ad
Deshabhimani

 പദ്ധതിവിഹിത വിനിയോഗം

നാണക്കേട്‌; ഏറ്റവും പിന്നിൽ കൊച്ചി കോർപറേഷൻ

kochi corporation
avatar
സ്വന്തം ലേഖകൻ

Published on Apr 03, 2026, 12:28 AM | 1 min read

കൊച്ചി


കൊച്ചി കോർപറേഷന്‌ സംസ്ഥാനതലത്തിൽത്തന്നെ നാണക്കേട്‌ സമ്മാനിച്ച്‌ യുഡിഎഫ്‌ ഭരണസമിതി. പദ്ധതിവിഹിത വിനിയോഗത്തിൽ കോർപറേഷനുകളിൽ ഏറ്റവും അവസാനസ്ഥാനത്തായി കൊച്ചി. എൽഡിഎഫ്‌ ഭരണകാലയളവിൽ മുൻനിരയിലായിരുന്ന കോർപറേഷനാണ്‌ ദുരവസ്ഥ.


2025–26 സാന്പത്തികവർഷത്തിൽ 98.58 കോടി രൂപയുടെ ജനകീയാസൂത്രണ പൊതുഫണ്ട് വിഭാഗത്തിൽ കൊച്ചി കോർപറേഷന്‌ ചെലവഴിക്കാനായത്‌ 46.98 കോടി മാത്രം. പദ്ധതിച്ചെലവ്‌ 47.66 ശതമാനമാണ്‌. ആറ്‌ കോർപറേഷനുകളാണ്‌ സംസ്ഥാനത്തുള്ളത്‌. ഫണ്ട്‌ ചെലവഴിക്കുന്നതിൽ പരാജയപ്പെട്ടതോടെ കൊച്ചി ആറാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടുകയായിരുന്നു. ആകെയുള്ള 98.58 കോടിയിൽ ജനറൽ ഫണ്ടായി വകയിരുത്തിയത്‌ 88.26 കോടിയായിരുന്നു. ഇതിൽ ചെലവഴിച്ചത്‌ 41.35 കോടിയാണ്‌. പട്ടികജാതിക്കാർക്കായുള്ള പട്ടികജാതി ഉപപദ്ധതി ഇനത്തിൽ 8.19 കോടി നീക്കിവച്ചതിൽ ചെലവഴിച്ചത്‌ 5.39 കോടിയും പട്ടികവർഗക്കാർക്കുള്ള ഉപപദ്ധതിയിൽ 2.13 കോടിയിൽ 24 ലക്ഷവുമാണ്‌ ചെലവഴിച്ചത്‌. നഗരത്തിന്റെ വികസനത്തിനും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനും വകയിരുത്തിയ തുക ചെലവഴിക്കാൻ കഴിയാതിരുന്നതിലൂടെ ക്ഷേമവും വികസനവും പിന്നോട്ടടിപ്പിക്കുകയാണ്‌ യുഡിഎഫ്‌.


കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയുടെ കാലത്ത്‌ പദ്ധതിവിഹിതവിനിയോഗത്തിൽ മുൻനിരയിലായിരുന്നു കോർപറേഷന്റെ സ്ഥാനം. അക്കാലയളവിൽ ഒന്നാമതെത്തിയിട്ടുണ്ട്‌ കൊച്ചി. പദ്ധതിനിർവഹണവുമായി ബന്ധപ്പെട്ട്‌ കാര്യക്ഷമമായി നടപടികൾ സ്വീകരിച്ചതുവഴിയാണ്‌ ആദ്യസ്ഥാനങ്ങൾ സ്വന്തമാക്കിയത്‌. കക്ഷിരാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചതും അന്ന്‌ ഗുണം ചെയ്‌തു.


യുഡിഎഫ്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ഭരണപരമായ വീഴ്‌ചകളും കാരണമാണ്‌ കൊച്ചി കോർപറേഷൻ ഏറ്റവും അവസാന സ്ഥാനത്തായതെന്ന്‌ എൽഡിഎഫ്‌ പാർലമെന്ററി പാർടി നേതാവ്‌ വി എ ശ്രീജിത് പറഞ്ഞു. യുഡിഎഫ്‌ ഭരണസമിതി തികഞ്ഞ പരാജയമെന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌. പദ്ധതിവിഹിതം പൂർണമായി വിനിയോഗിക്കുന്നതിനാവശ്യമായ മേൽനോട്ടവും ഇടപെടലും ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായില്ല. അവലോകനയോഗങ്ങൾ ചേരുന്നതിൽപ്പോലും അലംഭാവം പുലർത്തി. ഇത്തരം നിരുത്തരവാദ നിലപാടുകളും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാൻ യുഡിഎഫ്‌ ഭരണസമിതി തയ്യാറാകണമെന്നും ശ്രീജിത് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home