ഗ്രന്ഥശാലകൾ തകർത്താൽ പുരോഗമന ആശയങ്ങൾ ഇല്ലാതാകില്ല

അഞ്ചാലുംമൂട്
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ആഴത്തിൽ വേരുകളുള്ള പ്രസ്ഥാനമാണ് ഗ്രന്ഥശാലകളെന്ന് എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ 77–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു ഐഷി ഘോഷ്. ഗ്രന്ഥശാലകൾ നശിപ്പിച്ചാൽ പുരോഗമനാശയങ്ങളെ ഇല്ലാതാക്കാമെന്ന് വിശ്വസിക്കുന്ന ഫാസിസ്റ്റുകൾ രാജ്യം ഭരിക്കുമ്പോൾ നവോദയം പോലുള്ള പബ്ലിക് ലൈബ്രറികളുടെ പ്രസക്തി ഏറുകയാണ്. ജന്തർ മന്തറിൽ വിദ്യാർഥികൾ സമരം ആരംഭിച്ചത് തന്നെ പഠിക്കാനും വായിക്കാനും ലൈബ്രറി സ്ഥാപിച്ചുകൊണ്ടാണ്. അതും ആർഎസ്എസ് ഗുണ്ടകൾ തകർത്തു. എന്ത് പഠിക്കണം, ഏത് പുസ്തകം വായിക്കണം എന്ന് തീരുമാനിക്കുന്നത് ഭരണകൂടമാണ്. ഭരണഘടനയെ അട്ടിമറിക്കാനും വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഐഷി പറഞ്ഞു. നവോദയം പ്രസിഡന്റ് കെ എസ് ബൈജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ, കൗൺസിലർ റീജ സുഗുണൻ, ലൈബ്രറി സെക്രട്ടറി എസ് നാസർ എന്നിവർ സംസാരിച്ചു. വൈക്കോൽ ചിത്രകലയിൽ ദേശീയ പുരസ്കാര ജേതാവ് സുലൈമാൻകുട്ടി വൈക്കോലിൽ തീർത്ത ഐഷിയുടെ ചിത്രം ചടങ്ങിൽ സമ്മാനിച്ചു. കായിക, കലാ, വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു.









0 comments