ad
Deshabhimani

കൊച്ചി കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് ; കൊച്ചിയിൽ അടി തുടങ്ങി , തുറന്നടിച്ച്‌ ദീപ്‌തി

ദീപ്‌തി അൺഹാപ്പി ; മിനിമോൾക്കും ഷൈനിക്കും ഹാപ്പി ക്രിസ്‌മസ്‌

Kochi Corporation mayor election
വെബ് ഡെസ്ക്

Published on Dec 24, 2025, 02:58 AM | 3 min read


കൊച്ചി

തെരഞ്ഞെടുപ്പുഫലം വന്ന്‌ 10 ദിവസം നീണ്ട അധികാരത്തർക്കത്തിനൊടുവിൽ കൊച്ചി കോർപറേഷൻ മേയർസ്ഥാനം വീതംവയ്‌ക്കാൻ കോൺഗ്രസിൽ ഗ്ര‍ൂപ്പുകളുടെ ധാരണ. രണ്ടരവർഷം വീതം എ, ഐ ഗ്രൂപ്പുകൾ ഉ‍ൗഴമിട്ട്‌ ഇരുപദവികളും കൈയാളും.


മേയർസ്ഥാനത്തേക്ക്‌ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസിനെ തഴഞ്ഞു. എ, ഐ ഗ്രൂപ്പ്‌ നേതൃത്വങ്ങൾ ഉണ്ടാക്കിയ ധാരണപ്രകാരം ആദ്യ രണ്ടരവർഷം ഐ ഗ്രൂപ്പുകാരിയായ വി കെ മിനിമോളും തുടർന്ന്‌ എ ഗ്രൂപ്പിലെ ഷൈനി മാത്യുവും മേയറാകും. 2010ൽ യുഡിഎഫിന്‌ ഭരണം ലഭിച്ചപ്പോൾ മുതിർന്ന നേതാവ്‌ എൻ വേണുഗോപാലിനെ ഒഴിവാക്കി ടോണി ചമ്മണിയെ മേയറാക്കിയതിനു സമാനമായാണ്‌ ഇക്കുറി ദീപ്‌തിയെ ഒഴിവാക്കിയത്‌.


കെ സി വേണുഗോപാൽ വിഭാഗക്കാരിയായ ദീപ്‌തിയെ വെട്ടാൻ എ, ഐ ഗ്രൂപ്പുകൾ കൈകോർത്തെങ്കിലും മേയർസ്ഥാനം പങ്കിടുന്നതിൽ വിട്ടുവീഴ്‌ച ചെയ്‌തില്ല. തുടർന്നാണ്‌ വീതംവയ്‌ക്കാൻ ധാരണയായത്‌. ദീപ്‌തി മേരി വർഗീസും വി കെ മിനിമോളും ഷൈനി മാത്യുവും തുടക്കംമുതൽ മേയർകസേരയ്‌ക്കായി രംഗത്തുണ്ടായിരുന്നു. കെ സി വേണുഗോപാലിന്റെ പിൻബലത്തിലായിരുന്നു ദീപ്‌തിയുടെ നീക്കം. ഇത്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനെയും ഡിസിസി നേതൃത്വത്തെയും ഐ ഗ്രൂപ്പിനെയും ചൊടിപ്പിച്ചു. ഹൈബി ഇ‍ൗഡൻ എംപിയുടെകൂടി പിന്തുണ ഉറപ്പിച്ചുള്ള സതീശന്റെ നീക്കത്തിൽ ദീപ്‌തിയുടെ മേയർസ്വപ്‌നം പൊലിഞ്ഞു.


ഗ്രൂപ്പ്‌ നേതൃത്വത്തിന്റെയും ഭൂരിഭാഗം ക‍ൗൺസിലർമാരുടെയും പിന്തുണയാണ്‌ വി കെ മിനിമോൾക്ക്‌ തുണയായത്‌. 17 പേരുടെ പിന്തുണയാണ്‌ അവകാശപ്പെട്ടത്‌. ലത്തീൻസഭയുടെ അനുകൂലനിലപാടും സഹായകരമായി. ദീപ്‌തിക്ക്‌ മൂന്നുപേരുടെ പിന്തുണയാണ്‌ ലഭിച്ചത്‌.

ഷൈനി മാത്യു എ ഗ്രൂപ്പിന്റെ 21 ക‍ൗൺസിലർമാരുടെ പിന്തുണയും അവകാശപ്പെട്ടു. ഡൊമിനിക്‌ പ്രസന്റേഷൻ ഉൾപ്പെടെയുള്ള നേതാക്കളുടെ നിലപാടും ഷൈനിയെ തുണച്ചു. ലത്തീൻസഭ ഷൈനിയെയും മേയറാക്കണമെന്ന്‌ ആവശ്യപ്പെട്ടതും ചൂണ്ടിക്കാട്ടി. തുടർന്നാണ്‌ ദീപ്‌തിയെ വെട്ടി സമവായമെന്ന നിലയിൽ മിനിയെയും ഷൈനിയെയും ടേം വ്യവസ്ഥയിൽ മേയറാക്കാൻ തീരുമാനിച്ചത്‌.


ഡെപ്യൂട്ടി മേയർസ്ഥാനത്തിന്‌ മുസ്ലിംലീഗ്‌ ശക്തമായി ആവശ്യമുന്നയിച്ചെങ്കിലും പരിഗണനയിൽപ്പോലും വന്നില്ല. അതും ഗ്രൂപ്പുകൾക്ക്‌ പങ്കിടാനാണ്‌ തീരുമാനം. ആദ്യ രണ്ടരവർഷം എ ഗ്രൂപ്പുകാരനായ ദീപക്‌ ജോയിയും തുടർന്ന്‌ ഐ ഗ്രൂപ്പിലെ കെ വി പി കൃഷ്‌ണകുമാറും ഡെപ്യൂട്ടി മേയറാകും.


പാലാരിവട്ടത്തുനിന്ന്‌ മിനിമോൾ, ഫോർട്ട്‌ കൊച്ചിയിൽനിന്ന്‌ ഷൈനി

മഹിളാ കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റാണ്‌ വി കെ മിനിമോൾ. തുടർച്ചയായി നാലാംതവണയാണ്‌ ക‍ൗൺസിലറാകുന്നത്‌. 2010ലും 2020ലും മാമംഗലം, 2015ലും 2025ലും പാലാരിവട്ടം എന്നീ ഡിവിഷനുകളിൽനിന്ന്‌ വിജയിച്ചു. മൂന്ന് സമിതികളില്‍ സ്ഥിരംസമിതി അധ്യക്ഷയായി.


മഹിളാ കോൺഗ്രസ്‌ ജില്ലാസെക്രട്ടറിയാണ്‌ ഷൈനി മാത്യു. 2015ല്‍ ഫോര്‍ട്ട്‌ കൊച്ചി ഡിവിഷനില്‍നിന്ന് ആദ്യമായി കൗണ്‍സിലറായി. 2020ല്‍ ചുള്ളിക്കലില്‍നിന്ന് മത്സരിച്ച്‌ പരാജയപ്പെട്ടു. ഇത്തവണ വിജയിച്ചത്‌ ഫോർട്ട്‌ കൊച്ചിയിൽനിന്നാണ്‌. സൗമിനി ജെയിന്‍ മേയറായിരുന്ന സമിതിയില്‍ നാലരവര്‍ഷം നഗരാസൂത്രണ സമിതി അധ്യക്ഷയായിരുന്നു. അവസാന രണ്ടരവര്‍ഷം മേയര്‍സ്ഥാനം ഷൈനിക്ക് നല്‍കണമെന്ന വ്യവസ്ഥയുണ്ടായെങ്കിലും സ‍ൗമിനി സ്ഥാനമൊഴിഞ്ഞില്ല.



കൊച്ചിയിൽ അടി തുടങ്ങി ; തുറന്നടിച്ച്‌ ദീപ്‌തി

മേയർപദവി നൽകാതെ ചതിച്ചതിൽ കടുത്ത പ്രതിഷേധത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസും കൂട്ടരും. മേയറെ നിശ്ചയിക്കുന്നതിൽ കെപിസിസി മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന്‌ ദീപ്‌തി തുറന്നടിച്ചു. ജനങ്ങളുടെ പിന്തുണ തനിക്കാണെന്നും അതാണ്‌ തന്റെ ശക്തിയെന്നും സംഭവിച്ച തെറ്റ്‌ നേതൃത്വം പരിശോധിക്കണമെന്നും ദീപ്‌തി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച്‌ നേതൃത്വത്തെ സമീപിക്കുകയും ചെയ്‌തു. ഇതിനിടെ, ദീപ്‌തിക്ക്‌ പിന്തുണയുമായി മാത്യു കുഴൽനാടൻ എംഎൽഎ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.


പാർടി ഭാരവാഹിത്വത്തിലെ സീനിയോറിറ്റിക്ക്‌ ആദ്യപരിഗണന നൽകണം എന്നുൾപ്പെടെയുള്ള മാനദണ്ഡങ്ങളാണ്‌ കെപിസിസി നിർദേശിച്ചിരുന്നത്‌. എന്നാൽ, ഇതൊന്നും പാലിക്കാതെയാണ്‌ മേയറെ ജില്ലാനേതൃത്വം തീരുമാനിച്ചത്‌. കോർ കമ്മിറ്റി വിളിച്ചില്ലെന്നും കൂടിയാലോചനകൾ നടന്നില്ലെന്നും ദീപ്‌തി പറഞ്ഞു.


തുടക്കംമുതൽ മേയർപദവിക്കായി ഇവർ രംഗത്തുണ്ടായിരുന്നു. മാധ്യമങ്ങൾ ഉൾപ്പെടെ മേയർസ്ഥാനത്തേക്ക്‌ ഏറ്റവും കൂടുതൽ സാധ്യത പ്രവചിച്ചിരുന്നതും ദീപ്‌തിക്കാണ്‌. സംഘടനയിലെ സ്ഥാനവും കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവരുടെ പിന്തുണയും മേയർപദവി നേടാൻ തുണയ്‌ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഗ്രൂപ്പും സമുദായവും മിനിമോൾക്കുപിന്നിൽ അടിയുറച്ചുനിന്നതോടെ ദീപ്‌തി തെറിച്ചു. കെപിസിസിക്ക്‌ ദീപ്‌തി പരാതി നൽകിയിട്ടുണ്ട്‌. ബുധനാഴ്‌ച വിശദമായി പ്രതികരിക്കുമെന്നും സൂചന നൽകി.


എന്നാൽ, എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്‌ മേയറെ തീരുമാനിച്ചതെന്നാണ്‌ ഡിസിസിയുടെ വിശദീകരണം. ഇതിനുപിന്നാലെയാണ്‌ മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ളവർ ഡിസിസി തീരുമാനത്തിന്‌ എതിരെയുള്ള അതൃപ്‌തി വ്യക്തമാക്കിയും ദീപ്‌തിയെ പിന്തുണച്ചും രംഗത്തെത്തിയത്‌. ‘ഒരു വാതിൽ അടയുന്പോൾ ഒരുപാട്‌ വാതിലുകൾ തുറക്കപ്പെടുമെന്നും രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ലെന്നും’ കുഴൽനാടൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.


ചതി അനുവദിക്കില്ലെന്ന്‌ ഷൈനി ; വഴങ്ങി നേതൃത്വം

ചതി അനുവദിക്കില്ലെന്നും പറ്റിക്കാൻ നോക്കേണ്ടെന്നും ഫോർട്ട്‌കൊച്ചി ഡിവിഷനിലെ ഷൈനി മാത്യു. ഇതോടെയാണ്‌ ടേം വ്യവസ്ഥയിൽ പാലാരിവട്ടം ഡിവിഷനിലെ വി കെ മിനിമോളെയും ഷൈനിയെയും മേയറാക്കാൻ തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്‌ ഒ‍ൗദ്യോഗികമായി പ്രഖ്യാപിച്ചതും രേഖാമൂലം പരസ്യപ്പെടുത്തിയതും. ആദ്യ ടേം മിനിമോളെ മേയറാക്കാൻ തീരുമാനിച്ചതോടെ ഷൈനി എതിർപ്പ്‌ അറിയിച്ചു.


യുഡിഎഫ്‌ അധികാരത്തിലിരുന്ന 2015–20ൽ അവസാന രണ്ടരവർഷം മേയറാക്കാമെന്ന്‌ വാക്ക്‌ നൽകിയിരുന്നു. എന്നാൽ, സ‍ൗമിനി ജെയിനാണ്‌ അഞ്ചുവർഷവും മേയറായത്‌. തന്നെ പറ്റിച്ചെന്നും ഇത്തവണ പറ്റിക്കാൻ നോക്കണ്ടെന്നും വ്യക്തമാക്കി. ഡൊമിനിക്‌ പ്രസന്റേഷനെ നിലപാട്‌ അറിയിക്കുകയും ചെയ്‌തു. ഡൊമിനിക്‌ പ്രസന്റേഷനും ഷൈനിയെ പിന്തുണച്ചതോടെ ടേം വ്യവസ്ഥ ഡിസിസി പ്രസിഡന്റ്‌ രേഖാമൂലം പ്രഖ്യാപിക്കുകയും പുറത്തിറക്കുകയുമായിരുന്നു. കഴിഞ്ഞതവണ ധാരണയായെങ്കിലും പരസ്യപ്പെടുത്തിയിരുന്നില്ല. ഇത്തവണ ചതി ആവർത്തിക്കാനാവില്ലെന്ന്‌ ഷൈനി കർശന നിലപാടെടുത്തതോടെയാണ്‌ ഡിസിസിക്ക്‌ പത്രക്കുറിപ്പിറക്കേണ്ടിവന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home