ഇത് കോൺഗ്രസിന്റെ മൂന്നാം വീതംവയ്‌പ് ; കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

കൊച്ചി
മേയർ, ഡെപ്യൂട്ടി സ്ഥാനങ്ങൾക്കുപിന്നാലെ കൊച്ചി കോർപറേഷനിൽ കോൺഗ്രസിന്റെ മൂന്നാം വീതംവയ്‌പ് ചൊവ്വാഴ്‌ച നടക്കും. സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിലാണ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള മൂന്നാമത്തെ വീതംവയ്‌പ് അരങ്ങേറുക.
രാവിലെ 10.30ന് കൗൺസിൽ ഹാളിലാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫ് പ്രതിനിധികൾ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കും. മേയർ, ഡെപ്യൂട്ടി മേയർ പദവികൾ പങ്കിട്ടതുപാലെ സ്ഥിരംസമിതി അധ്യക്ഷസ്ഥാനവും രണ്ടരവർഷം വീതംവയ്‌ക്കാനാണ് കോൺഗ്രസ് തീരുമാനം. പൊതുമരാമത്ത് ഒഴികെയുള്ള സമിതികളിലാണിത്. മരാമത്ത് സമിതി അധ്യക്ഷ പദവി മുസ്ലിംലീഗിനാണ്.
അധികാരത്തിലേറിയതിന് പിന്നാലെ തമ്മിലടിയും വിഴുപ്പലക്കലുമാണ് കോർപറേഷനിലെ യുഡിഎഫിൽ. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അനുസരിച്ചാണ് ആദ്യതവണ മേയറായി വി കെ മിനിമോളെയും ശേഷിക്കുന്ന കാലയളവിൽ ഷൈനി മാത്യുവിനെയും തീരുമാനിച്ചത്.
മേയർ പദവി ലക്ഷ്യമിട്ട കെ സി വേണുഗോപാലിന്റെ നോമിനി ദീപ്‌തി മേരി വർഗീസിനെ ഇരുഗ്രൂപ്പുകളുംകൂടി വെട്ടി. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്ന വേണുഗോപാലിനുള്ള മുന്നറിയിപ്പുകൂടിയായിരുന്നത്. നേതൃത്വത്തിന് ദീപ്‌തി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. മേയർ പദവി ലഭിച്ചത് ലത്തീൻ സഭയുടെ ഇടപെടലിനെ തുടർന്നാണെന്ന മിനിമോളുടെ പരാമർശവും വിവാദമായിരുന്നു. ഇതിനെതിരെയും ദീപ്‌തി രംഗത്തെത്തിയിരുന്നു. മേയർ പദവി മോഹിച്ച ദീപ്‌തി ഇപ്പോൾ ആരോഗ്യ സ്ഥിരംസമിതി അംഗമാണ്.










0 comments