കൊച്ചി കോർപറേഷൻ
നിർവഹണ ഉദ്യോഗസ്ഥനില്ല; സാന്ത്വന പരിചരണം പ്രതിസന്ധിയിൽ

കൊച്ചി
കൊച്ചി കോർപറേഷന് കീഴീലെ സാന്ത്വന പരിചരണ പദ്ധതി (പാലിയേറ്റീവ് കെയർ) പ്രതിസന്ധി തുടരുന്നു. പദ്ധതിനിർവഹണ ഉദ്യോഗസ്ഥനെ നിയമിക്കാത്തതാണ് വീണ്ടും പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. ഇതോടെ പദ്ധതി നടത്തിപ്പും അനിശ്ചിതത്വത്തിലായി.
തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം സർക്കാർ അനുവദിക്കാതിരുന്നതിനെത്തുടർന്ന് കോർപറേഷനിൽ ഉൾപ്പെടെയുള്ള സാന്ത്വന പരിചരണ മേഖല പ്രയാസത്തിലായിരുന്നു. അടുത്തിടെ മാത്രമാണ് സർക്കാർ ഒന്നാംഗഡു അനുവദിച്ചത്. എന്നാൽ, നിർവഹണ ഉദ്യോഗസ്ഥനുണ്ടായാൽ മാത്രമെ ഇൗ തുക ചെലവഴിക്കാനും പദ്ധതി മുന്നോട്ടുകൊണ്ടുപോകാനും കഴിയൂ. ഫോർട്ട് കൊച്ചി താലൂക്കാശുപത്രി സൂപ്രണ്ടായിരുന്നു നിലവിലെ നിർവഹണ ഉദ്യോഗസ്ഥൻ. ഇവർ ഇൗ മാസം അഞ്ചിന് സ്ഥലംമാറിപ്പോയി. പകരം സൂപ്രണ്ടിനെയോ പദ്ധതി നിർവഹണ ഉദ്യോഗസ്ഥനെയോ നിയമിച്ചിട്ടില്ല. കോർപറേഷൻ പരിധിയിൽ 22,802 പേരാണ് സാന്ത്വന പരിചരണം ലഭിക്കാൻ രജിസ്‌റ്റർ ചെയ്‌തത്.
പദ്ധതിപ്രകാരം ചികിത്സിക്കുകയും പരിചരിക്കുകയും മരുന്ന് നൽകുകയും മുറിവ് വച്ചുകെട്ടുകയും ചെയ്യുന്നതടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. ഓക്‌സിജൻ കോൺസൻട്രേറ്റർ അടക്കമുള്ള ഉപകരണങ്ങളും രോഗികൾക്ക് നൽകാറുണ്ട്. ഇതെല്ലാം നിലയ്‌ക്കുന്ന സ്ഥിതിയാണ്. ജീവനക്കാരെയും പ്രതികൂലമായി ബാധിക്കും. ശന്പളവിതരണമടക്കം മുടങ്ങും. എട്ട് ഡോക്ടർമാർ, നഴ്‌സുമാർ–17, ഫാർമസിസ്‌റ്റ്–നാല്, ലാബ് ടെക്നീഷ്യൻ–മൂന്ന്, ഒപ്‌റ്റോമെട്രിസ്‌റ്റ്–രണ്ട്, റേഡിയോഗ്രാഫർ രണ്ട് എന്നിങ്ങനെയാണ് പാലിയേറ്റീവ് കെയർ പദ്ധതി ജീവനക്കാരുടെ എണ്ണം. ഇതിനുപുറമെ ഡ്രൈവർമാരുമുണ്ട്. യുഡിഎഫ് സർക്കാർ പദ്ധതിവിഹിതം അനുവദിക്കാത്തതിനെ തുടർന്ന് തനത് ഫണ്ടിൽനിന്ന് തുക ചെലവഴിക്കേണ്ട ഗതികേടിലാണ് യുഡിഎഫ് നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതി. ജീവനക്കാരുടെ ശന്പള ചെലവുകൾക്കായിരുന്നിത്. മരുന്നുവിതരണം ഉൾപ്പെടെയുള്ള സേവനങ്ങൾ നിലച്ചിരുന്നു.










0 comments