കൊച്ചി കോർപറേഷൻ ബയോ മാലിന്യശേഖരണ നിരക്ക് വർധന ; മലക്കംമറിഞ്ഞ് മേയർ

കൊച്ചി
ബയോ മാലിന്യശേഖരണത്തിനുള്ള നിരക്ക് വർധനയിൽ മലക്കംമറിഞ്ഞ് മേയർ വി കെ മിനിമോൾ. കഴിഞ്ഞ കൗൺസിൽ 45 രൂപയാക്കാൻ തീരുമാനിച്ചതായി താൻ പറഞ്ഞിട്ടില്ലെന്നും ഏജൻസിയാണ് ഇപ്പോൾ നിരക്ക് കൂട്ടിയതെന്നും കൗൺസിലിൽ മേയർ മറുപടി നൽകി. കഴിഞ്ഞ കൗൺസിലിൽ നിരക്ക് കൂട്ടാനല്ല, സബ്‌സിഡി നൽകാനാണ് തീരുമാനിച്ചതെന്നും മേയർ സമ്മതിച്ചു.
നിലവിലുള്ളതിനേക്കാൾ വർധിപ്പിക്കരുതെന്ന് ഏജൻസിയോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയർ പറഞ്ഞു. എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് വി എ ശ്രീജിത് വിഷയം ഉന്നയിക്കുകയും കഴിഞ്ഞ കൗൺസിൽ കാലത്ത് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുകയും ചെയ്‌തതോടെയാണ് മലക്കംമറിച്ചിൽ.
സാനിട്ടറി നാപ്‌കിനും ഡയപ്പറും അടക്കമുള്ള ബായോ മാലിന്യം ശേഖരിക്കുന്നതിന് 45 രൂപയാക്കാൻ കഴിഞ്ഞ കൗൺസിൽ തീരുമാനിച്ചെന്നായിരുന്നു മേയറുടേതായി മാധ്യമങ്ങളിൽ വന്ന വാർത്ത. എന്നാൽ, മിനിമോൾകൂടി കൗൺസിലറായിരുന്ന അന്നത്തെ കൗൺസിലിൽ അത്തരമാരു തീരുമാനമുണ്ടായിട്ടില്ലെന്ന് ശ്രീജിത് പറഞ്ഞു.
നിലവിലുണ്ടായിരുന്ന 12 രൂപ 11.50 രൂപയായി കുറയ്‌ക്കാനാണ് തീരുമാനിച്ചത്, രേഖകളിൽ ഇത് വ്യക്തം. സൗജന്യനിരക്കിൽ സേവനം ലഭ്യമാക്കാൻ ബ്രഹ്മപുരത്ത് പ്ലാന്റും നിർമിച്ചു. മാലിന്യശേഖരണത്തിന് വാഹനങ്ങളും ലഭ്യമാക്കി. പ്ലാന്റ് പ്രവർത്തിപ്പിച്ച് സൗജന്യ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ബ്രഹ്മപുരത്തെ പ്ലാന്റ് പ്രവർത്തിപ്പിക്കൽ, ഡ്രയർ സ്ഥാപിക്കൽ എന്നീ വിഷയങ്ങളിൽ പത്തുദിവസത്തിനകം തീരുമാനമെടുക്കാൻ സെക്രട്ടറിയോട് നിർദേശിച്ചു.
കൊതുകുനിവാരണത്തിനുള്ള സ്‌കീം തയ്യാറാക്കി. മൂന്നുദിവസത്തിനകം സർക്കിൾതലത്തിൽ കൗൺസിലർമാരെ പങ്കെടുപ്പിച്ച് യോഗം ചേർന്ന് ഇക്കാര്യത്തിൽ നിർദേശങ്ങൾ സ്വീകരിക്കും. മാസ് ഫോഗിങ് നടത്തും.
കുടിവെള്ളക്ഷാമം, മലിനജലം വിഷയങ്ങളിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരും. ആരോഗ്യ സ്ഥിരംസമിതി വന്നശേഷം തെരുവുനായശല്യം പരിഹരിക്കാൻ പദ്ധതി തയ്യാറാക്കും. മുല്ലശേരി കനാൽ നവീകരണവുമായി ബന്ധപ്പെട്ട് അടിയന്തരയോഗം ചേരുമെന്നും മേയർ പറഞ്ഞു.










0 comments