പെരുമാറ്റച്ചട്ടം ലംഘിച്ചു; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് പിഴശിക്ഷ വിധിച്ച് ഐസിസി

ദുബായ് : വനിതാ ഏഷ്യാ കപ്പ് ട്വന്റി20യിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പാകിസ്ഥാൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് പിഴ ശിക്ഷ. മാച്ച് ഫീസിന്റെ 10 ശതമാനമാണ് പിഴ ചുമത്തിയത്. ശനിയാഴ്ച ദുബായിൽ ഇന്ത്യയ്ക്കെതിരെ നടന്ന മത്സരത്തിനിടെ ഫാത്തിമ സന കാണിച്ച ആംഗ്യത്തിന്റെ പേരിലാണ് നടപടി. മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു
ഇന്നിങ്‌സിന്റെ രണ്ടാം ഓവറിൽ ഷഫാലി വർമയെ പുറത്താക്കിയതിന് പിന്നാലെ ഫാത്തിമ പവലിയൻ ഭാഗത്തേക്ക് കൈചൂണ്ടിയതാണ് നടപടിക്ക് കാരണമായത്. അന്താരാഷ്ട്ര മത്സരത്തിനിടെ പുറത്തായ ബാറ്ററെ അപമാനിക്കുന്നതോ പ്രകോപിപ്പിക്കുന്നതോ ആയ ഭാഷ, പ്രവൃത്തി അല്ലെങ്കിൽ ആംഗ്യം എന്നിവ വിലക്കുന്ന ഐസിസി കോഡ് ഓഫ് കണ്ടക്റ്റ് ആർട്ടിക്കിൾ 2.5 ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
പിഴയ്ക്കൊപ്പം ഫാത്തിമയുടെ അച്ചടക്ക രേഖയിൽ ഒരു ഡിമെറിറ്റ് പോയിന്റും ചേർത്തു. 2025 ആഗസ്ത് 6ന് ഡബ്ലിനിൽ അയർലൻഡിനെതിരായ ട്വന്റി20 ഐ പരമ്പരയിലെ ആദ്യ മത്സരത്തിനിടെ ഫാത്തിമയ്ക്ക് നേരത്തെ ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു.
ഫാത്തിമ കുറ്റം സമ്മതിക്കുകയും മാച്ച് റഫറി നിർദേശിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്തതിനാൽ ഔപചാരിക ഹിയറിങ് വേണ്ടിവന്നില്ല. ലെവൽ 1 കുറ്റങ്ങൾക്ക് ഔദ്യോഗിക ശാസന മുതൽ മാച്ച് ഫീസിന്റെ 50 ശതമാനം വരെ പിഴയും ഒന്നോ രണ്ടോ ഡിമെറിറ്റ് പോയിന്റുമാണ് ശിക്ഷയായി ലഭിക്കുക.









0 comments