപ്പര്‍ സ്ട്രക്ചര്‍ ഘടകഭാഗങ്ങൾ നിർമിക്കുന്നത്‌.​


മൂന്നാംഘട്ടത്തിന്‌ 
ഡിപിആർ 
ഇ‍ൗ മാസം

മെട്രോ രണ്ടാംഘട്ടം ഇൻഫോപാർക്കും കടന്ന്‌ സ്‌മാർട്ട്‌സിറ്റിയിലേക്ക്‌ നീട്ടുന്നതിന്‌ തത്വത്തിൽ അംഗീകാരമായിട്ടുണ്ട്‌. ഇതിനായുള്ള തുടർനടപടികൾ പുരോഗമിക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ബന്ധിപ്പിച്ചുള്ള മൂന്നാംഘട്ടത്തിന്റെ വിശദ പദ്ധതിരേഖ(ഡിപിആർ) ഇ‍ൗ മാസം തയ്യാറായേക്കും. 
 സ്‌മാർട്ട്‌സിറ്റിയിലേക്കുള്ള രണ്ടാംഘട്ടത്തിലും വിമാനത്താവളം ബന്ധിപ്പിച്ച്‌ അങ്കമാലിയിലേക്കുള്ള മൂന്നാംഘട്ടത്തിലും നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്‌. തിരക്ക് നിയന്ത്രണം, ഷെഡ്യൂള്‍ തയ്യാറാക്കല്‍, ടിക്കറ്റിങ്‌ ഉൾപ്പെടെയുള്ള അഞ്ച്‌ മേഖലയിലാണ്‌ എഐ പ്രയോജനപ്പെടുത്തുക.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home