Deshabhimani

@തസ്തികകളിൽ നിയമനമില്ല

നിലയ്ക്കുമോ കുടുംബശ്രീ?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2026, 12:58 AM | 1 min read

സ്വന്തം ലേഖിക

കോഴിക്കോട്

ആയിരക്കണക്കിന് സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും ശാക്തീകരിച്ച് മുന്നേറിയ കുടുബശ്രീ പ്രതിസന്ധിയിൽ. തസ്തികകളിൽ നിയമനം തടത്താതെ പദ്ധതി പ്രവര്‍ത്തനങ്ങൾ താളം തെറ്റിച്ച് യുഡിഎഫ് സര്‍ക്കാര്‍. പ്രധാന തസ്തികകളായ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ (ഡിഎംസി), അസി. ജില്ലാ മിഷൻ കോ–ഓർഡിനേറ്റർമാർ (എഡിഎംസി), ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. വിവിധ പദ്ധതികൾ നിലച്ചമട്ടായിട്ടും നിയമനം നടത്താതെ കുടുംബശ്രീ സംവിധാനം അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

കഴിഞ്ഞമാസം 25 മുതൽ ഡിഎംസി, എഡിഎംസി തസ്തികകളും മാസങ്ങളായി ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ് തസ്തികയും കാലിയാണ്. നാല് എഡിഎംസി തസ്തികയിലും മൂന്ന് ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ് തസ്തികയിലും ആളില്ല.

നിലവിൽ തൃശൂര്‍ ഡിഎംസിക്ക് ചുമതല നൽകിയിട്ടുണ്ടെങ്കിലും ദൈനംദിന പ്രവർത്തനങ്ങളെല്ലാം താളം തെറ്റിയ അവസ്ഥയിലാണ്. ഫണ്ട് വിനിയോഗം പരിശോധിച്ച് അനുമതി നൽകേണ്ടത് ഉദ്യോഗസ്ഥരാണെന്നതിനാൽ വിവിധ ധനസഹായ വിതരണവും പുതിയ പദ്ധതികളുടെ നടത്തിപ്പുമെല്ലാം അനിശ്ചിതമായി നീളുകയാണ്.

ആശങ്ക ഒഴിയുന്നില്ല

കുടുംബശ്രീയുടെ വിവിധ പദ്ധതികളിലായി 152 താൽക്കാലിക ജീവനക്കാരുടെ ഭാവി ആശങ്കയിൽ തുടരുകയാണ്. ഡിസംബര്‍ 31ന് കരാര്‍ അവസാനിക്കുന്നതോടെ എങ്ങോട്ട് പോകുമെന്നത് ചോദ്യചിഹ്നമാകുന്നു. നിലവിലുള്ളവരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്താനാണ് സര്‍ക്കാര്‍ പദ്ധതി. ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ 11 പേര്‍, ഫീൽഡ് വിഭാഗത്തിലുള്ള 48 ജീവനക്കാര്‍, സ്നേഹിത ജെൻഡര്‍ ഹെൽപ് ഡെസ്കിലെ 11 ജീവനക്കാര്‍, സിഡിഎസ് അക്കൗണ്ടന്റ് തസ്തികയിലുള്ള 82 ജീവനക്കാര്‍ എന്നിവരുടെ കരാറാണ് ഡിസംബറിൽ അവസാനിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home