ഇതാ കൊച്ചിയുടെ മുന്നേറ്റ ഭൂപടം

ജലമെട്രോ മട്ടാഞ്ചേരി ടെർമിനൽ
സ്‌മിത ബഷീർ
Published on Feb 09, 2026, 02:30 AM | 2 min read
മട്ടാഞ്ചേരി
സംസ്ഥാന സർക്കാരിന്റെ വികസന നയങ്ങളും കെ ജെ മാക്‌സി എംഎൽഎയുടെ നിരന്തര ഇടപെടലുകളും പശ്ചിമകൊച്ചിയുടെയും തീരദേശത്തിന്റെയും മുഖച്ഛായമാറ്റി. ചെല്ലാനത്തെ കടലാക്രമണത്തിനുള്ള ശാശ്വതപരിഹാരംമുതൽ ജല മെട്രോയും ആധുനിക വിദ്യാഭ്യാസ-–ആരോഗ്യ സൗകര്യങ്ങളുംവരെ നീളുന്ന പദ്ധതികൾ മണ്ഡലത്തിന്റെ വികസന ഭൂപടം മാറ്റിവരച്ചു.
ആദ്യഘട്ടത്തിൽ ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്റർ ടെട്രാപോഡ് കടൽഭിത്തിയും പുലിമുട്ടുകളും തീരദേശ നടപ്പാതയും പൂർത്തിയാക്കി. 340 കോടി ചെലവഴിച്ചായിരുന്നു പദ്ധതി. രണ്ടാംഘട്ടമായി കണ്ണമാലി ഭാഗത്ത് 6.1 കിലോമീറ്ററിൽ ടെട്രാപോഡ് ഭിത്തി നിർമിക്കാൻ 404 കോടിയുടെ ഭരണാനുമതിയും ലഭിച്ചു.
തുരുത്തിയിലെ ഭൂരഹിത–ഭവനരഹിതർക്കുള്ള ഇരട്ട ഭവനസമുച്ചയങ്ങൾക്ക് 77.32 കോടി രൂപയും പി ആൻഡ് ടി നഗർ നിവാസികളുടെ പുനരധിവാസത്തിനായി 14.61 കോടി രൂപയും അനുവദിച്ചു. ‘പുനർഗേഹം' പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികൾക്ക് 56 ഭവനങ്ങൾ.
മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിലൂടെ 50,511 പേർക്കായി 6.96 കോടി രൂപയും ക്ഷേമനിധി ബോർഡ് വഴി 23.12 കോടി രൂപയും സഹായമെത്തിച്ചു. 2025ൽ 20 മത്സ്യത്തൊഴിലാളികൾക്ക് ഭവന പുനരുദ്ധാരണത്തിന് ഒരു ലക്ഷംവീതം നൽകി.
ഒന്നുമുതൽ 28 വരെയുള്ള ഡിവിഷനുകളിൽ പഴയ പൈപ്പ്‌ലൈനുകൾ മാറ്റി. 32.42 കോടി ചെലവിൽ നാലുലക്ഷം ലിറ്റർശേഷിയുള്ള പുതിയ ജലസംഭരണിയും പമ്പ്ഹൗസും.
ജലമെട്രോ പദ്ധതിയിൽ ഫോർട്ട് വൈപ്പിൻ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ടെർമിനലുകൾ തുടങ്ങി. തോപ്പുംപടി, പള്ളുരുത്തി ടെർമിനലിന് സ്ഥലമേറ്റെടുത്തു. കുമ്പളങ്ങി–അരൂർ കെൽട്രോൺ പാലത്തിന് 44.20 കോടി. നാൽപ്പതോ-ളം പ്രധാന റോഡുകൾക്ക് ബിഎം ബിസി നിലവാരം. മൗലാന ആസാദ് റോഡിന് 18.35 കോടി. ഫോർട്ട് കൊച്ചി റെസ്റ്റ് ഹൗസ് നവീകരണത്തിന് 1.45 കോടി. കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്കാശുപത്രി, മട്ടാഞ്ചേരി വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ, ഫോർട്ട് കൊച്ചി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, കുമ്പളങ്ങി സാമൂഹ്യാരോഗ്യ കേന്ദ്രം, ചെല്ലാനം കണ്ടക്കടവ് കുടുംബാരോഗ്യകേന്ദ്രം തുടങ്ങിയവയ്ക്ക് ആധുനിക കെട്ടിടങ്ങളും ചികിത്സാ ഉപകരണങ്ങളും ലഭ്യമാക്കി.
ഫോർട്ട് കൊച്ചി ഇഎംജിഎച്ച്എസ്എസ്, കുമ്പളങ്ങി ഗവ. യുപി സ്കൂൾ, പുത്തൻതോട് ഗവ. എച്ച്‌എസ്‌എസ് എന്നിവയ്‌ക്ക് അത്യാധുനിക കെട്ടിടം നിർമിച്ചു. 4.92 കോടി രൂപ ചെലവിൽ മട്ടാഞ്ചേരി കൾച്ചറൽ മൊസൈക് മ്യൂസിയം. മട്ടാഞ്ചേരി എഇഒ ഓഫീസ് പുതിയ കെട്ടിടത്തിന് 7.70 കോടി.
ചെല്ലാനം പഞ്ചായത്തിലും കൊച്ചി നഗരസഭയിലുമായി ബോട്ട് റൂട്ടുകളുടെ ആഴം വർധിപ്പിക്കൽ, ജെട്ടി പുനരുദ്ധാരണം, ജിയോബാഗ് സംരക്ഷണഭിത്തി എന്നിവയ്ക്കായി 10.96 കോടി. കണ്ടക്കടവ്, കളത്ര റോഡുകൾ യാഥാർഥ്യമാക്കി.










0 comments