മുഖ്യമന്ത്രി– ഉദ്യോഗസ്ഥ കുറുമുന്നണി
print edition മന്ത്രിമാർ നോക്കുകുത്തി


റഷീദ് ആനപ്പുറം
Published on Oct 20, 2026, 01:05 AM | 1 min read
തിരുവനന്തപുരം: മന്ത്രിമാരെ ഇരുട്ടിൽനിർത്തി കേരളത്തിൽ ഭരണം നടത്തുന്നത് മുഖ്യമന്ത്രി വി ഡി സതീശനും ഉന്നത ഉദ്യോഗസ്ഥരുമടങ്ങിയ കുറുമുന്നണി. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമടങ്ങിയ സംഘത്തിനാണ് ഏകോപനച്ചുമതല. വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ മന്ത്രിമാരറിയാതെ മുഖ്യമന്ത്രി നേരിട്ട് ബന്ധപ്പെടുന്നു. മന്ത്രിമാരും മുന്നണിയും അറിയാതെയുള്ള തീരുമാനങ്ങൾക്ക് പിന്നിൽ കുറുമുന്നണിയാണ്. ഇക്കാര്യങ്ങളിൽ നരേന്ദ്ര മോദിയെയാണ് മുഖ്യമന്ത്രി മാതൃകയാക്കുന്നത്.
ഇതിന്റെ ഒടുവിലത്തെ തെളിവാണ് ഹോർട്ടി വൈൻ വിൽപനക്ക് ലൈസൻസ് നൽകിയ നടപടി. ഇതിനെതിരെ എക്‌സൈസ് മന്ത്രി എം ലിജു രംഗത്തുവന്നു. വകുപ്പിൽ സർക്കാർ അറിയാതെ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഡീ അഡിക്‌ഷന് വിധേയമാക്കേണ്ടി വരുമെന്നാണ് മന്ത്രി കായംകുളത്ത് പ്രതികരിച്ചത്. ചിലരുടെ വിഭ്രാന്തി മാറിയിട്ടില്ല. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ നല്ല പദ്ധതികൾ തുടരുമെന്നും മന്ത്രി പറഞ്ഞു.
അധികാരമേറ്റതിന്റെ പിറ്റേന്നാണ് മുഖ്യമന്ത്രി നേരിട്ട് വകുപ്പ് സെക്രട്ടറിമാരെ മാറ്റിയത്. ഒരു മന്ത്രിയോടും ആലോചിച്ചില്ല. പ്രധാന വകുപ്പുകളിൽ ഇഷ്‌ടക്കാരായ ഉദ്യോഗസ്ഥരെ വച്ചു. വ്യവസായ വകുപ്പ് സെക്രട്ടറിയെ ആലോചിക്കാതെ നിയമിച്ചതിൽ പി കെ കുഞ്ഞാലിക്കുട്ടി എതിർപ്പറിയിച്ചിരുന്നു. മന്ത്രി എൻ ഷംസുദ്ദീൻ അറിയാതെ പൊതുവിദ്യാഭ്യാസ ഡയറക്‌ടറെ മൂന്ന് തവണ മാറ്റി. അതിലുള്ള അതൃപ്‌തി മന്ത്രി പരസ്യമാക്കി.
നയപരമായ തീരുമാനങ്ങൾ മന്ത്രിമാരറിയുന്നില്ല. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി പകുതി കുറച്ചത് അറിഞ്ഞില്ലെന്ന് എക്‌സൈസ് മന്ത്രി എം ലിജുവും ദേവസ്വം ചുമതലയുള്ള പ്ലീഡറുടെ നിയമനം അറിഞ്ഞില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരനും വ്യക്തമാക്കിയിരുന്നു. സംഘപരിവാർ ബന്ധമുള്ളയാളെ അഡ്വക്കറ്റ് ജനറലാക്കിയത് മന്ത്രിമാരും മുന്നണിയും അറിയാതെ.
ബജറ്റിലെ മുൻഗണനാ പദ്ധതികളുടെ നടത്തിപ്പ് ചുമതല ബഹുരാഷ്‌ട്ര കൺസൾട്ടൻസിയെ ഏൽപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സസ്‌പെൻഷനിലായിരുന്ന ബി അശോക്, എൻ പ്രശാന്ത് എന്നിവരെ തിരിച്ചെടുത്ത് സുപ്രധാന സ്ഥാനം നൽകിയത് മുഖ്യമന്ത്രി മാത്രം അറിഞ്ഞ്.
മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനെതിരെ ശക്തമായി പ്രതികരിച്ച മുന്നണി കൺവീനർ അടൂർ പ്രകാശ് എഐസിസിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, എല്ലാം മുന്നണിയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു സതീശന്റെ മറുപടി. ലീഗ് നേതൃത്വമാവട്ടെ ഇഡിയെ ഭയന്ന് അതൃപ്‌തി പരസ്യമാക്കുന്നില്ല.








0 comments