ad
Deshabhimani

സഞ്ചാരികൾക്ക് പ്രവേശനമില്ലാതെ കൊച്ചരീക്കൽ ​

Kochareekal

കൊച്ചരീക്കലിലെ വറ്റാത്ത കുളം

വെബ് ഡെസ്ക്

Published on Jun 21, 2026, 01:36 AM | 1 min read

പിറവം


സഞ്ചാരികൾക്ക്‌ പ്രവേശനമില്ലാതെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ കൊച്ചരീക്കൽ ഗുഹയും വറ്റാത്ത നീരുറവയും. ദിവസേന നൂറുകണക്കിനാളുകൾ വന്നിരുന്ന സ്ഥലമാണ് അധികൃതരുടെ പിടിപ്പുകേടുകൊണ്ട് അനാഥമായി കിടക്കുന്നത്. നീരുറവയുള്ള കുളത്തിന്റെ നവീകരണവും പരിസരശുചീകരണവും ഇതുവരെ പൂർത്തിയായിട്ടില്ല. എന്നാൽ സ്വകാര്യ വ്യക്തി അമ്പത്, നൂറ് തുടങ്ങി തോന്നുന്ന നിരക്കിൽ വാഹന പാർക്കിങ് ഫീസ് പിരിച്ച് ഇവിടേക്ക്‌ ആളെ കയറ്റുന്നതായും പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മൗനാനുവാദത്തോടെയാണിതെന്നും നാട്ടുകാർ പറയുന്നു.


അറ്റകുറ്റപ്പണി തീർത്ത് പദ്ധതി പ്രദേശം തുറക്കാത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് പഞ്ചായത്തിനുണ്ടാകുന്നത്. നേരത്തെ ഒരാൾക്ക് 20 രൂപ വീതം പഞ്ചായത്ത് പ്രവേശന ഫീസ് ഈടാക്കിയിരുന്നു. കുളത്തിന്റെ കെട്ടുകൾ തകരുകയും വെള്ളം നിൽക്കാതിരിക്കുകയും പരിസരത്ത്‌ പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും നിറഞ്ഞതുമാണ്‌ സന്ദർശകരെ ഇവിടെനിന്നും അകറ്റിയത്‌. പിന്നീട്‌ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു. ടേക്ക് എ ബ്രേക്ക് പദ്ധതിയും എങ്ങുമെത്തിയില്ല.


ഒരേക്കറോളം വിസ്തൃതിയിൽ പുരാതനഗുഹകളും ചെറുവനവും വറ്റാത്ത നീരുറവയും കൊച്ചരീക്കലിലെ കാഴ്ച്‌ചകളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങൾ ആരെയും വിസ്‌മയിപ്പിക്കും. മൂവാറ്റുപുഴ പിറവം റോഡിൽ പിറമാടം ഗവ.യുപി സ്കൂൾ കവലയിൽനിന്നും ഒരു കിലോമീറ്റർ ദൂരെയാണ് കൊച്ചരീക്കൽ. ഒന്നര കിലോമീറ്റർ അടുത്തായി അരീക്കൽ വെള്ളച്ചാട്ടവുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home