ad
Deshabhimani

കൊച്ചി കോർപറേഷൻ ; ബഹിഷ്‌കരണം, പ്രതിഷേധം , നിറംകെട്ട തുടക്കം

Kochi Corporation

മേയർ തെരഞ്ഞെടുപ്പിനിടെ ഇറങ്ങിപോയ ദീപ്തി മേരി വർഗീസ് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ദീപക് ജോയ്, മേയർ വി കെ മിനിമോൾ എന്നിവർക്കരിലിരിക്കുന്നു

വെബ് ഡെസ്ക്

Published on Dec 27, 2025, 03:58 AM | 2 min read


കൊച്ചി

കൊച്ചി കോർപറേഷനിൽ യുഡിഎഫ്‌ ഭരണത്തിന്‌ നിറംകെട്ട തുടക്കം. കെപിസിസി ജനറൽ സെക്രട്ടറികൂടിയായ ദീപ്‌തി മേരി വർഗീസ്‌, വി കെ മിനിമോളുടെ മേയർസത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു. മേയറായി ചുമതലയേറ്റതിന്‌ പിന്നാലെ മിനിമോൾ കീഴ്‌വഴക്കങ്ങൾ ലംഘിച്ചതും ക‍ൗൺസിലിന്‌ അപമാനമായി. ഇതിൽ പ്രതിപക്ഷ പ്രതിഷേധവുമുയർന്നു.


തമ്മിലടിയുടെയും വിഴുപ്പഴക്കലിന്റെയും പ്രതിഷേധത്തിന്റെയും തുടർച്ചയാണ്‌ യോഗത്തിൽ അരങ്ങേറിയത്‌. മേയർ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനെത്തിയ ദീപ്‌തി മേരി വർഗീസ്‌ മാധ്യമങ്ങൾക്കുമുന്നിൽ അതൃപ്‌തിയും അമർഷവും വീണ്ടും പരസ്യമാക്കി. നേരത്തേ പറഞ്ഞതിൽനിന്നൊന്നും പിന്മാറിയിട്ടില്ലെന്നും മേയറെ തീരുമാനിച്ചതിൽ കെപിസിസി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആവർത്തിച്ചു. ക‍ൗൺസിൽ ഹാളിൽ എത്തിയശേഷം വി കെ മിനിമോൾക്ക്‌ ദീപ്‌തി മുഖം കൊടുക്കുകയോ അവരോട്‌ സംസാരിക്കുകയോ ചെയ്‌തില്ല. ഒന്നുമുതൽ 76 ഡിവിഷൻ ക്രമത്തിലായിരുന്നു വോട്ടെടുപ്പ്‌.


33–ാം ഡിവിഷൻ ജനപ്രതിധിയാണ്‌ മിനിമോൾ. 34–ാം ഡിവിഷനിൽനിന്നാണ്‌ ദീപ്‌തി വിജയിച്ചത്‌. ഇതനുസരിച്ച്‌ ആദ്യം മിനിമോളും പിന്നാലെ ദീപ്‌തിയും വോട്ട്‌ ചെയ്‌തു. ഇ‍ൗ ഘട്ടത്തിലും ഇരുവരും കണ്ടഭാവം നടിച്ചില്ല. ഫലപ്രഖ്യാപനമുണ്ടായതോടെ യുഡിഎഫ്‌ നിരയിൽനിന്ന്‌ മിനിമോൾക്കായി മുദ്രാവാക്യം വിളികളുയർന്നു. ദീപ്‌തി നിശബ്ദയായി. മിനിമോൾക്ക്‌ അരികിലെത്തി അനുമോദിച്ചെന്ന്‌ വരുത്തിയശേഷം ഇറങ്ങിപ്പോയി. ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്‌, ഡൊമിനിക്‌ പ്രസന്റേഷൻ, എൻ വേണുഗോപാൽ, ടി ജെ വിനോദ്‌ എംഎൽഎ എന്നിവരോട്‌ സംസാരിക്കാൻ കൂട്ടാക്കിയില്ല.​

കീഴ്‌വഴക്കം ലംഘിച്ചു, മേയർ നേതാക്കളെ 
കാണാൻ ‘ഓടി’


സത്യപ്രതിജ്ഞയ്‌ക്കുശേഷം മിനിമോളാകട്ടെ കീഴ്‌വഴക്കങ്ങളും സാമാന്യമര്യാദയും കാറ്റിൽ പറത്തി. ചുമതലയേറ്റശേഷം ക‍ൗൺസിലിലെ വിവിധ കക്ഷിനേതാക്കളുടേതടക്കം വാക്കുകൾ കേൾക്കാൻ തയ്യാറാകാതെ ‘‘അഞ്ച്‌ മിനിറ്റ്‌, ഇപ്പോൾ വരാമെന്ന്‌ പറഞ്ഞ്‌’’ കോൺഗ്രസ്‌ നേതാക്കളെ കാണാൻ പോയി. അനുമോദനച്ചടങ്ങിന്‌ കാത്തുനിൽക്കാൻ മിനിമോൾ തയ്യാറായില്ല. ഇതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. മേയർ കീഴ്‌വഴക്കങ്ങൾ ലംഘിച്ചതിൽ പ്രതിഷേധിച്ചാണ്‌ ഇറങ്ങിപ്പോയതെന്ന്‌ എൽഡിഎഫ്‌ പാർലമെന്ററി പാർടി നേതാവ്‌ വി എ ശ്രീജിത്ത്‌ പറഞ്ഞു. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൂടി പൂർത്തിയാക്കിയശേഷമാണ്‌ ആദ്യ ക‍ൗൺസിൽ ചേരുകയും ഭരണ, പ്രതിപക്ഷാംഗങ്ങൾക്ക്‌ സംസാരിക്കാൻ അവസരം ലഭിക്കുകയും ചെയ്‌തത്‌. മേയർ കീഴ്‌വഴക്കം ലംഘിച്ചതിൽ എൽഡിഎഫും എൻഡിഎയും പ്രതിഷേധിച്ചു.​


മനസ്സിൽ നീരസം; മധുരം നൽകി കാമറയ്‌ക്കായി

ദീപ്‌തി മേരി വർഗീസ്‌ ഇരുതെരഞ്ഞെടുപ്പുകളിലും പങ്കെടുത്തത്‌ അതൃപ്‌തി പ്രകടിപ്പിച്ചായിരുന്നു. മിനിമോളുടെ സത്യപ്രതിജ്ഞ കാണാതെ ഇറങ്ങിയ ദീപ്തി, സംഭവം വാർത്തയായതോടെ ഡെപ്യൂട്ടിമേയറുടെ സത്യപ്രതിജ്ഞയിലും തുടർന്നുള്ള ആദ്യ ക‍ൗൺസിലിലും പങ്കെടുത്തു. ഡെപ്യൂട്ടി മേയർക്ക്‌ മധുരം നൽകി. തുടർന്ന്‌ ‘മിനിമോൾക്ക്‌ തന്നില്ലെന്ന്‌ വേണ്ട’ എന്നുപറഞ്ഞ്‌ അവർക്കും നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home