കൊച്ചി കോർപറേഷൻ
ആദ്യം മാലിന്യത്തിന്റെ നാറ്റം; ഇപ്പോൾ അഴിമതിയുടെയും


സ്വന്തം ലേഖകൻ
Published on Apr 14, 2026, 02:00 AM | 1 min read
കൊച്ചി
കൊച്ചി കോർപറേഷനിൽ മാലിന്യത്തിന്റെ നാറ്റം മാറുംമുന്പേ അഴിമതിയുടെ ദുർഗന്ധവും. നടത്താനിരിക്കുന്ന അഴിമതിയുടെയും ക്രമക്കേടുകളുടെയും ‘സാന്പിളാണ്’ റോഡ് നന്നാക്കാൻ മേയർ വി കെ മിനിമോൾ മൂന്നുലക്ഷം വാങ്ങിയെന്ന കേസ്. അധികാരമേറ്റതിന് പിന്നാലെ മാലിന്യനീക്കത്തിലെ ഗുരുതരവീഴ്‌ചയിൽ നാറിയെങ്കിൽ ഇപ്പോൾ അഴിമതിയിൽ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് മേയറും അവരെ സംരക്ഷിക്കുന്ന കോൺഗ്രസിലെ ഒരുവിഭാഗവും.
യുഡിഎഫ് ഭരണസമിതി ചുമതലയേറ്റശേഷം നഗരപരിധിയിൽ മാലിന്യം നീക്കുന്നതിൽ ഗുരുതര വീഴ്‌ച വരുത്തിയിരുന്നു. ഇതോടെ പൊതുനിരത്തുകൾക്ക് അരികിൽ മാലിന്യത്തിന്റെ കൂന്പാരം രൂപപ്പെടാൻ തുടങ്ങി. മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയായി. ബയോമാലിന്യനീക്കവും ഇടക്കാലത്ത് നിലച്ചു. ഇതോടെ ഡയപ്പർ ഉൾപ്പെടെ വീടുകളിൽ കെട്ടിക്കിടന്നു.
മുൻ ഭരണസമിതിയുടെ കാലത്ത് സജ്ജമാക്കിയ ഇൻസിനറേറ്റർ പ്രവർത്തിപ്പിക്കാൻ യഥാസമയം നടപടി സ്വീകരിക്കാതിരുന്നതാണ് ദുരവസ്ഥയ്‌ക്ക് ഇടയാക്കിയത്. പ്രതിസന്ധി രൂക്ഷമായപ്പോഴാണ് ഇൻസിനറേറ്റർ പ്രവർത്തിപ്പിക്കാൻ നടപടിയെടുത്തത്. എന്നാൽ, മാലിന്യനീക്കത്തിൽ ഭരണസമിതിയുടെ അലംഭാവവും അലസതയും ഇപ്പോഴും തുടരുന്നതായി നഗരത്തിലെ ‘മാലിന്യക്കാഴ്‌ചകൾ’ വ്യക്തമാക്കുന്നു.
അതിന്റെ ക്ഷീണം മാറുംമുന്പേയാണ് മിനിമോൾക്ക് എതിരെയുള്ള വിജിലൻസ് കോടതി ഉത്തരവുണ്ടായത്. റോഡ് നന്നാക്കാനെന്നപേരിൽ മൂന്നുലക്ഷം വാങ്ങിയെന്ന കേസിൽ മിനിമോൾക്കെതിരെ അന്വേഷണം ആവശ്യമെന്നും ഇതിനായി പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷ തേടാനും കോടതി ഉത്തരവിട്ടു.
മേയർപ്പദവിക്കായി നടന്ന അടിയും പോരും ഇതിനെ തുടർന്നുണ്ടായ വിവാദങ്ങളും മിനിമോളെയും അനുകൂലികളെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇത് മറികടക്കാനും പ്രതിഛായ സൃഷ്ടിക്കാനും ഇന്ദിര കാന്റീൻ ഉൾപ്പെടെ ആരംഭിച്ച് കൈയടി നേടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇടിത്തീപോലെ കോടതി ഉത്തരവ് വന്നത്. ഇതോടെ യുഡിഎഫിന് മുഖം നഷ്ടമായ അവസ്ഥയായി. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും എൽഡിഎഫും രംഗത്തെത്തി. മിനിമോൾ ഒഴിയണമെന്ന അഭിപ്രായം കോൺഗ്രസിനുള്ളിലും ഉയർന്നിട്ടുണ്ട്.










0 comments