വികസനം വന്നു, പ്രശ്നങ്ങൾക്ക് അറുതിയില്ല

വി രഗീഷ്
Published on Oct 20, 2026, 01:00 AM | 2 min read
വടകര
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കിയ വടകര റെയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായിട്ടില്ല. 22 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനികരീതിയിൽ സ്റ്റേഷൻ നവീകരണം പൂർത്തിയാക്കിയത്. സ്റ്റേഷനിലെ മൂന്ന് പ്ലാറ്റ്ഫോമുകളുടെയും നീളം വർധിപ്പിച്ചു. രണ്ടെണ്ണത്തിൽ മാത്രമാണ് സ്ഥിരമായി ടെയിനുകൾ പ്രവേശിക്കുന്നത്. മൂന്നാം പ്ലാറ്റ്ഫോം ഗുഡ്സ് ട്രെയിനുകൾ പിടിച്ചിടുന്നതിനും തിരക്കുള്ള സമയങ്ങളിൽ വണ്ടികളുടെ ക്രോസിങ്ങിനുംവേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ഒന്നാമത്തേതിൽ മാത്രമാണ് ടിക്കറ്റ് കൗണ്ടറുകളും യാത്രക്കാർക്കുള്ള വിശ്രമമുറികളും ഉൾപ്പെടെയുള്ളത്. ആർപിഎഫ് സ്റ്റേഷനും റിസർവേഷൻ കൗണ്ടറും ഉൾപ്പെടെ ഇവിടെയാണുള്ളത്. രണ്ടാം പ്ലാറ്റ്ഫോമിലേക്കെത്താൻ രണ്ട് ഫുട്ട് ഓവർ ബ്രിഡ്ജും രണ്ട് ലിഫ്റ്റ് സൗകര്യവും ഇവിടെയുണ്ട്.
രണ്ടാം പ്ലാറ്റ്ഫോമിൽ മാത്രമാണ് എസ്കലേറ്റർ സൗകര്യമുള്ളത്. ആയിരക്കണക്കിന് യാത്രക്കാരാണ് വടകര റെയിൽവേ സ്റ്റേഷനിൽ ദിവസവുമെത്തുന്നത്. വരുമാനത്തിലും സ്റ്റേഷൻ മുൻപന്തിയിൽത്തന്നെ. 35ഓളം ട്രെയിനുകൾക്ക് വടകരയിൽ സ്റ്റോപ്പുണ്ട്. എക്സ്പ്രസ് ട്രെയിനുകളായ വന്ദേ ഭാരത്, രാജധാനി ഉൾപ്പെടെയുള്ളവയ്ക്കും അന്ത്യോദയ, ഞായറാഴ്ചയിലെ പോണ്ടിച്ചേരി എക്സ്പ്രസ്, മംഗളൂർ–-രാമേശ്വരം തുടങ്ങിയ ട്രെയിനുകൾക്കും സ്റ്റോപ്പനുവദിച്ചിട്ടില്ല. ട്രെയിനിറങ്ങി ഒരുപാട് നടന്നുവേണം ബസ് സ്റ്റാൻഡുകളിലെത്താൻ. സ്റ്റേഷൻ പരിസരത്തെ റോഡുകൾ ഗതാഗതയോഗ്യമാക്കി ബസ് സൗകര്യം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. വിപുലമായ പാർക്കിങ് സൗകര്യമുണ്ടെങ്കിലും ഭീമമായ ഫീസ് താങ്ങാനാവുന്നതല്ല. കുടിവെള്ളത്തിനുള്ള ബുദ്ധിമുട്ടാണ് സ്റ്റേഷനിലെ മറ്റൊരു പ്രധാന പ്രശ്നം. ശുചിമുറികളിലുൾപ്പെടെ ഇടയ്ക്കിടെയുണ്ടാകുന്ന ജല ലഭ്യതക്കുറവ് യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നു.
അത്യാവശ്യം വേണ്ടതൊന്നുമില്ല
ലഗേജ് ബുക്കിങ്ങിനുള്ള സൗകര്യം സ്റ്റേഷനിലില്ല. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ദൂരസ്ഥലത്തേക്ക് കൊണ്ടുപോയിരുന്ന സൗകര്യം സ്റ്റേഷൻ നവീകരിച്ചതോടെ ഇല്ലാതായി. അസമയങ്ങളിൽ സ്റ്റേഷനിലെത്തുന്നവർക്ക് താമസിക്കാനുള്ള മുറികളും ഇല്ലാതായി. ആർഎംഎസ് നിർത്തലാക്കിയ സ്ഥലത്ത് താമസ സൗകര്യമൊരുക്കുന്നുണ്ടെങ്കിലും പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. ഒരുഭക്ഷണശാലയും സ്റ്റേഷനിലില്ല. ഇരുന്ന് ഭക്ഷണം കഴിക്കാൻ ഇടമില്ലെന്നത് വികസനത്തിന്റെ പ്രഭകെടുത്തുകയാണ്. വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഒരുഭാഗത്ത് മാത്രമാണ് റൂഫ് ചെയ്ത പാർക്കിങ് സംവിധാനമുള്ളത്. സ്റ്റേഷന് മുൻഭാഗത്തെ റോഡ് വീതികൂട്ടി നവീകരിച്ചാൽ നഗരത്തിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമാകും. ബസ് ഉൾപ്പെടെ റെയിൽവേ സ്റ്റേഷനിലേക്ക് സർവീസ് നടത്തി യാത്രാപ്രശ്നവും പരിഹരിക്കാനാകും. വടകര റെയിൽവേ സ്റ്റേഷൻ എന്ന രീതിയിൽ ബസ് റൂട്ടും അനിവാര്യമാണ്. സ്റ്റേഷൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഇടപെടൽ അനിവാര്യമാണ്. എന്നാൽ, സ്റ്റോപ്പ് അനുവദിക്കുന്നതിലുൾപ്പെടെ സമ്മർദംചെലുത്താൻ ജനപ്രതിനിധികൾക്ക് കഴിയുന്നില്ല. ബ്രിട്ടീഷ് കാലത്ത് നിർമിച്ചതായിരുന്നു സ്റ്റേഷന് മുന്നിലെ കുളം. 25 വർഷംമുമ്പ് കുളം നികത്താനായിരുന്നു പദ്ധതി. സാമൂഹ്യപ്രവർത്തകരുടെയും നാട്ടുകാരുടെയും ഇടപെടലോടെ ഉപേക്ഷിച്ചു. യുഎൽസിസിയുടെ സഹായത്തോടെ കുളം നവീകരിച്ചാണ് ഇന്ന് കാണുന്ന രൂപത്തിലാക്കിയത്. കുളത്തിലെ വെള്ളം ശുദ്ധീകരിച്ചാൽ ഉപയോഗിക്കാവുന്നതാണ്. ഇതിനുള്ള ഒരുനീക്കവും റെയിൽവേയുടെ ഭാഗത്തുനിന്നില്ല.








0 comments