ad
Deshabhimani

കൊച്ചിക്കാഴ്‌ച 
ഫുൾവൈബിൽ ; കയറാം ഡബിൾ ഡെക്കറിൽ

kochi double decker bus
വെബ് ഡെസ്ക്

Published on Jul 16, 2025, 04:00 AM | 2 min read


കൊച്ചി

മന്ത്രി പി രാജീവും ജനപ്രതിനിധികളും കയറിയതോടെ ഓപ്പൺ ഡബിൾ ഡെക്കർ ബസിൽനിന്ന്‌ പാട്ടുയർന്നു. ചാറ്റൽമഴയെ വകവയ്ക്കാതെ യാത്രക്കാർ ആഹ്ലാദത്തോടെ സീറ്റിൽ ഇരുന്നു. പാട്ടിനൊപ്പം കൈകൊട്ടി. ചിലർ സീറ്റിൽനിന്ന്‌ എഴുന്നേറ്റ്‌ ചുവടുകൾവച്ചു. കൊച്ചിയുടെ സായാഹ്ന കാഴ്‌ചകൾ ഇനി കെഎസ്‌ആർടിസിയുടെ ഡബിൾഡെക്കറിൽ നുകരാം.


ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയ ചെലവിൽ ആസ്വാദ്യകരമായ യാത്ര ഒരുക്കുന്ന വിനോദസഞ്ചാര സർവീസിനാണ്‌ തുടക്കമായത്‌. കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ മന്ത്രി പി രാജീവ്‌ ഫ്ലാഗ്‌ ഓഫ്‌ നിർവഹിച്ചു. രണ്ടാംനിലയുടെ മേൽക്കൂര മാറ്റി സഞ്ചാരികൾക്ക് കായൽ കാറ്റേറ്റ് കാഴ്ചകൾ കാണാൻ കഴിയുന്ന തരത്തിലാണ് ബസ്. മുകളിലെ ഓപ്പൺ ഡക്കിൽ 39 സീറ്റുകളും താഴത്തെനിലയിൽ 24 സീറ്റുകളുമുണ്ട്‌. 300 രൂപയാണ് മുകളിലിരുന്നു കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാനുള്ള നിരക്ക്. താഴെ 150 രൂപ.

ദിവസേന ഒരു സർവീസുണ്ടാകും. വൈകിട്ട്‌ അഞ്ചിന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന്‌ ആരംഭിച്ച് എട്ടോടെ തിരികെ ഇവിടെത്തന്നെ അവസാനിപ്പിക്കും.


മൂന്നുമണിക്കൂർ യാത്രയിൽ 29 കിലോമീറ്റർ സഞ്ചരിക്കും. വിനോദയാത്രയ്ക്കും ആഘോഷങ്ങൾക്കും 15,300 രൂപ നിരക്കിൽ വാഹനം ലഭിക്കും. onlineksrtcswift.com സൈറ്റിൽ സ്റ്റാർട്ടിങ് ഫ്രം എന്ന ഓപ്ഷനിൽ കൊച്ചി സിറ്റി റൈഡ് (Kochi City Ride) എന്നും ഗോയിങ് ടു ഓപ്ഷനിൽ കൊച്ചി (Kochi) എന്നും സെലക്ട് ചെയ്ത്‌ സീറ്റുകൾ ഉറപ്പിക്കാം. 9961042804-, 8289905075, -9447223212 നമ്പറിൽ വിളിച്ചും എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നേരിട്ട് എത്തിയും ബുക്ക് ചെയ്യാം. ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, കെ ജെ മാക്‌സി എംഎൽഎ, മേയർ എം അനിൽകുമാർ, ബജറ്റ് ടൂറിസം ചീഫ് ട്രാഫിക് മാനേജർ ആർ ഉദയകുമാർ, ആർ സുനിൽകുമാർ, പ്രശാന്ത് വേലിക്കകം, പി എസ്‌ ലോകേഷ്‌ തുടങ്ങിയവർ സംസാരിച്ചു.


യാത്ര ഇതുവഴി

എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ്, തേവര, ബിഒടി പാലം, കോപ്റ്റ് അവന്യൂ വാക്‌വേ, സുഭാഷ് പാർക്ക്, എറണാകുളം ജെട്ടി, മറൈൻഡ്രൈവ്, ഹൈക്കോടതി, വല്ലാർപാടം, കാളമുക്ക് (തിരികെ) എംജി റോഡ്, എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ്.

ടൂറിസത്തിന്‌ 
മുതൽക്കൂട്ടാകും


കൊച്ചിയുടെ വിനോദസഞ്ചാര മേഖലയ്ക്ക്‌ കെഎസ്‌ആർടിസി ഓപ്പൺ ഡബിൾ ഡെക്കർ ബസ്‌ മുതൽക്കൂട്ടാകും. നാടാകെ ഇതിനായി ആഗ്രഹിച്ചിരുന്നു. അത്‌ സർക്കാർ യാഥാർഥ്യമാക്കി.


മിഴിയും മനവും നിറച്ച്‌ കെഎസ്‌ആർടിസി

യാത്രക്കാരുടെ മിഴിയും മനവും നിറയ്‌ക്കുന്ന കാഴ്‌ചകൾ സമ്മാനിച്ച്‌ കെഎസ്‌ആർടിസിയുടെ ബജറ്റ്‌ ടൂറിസം പദ്ധതി. ചുരുങ്ങിയ ചെലവിൽ വിനോദസഞ്ചാരമേഖലകളിലേക്കുള്ള സർവീസ്‌ സൂപ്പർ ഹിറ്റാണ്‌. മാസം ശരാശരി അഞ്ചുകോടി രൂപ വരുമാനം ലഭ്യമാക്കുന്ന പദ്ധതി കെഎസ്‌ആർടിസിക്കും കരുത്താണ്‌.

പ്രാദേശിക വിനോദസഞ്ചാരമേഖലകളുടെ വികസനം, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയും ബജറ്റ്‌ ടൂറിസം പദ്ധതിവഴി സാധ്യമാകുന്നു. 2021ൽ പദ്ധതി തുടങ്ങുമ്പോൾ 30 ലക്ഷം രൂപയായിരുന്നു മാസവരുമാനം. സംസ്ഥാനത്തെ 150 കേന്ദ്രങ്ങളിലൂടെ ബജറ്റ്‌ ടൂറിസം കെഎസ്‌ആർടിസി കടന്നുപോകുന്നു. മാസം 1100 ട്രിപ്പുകൾ. 93 ഡിപ്പോകൾവഴിയാണ്‌ പ്രവർത്തനം. വിവിധ സ്ഥലങ്ങളെ ബന്ധിപ്പിച്ച്‌ 1500 ടൂറിസം പാക്കേജാണുള്ളത്‌.


ഡബിൾ ഡെക്കർ 
കൊച്ചിക്കും സ്വന്തം

തിരുവനന്തപുരത്തിനും മൂന്നാറിനും പുറമെ ഇനി കൊച്ചിയിലും ഓപ്പൺ ഡബിൾ ഡെക്കർ സവാരി. തിരുവനന്തപുരത്ത്‌ രണ്ടു ഡബിൾ ഡെക്കർ എട്ടു ട്രിപ്പുകളാണ്‌ നടത്തുന്നത്‌. ശരാശരി 45,000 രൂപയാണ്‌ ദിവസവരുമാനം. മൂന്നാറിൽ ഒരു ബസ്‌ മൂന്നു ട്രിപ്പ്‌ നടത്തുന്നു. 5000 രൂപയാണ്‌ ദിവസവരുമാനം. കൊച്ചിയിലെ ഡബിൾ ഡെക്കർ സവാരിയും സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ്‌ കെഎസ്‌ആർടിസി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home