ad
Deshabhimani

കൊച്ചി കോർപറേഷൻ

മാനദണ്ഡം ലംഘിച്ച്‌ പദ്ധതികൾ; 
പരാതി നൽകാൻ പ്രതിപക്ഷം

kochi corporation
avatar
സ്വന്തം ലേഖകൻ

Published on Mar 11, 2026, 01:30 AM | 1 min read

കൊച്ചി

കൊച്ചി കോർപറേഷനിൽ 2026–27 പദ്ധതികൾ തയ്യാറാക്കിയത്‌ ജനകീയാസൂത്രണ പദ്ധതി മാർഗരേഖ ലംഘിച്ച്‌. പദ്ധതിരേഖ റദ്ദാക്കണമെന്നും മാനദണ്ഡങ്ങൾ പാലിച്ച്‌ വീണ്ടും തയ്യാറാക്കി ക‍ൗൺസിലിൽ അവതരിപ്പിക്കണമെന്നും പ്രതിപക്ഷം സെക്രട്ടറിയോട്‌ രേഖാമൂലം ആവശ്യപ്പെട്ടു. വിയോജിപ്പും അറിയിച്ചു. ഉചിതമായ നടപടിയുണ്ടായില്ലെങ്കിൽ ജില്ലാ ആസൂത്രണസമിതിക്ക്‌ പരാതി നൽകുമെന്ന്‌ എൽഡിഎഫ്‌ പാർലമെന്ററി പാർടി നേതാവ്‌ വി എ ശ്രീജിത് പറഞ്ഞു.


ബുധനാഴ്‌ചയാണ്‌ ജില്ലാ ആസൂത്രണസമിതി ചേരുന്നത്‌. സമിതിക്ക്‌ സമർപ്പിക്കാനുള്ള ജനീകയാസൂത്രണ പദ്ധതി ക‍ൗൺസിലർമാർക്ക്‌ ലഭിച്ചത്‌ ചൊവ്വാഴ്‌ചത്തെ ക‍ൗൺസിലിലാണ്‌. എന്നാൽ വാർഡ്‌ കമ്മിറ്റി, വികസനസെമിനാർ, വർക്കിങ്‌ ഗ്രൂപ്പുകൾ, സ്ഥിരംസമിതികൾ എന്നിവയിൽ വരാത്തതും ചർച്ചചെയ്യാത്തതും അംഗീകരിക്കാത്തതുമായ പല പദ്ധതികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്‌. വികസന സ്ഥിരംസമിതി അംഗീകരിച്ച പലപദ്ധതികളും മേയർ ഏകപക്ഷീയമായി വെട്ടി. ജനകീയാസൂത്രണ പദ്ധതി മാർഗരേഖയ്‌ക്ക്‌ വിരുദ്ധമായാണ്‌ പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നതെന്ന്‌ വ്യക്തമായതോടെയാണ്‌ പ്രതിപക്ഷം വിയോജിപ്പറിയിച്ചത്‌.


​മേയർക്ക്‌ പുതിയ വാഹനം; പി ടി പാർക്കിന്‌ ഒരുകോടി

അങ്കണവാടി നിർമിക്കാനും നന്നാക്കാനും പാർക്ക്‌ നവീകരണത്തിനും ഫണ്ട്‌ നൽകുന്നതിനോട്‌ മുഖംതിരിച്ച്‌ മേയർ വി കെ മിനിമോൾ. ഇതിനെല്ലാം കന്പനികളുടെ പൊതുനന്മ ഫണ്ട്‌ ലഭിക്കുമെന്നായിരുന്നു മേയർ ക‍ൗൺസിലിൽ പറഞ്ഞ ന്യായം. ജനകീയാവശ്യങ്ങൾക്ക്‌ സാമൂഹ്യപ്രതിബദ്ധതാ ഫണ്ട്‌ കണ്ടെത്താമെന്ന്‌ പറയുന്ന മേയറും യുഡിഎഫ്‌ ഭരണസമിതിയും ബജറ്റിൽ പ്രഖ്യാപിച്ച പി ടി തോമസിന്റെ പേരിലുള്ള പാർക്ക്‌ നിർമിക്കാൻ ഒരുകോടി രൂപ വകയിരുത്തി.


പ്രൊഫ. എം കെ സാനു, വൈക്കം മുഹമ്മദ്‌ ബഷീർ, ഉന്പായി സ്‌മാരകങ്ങളുടെ കാര്യം മിണ്ടിയിട്ടുമില്ല. ഒ‍ൗദ്യോഗിക ആവശ്യത്തിനായി പുതിയ വാഹനം വാങ്ങാനും ഒരുങ്ങുകയാണ്‌ മേയർ. നിലവിലുള്ള വാഹനം ഏഴ്‌ വർഷമായി ഉപയോഗിക്കുന്നുവെന്നും 1,75,000 കിലോമീറ്റർ ഓടിയെന്നും പറഞ്ഞാണ്‌ പുതിയ വാഹനം വാങ്ങാൻ ഒരുങ്ങുന്നത്‌. നിലവിൽ ഉപയോഗിക്കുന്നത്‌ ഇന്നോവ ക്രിസ്‌റ്റയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home