ad
Deshabhimani

മേയർസ്ഥാനം : സമുദായ നിലപാടും 
കോൺഗ്രസിന്‌ തലവേദന

kochi corporation
വെബ് ഡെസ്ക്

Published on Dec 17, 2025, 01:30 AM | 1 min read


കൊച്ചി

കൊച്ചി കോർപറേഷനിൽ മേയർസ്ഥാനത്തിനുള്ള ഗ്രൂപ്പ്‌ വടംവലിക്ക്‌ പിന്നാലെ സമുദായസമ്മർദവും കോൺഗ്രസിന്‌ തലവേദന. വി കെ മിനിമോൾ, ഷൈനി മാത്യു എന്നിവരിൽ ഒരാളെ മേയറാക്കണമെന്നാണ്‌ ലത്തീൻസഭയുടെ താൽപ്പര്യം. ഇക്കാര്യം കോൺഗ്രസ്‌ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിട്ടുമുണ്ട്‌. ഇരുവരും ലത്തീൻ സഭാംഗങ്ങളാണ്‌.

2015ൽ യുഡിഎഫ്‌ അധികാരം നേടിയപ്പോൾ സമാന ആവശ്യം മുന്നോട്ടുവച്ചിരുന്നു.


എന്നാൽ, ഡെപ്യൂട്ടി മേയർസ്ഥാനമാണ്‌ കിട്ടിയത്‌. ടോണി ചമ്മണിയാണ്‌ ഒടുവിൽ മേയറായ ലത്തീൻ സമുദായാംഗം. ജില്ലയിൽ സഭ സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ആവശ്യം ഉന്നയിക്കുന്നത്‌. ആവശ്യം കോൺഗ്രസിന്‌ അവഗണിക്കാൻ കഴിയില്ലെന്നാണ്‌ വിലയിരുത്തൽ. അവഗണിച്ചാൽ ഭവിഷ്യത്തുണ്ടാകുമെന്ന ഭയവുമുണ്ട്‌.

മേയർസ്ഥാനത്തിനായി ദീപ്‌തി മേരി വർഗീസ്‌, വി കെ മിനിമോൾ, ഷൈനി മാത്യു എന്നിവരുടെ ചരടുവലി സജീവമാണ്‌. കെ സി വേണുഗോപാലിന്റെ പിൻബലത്തിലാണ്‌ ദീപ്‌തിയുടെ കരുനീക്കം. ഇതിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഡിസിസിക്കും നീരസമുണ്ട്‌. വി കെ മിനിമോളെയാണ്‌ സതീശൻ വിഭാഗം അനുകൂലിക്കുന്നത്‌.


സംഘടനയിലെയും കോർപറേഷനിലെയും പ്രവർത്തനപരിചയവും പാരന്പര്യവും സഭയുടെ അനുകൂലനിലപാടും സഹായകരമാകുമെന്നാണ്‌ മിനിയുടെയും കണക്കുകൂട്ടൽ. സഭയുടെ പിന്തുണതന്നെയാണ്‌ ഷൈനിയുടെയും പ്രധാന അനുകൂലഘടകങ്ങളിലൊന്ന്‌. ഡൊമിനിക്‌ പ്രസന്റേഷൻ ഉൾപ്പെടെയുള്ളവരുടെ പിന്തുണയും ഷൈനിക്കാണ്‌.


ഡെപ്യൂട്ടി മേയർസ്ഥാനത്തിനായി മുസ്ലിംലീഗും രംഗത്തുണ്ട്‌. മുന്നണിയിലെ പ്രബലകക്ഷിയെന്ന നിലയിലും കോർപറേഷനിലും ജില്ലയിലെ ഇതര തദ്ദേശസ്ഥാപനങ്ങളിലും യുഡിഎഫ്‌ വിജയത്തിൽ നിർണായക പങ്കുവഹിച്ചതും കണക്കിലെടുത്ത്‌ ഡെപ്യൂട്ടി മേയർപദവി തന്നേ തീരൂവെന്നാണ്‌ ലീഗിന്റെ നിലപാട്‌. സംസ്ഥാന നേതൃത്വംവഴി സമ്മർദം ചെലുത്തി കാര്യം സാധിക്കാനാണ്‌ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home