ജില്ലാ ആശുപത്രി കെട്ടിടം
നിർമാണത്തിന് തടസ്സമായ മണ്ണ് നീക്കും


സ്വന്തം ലേഖകൻ
Published on Oct 20, 2026, 01:39 AM | 1 min read
കൊല്ലം
ജില്ലാ ആശുപത്രിയുടെ ബഹുനിലക്കെട്ടിടത്തിന്റെ നിർമാണം ജില്ലാ പഞ്ചായത്തിന്റെ ഇടപെടലിൽ പുനരാരംഭിക്കുന്നു. കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് കൂടിക്കിടക്കുന്ന മണ്ണ് എത്രയും വേഗം മാറ്റാൻ ധാരണയായി. മയ്യനാട് പഞ്ചായത്തിലെ കാവടിവയലിൽ നിർമിക്കുന്ന സ്റ്റേഡിയത്തിനായി ഇൗ മണ്ണ് ഉപയോഗപ്പെടുത്തും. അവശേഷിക്കുന്ന മണ്ണ് കോർപറേഷന്റെ വികസനപ്രവ്യത്തികൾക്കായി മാറ്റും. ആശുപത്രി കെട്ടിടനിർമാണത്തിന് ആവശ്യമുള്ള മണ്ണും മാറ്റിവയ്ക്കും. മണ്ണ് മാറ്റാനുള്ള ചെലവ് റവന്യു, ആരോഗ്യവകുപ്പുകൾ ചേർന്ന് വഹിക്കും. കെഎസ്ഇബി സിവിൽ വിഭാഗത്തിനാണ് നിർമാണത്തിന്റെ മേൽനോട്ടം. കിഫ്ബിയിൽനിന്നുള്ള 143കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. കുറെനാളായി പ്രവൃത്തി നിലച്ചിരിക്കുകയായിരുന്നു. നിർമാണപ്രവൃത്തികൾ നിലച്ചതിനെതിരെ ശക്തമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മണ്ണുമാറ്റം സാധ്യമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു എന്നിവർ മന്ത്രിമാരായ എ പി അനിൽകുമാർ, കെ മുരളീധരൻ, ബിന്ദുകൃഷ്ണ എന്നിവരുമായി നിരവധി തവണ ചർച്ച നടത്തി. അടിത്തറ നിർമാണത്തിന് കുഴിച്ചെടുക്കുന്ന മണ്ണ് എവിടെ നിക്ഷേപിക്കുമെന്നതിൽ തീരുമാനമില്ലാതെ കെട്ടിടനിർമാണം നിലയ്ക്കുകയായിരുന്നു. മണ്ണ് നിക്ഷേപിക്കാൻ ജില്ലാ ആശുപത്രി വളപ്പിൽ സ്ഥലമില്ലാത്തതിനാൽ കാലതാമസം നേരിട്ടു. കരാർ കമ്പനി നിർമാണം നിർത്തി ജീവനക്കാരുമായി മടങ്ങി. തുടർന്ന് പ്രദേശം കാടുകയറി. ഉൗരാളുങ്കലിനാണ് ബഹുനിലക്കെട്ടിടം നിർമാണത്തിന്റെ കരാർ. നിർമാണം മുടങ്ങിയതോടെ കഴിഞ്ഞ മേയിൽ കലക്ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. കുഴിച്ചെടുക്കുന്ന മണ്ണ് പരവൂർ നെടുങ്ങോലം താലൂക്കാശുപത്രി വളപ്പിൽ സൂക്ഷിക്കാൻ തീരുമാനിച്ചു. മണ്ണിൽ കുറെ അളവ് അടിത്തറ നിറയ്ക്കാൻ ഉൾപ്പെടെ ജില്ലാ ആശുപത്രിയുടെതന്നെ ആവശ്യങ്ങൾക്ക് തിരികെയെടുക്കും. ബാക്കിവരുന്നവ താലൂക്കാശുപത്രി വളപ്പിൽ സംരക്ഷിക്കും. ഇവ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ, പൂർണമായി ഇതിലൊരു ധാരണയുണ്ടാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിഞ്ഞില്ല. മണ്ണ് താലൂക്കാശുപത്രി കോമ്പൗണ്ടിൽ സൂക്ഷിക്കാനും അനുമതി ലഭിച്ചില്ല. ഇതോടെ നിർമാണം നിലയ്ക്കുകയായിരുന്നു.









0 comments