കൊച്ചി ഫിഷറീസ് ഹാർബർ നവീകരണം മുടങ്ങിയിട്ട് മൂന്നുവർഷം

മട്ടാഞ്ചേരി
കൊച്ചി ഫിഷറീസ് ഹാർബറിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹാർബർ ഫിഷറീസ് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹാർബർ എടിഎം ഓഫിസിനുമുന്നിലാണ് ധർണ. ഹാർബർ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിന് മൂന്ന് വർഷംമുമ്പാണ് നവീകരണം തുടങ്ങിയത്. 25 ശതമാനം ജോലികൾപോലും പൂർത്തിയായില്ലെന്ന് സമിതി ചെയർമാൻ കെ എം റിയാദ് പറഞ്ഞു.
2022 മാർച്ചിൽ ടെൻഡർ ചെയ്ത് നവംബറിൽ തുടങ്ങിയ നവീകരണ ജോലി ഇടക്കാലത്ത് പൂർണമായും സ്തംഭിച്ചു. ഹാർബർ വ്യവസായ സംരക്ഷണസമിതിയുടെയും ഹാർബർ സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ നടന്ന സമരത്തിനൊടുവിലാണ് ജോലി പുനരാരംഭിച്ചത്. ഡ്രഡ്ജിങ് നടത്താനും നടപടിയായില്ല. വാർഫിന്റെ പകുതിഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ചെങ്കിലും ജോലി പൂർത്തിയായില്ല. 2021–-22 കേന്ദ്ര ബജറ്റിൽ രാജ്യത്തെ അഞ്ച് മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിലൊന്ന് കൊച്ചി ഹാർബറായിരുന്നു. 140 കോടിയുടെ പദ്ധതിയിൽ ആധുനിക മത്സ്യശേഖരണ സംവിധാനങ്ങളും കയറ്റിറക്ക് സൗകര്യങ്ങളും ശുചിമുറി, വിശ്രമകേന്ദ്രം, താപനില നിയന്ത്രിത ലേലകേന്ദ്രം, പാക്കിങ് യൂണിറ്റുകൾ ഉൾപ്പെടെ ഹാർബറിനെ ആധുനികവൽക്കരിക്കാനായിരുന്നു പദ്ധതി. കേന്ദ്ര ഫിഷറീസ് മന്ത്രിയും പിന്നീട് ഫിഷറീസ് സെക്രട്ടറിയുമടങ്ങിയ ഉന്നതതല സംഘം ഹാർബർ സന്ദർശിക്കുകയും ചെയ്‌തു.
വാർഫ് പൊളിച്ചതോടെ ട്രോളിങ് നിരോധനശേഷം ബോട്ടുകൾ അടുക്കാനും ലേലം ചെയ്യുന്നതിനും വലിയ പ്രതിസന്ധിയാണ്. ഡ്രഡ്ജിങ് നടക്കാത്തതിനാൽ ബോട്ടുകൾ ഹാർബർ വിടുന്നതിനിടയാക്കി. 2023 ജൂലൈയിൽ കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല ഈ വർഷം ആഗസ്‌തിൽ പദ്ധതി പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നു. ഒന്നാംഘട്ട നിർമാണങ്ങൾ ഈ മാസം 15നകം പൂർത്തിയാക്കുമെന്ന് കെ ജെ മാക്സി എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ അവലോകനയോഗത്തിൽ പോർട്ട് അധികാരികൾ ഉറപ്പ് നൽകിരുന്നുവെങ്കിലും പിന്നീട് തീയതി മാറ്റി.
പതിനായിരങ്ങൾക്ക് തൊഴിൽ നൽകുന്ന ഹാർബറിന്റെ പുനർനിർമാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പുതിയ സീസൺ ആരംഭിക്കുന്ന ആഗസ്‌ത് ഒന്നിനകം പൂർത്തീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പോർട്ട് ഓഫിസ് ഉപരോധമുൾപ്പെടെയുള്ള സമരങ്ങൾ സംഘടിപ്പിക്കുമെന്ന് സമിതി വ്യക്തമാക്കി. കെ ബി ഉമ്മർ, സി ബി റഷീദ്, വി എ ഹാഷിം, കെ എ അബ്ദുൽ നിസാർ, എ എസ് സിദ്ദീഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments