തൃക്കാക്കര സഹകരണ ആശുപത്രിക്കുസമീപത്തെ വെള്ളക്കെട്ട്: മണ്ണ് നീക്കിത്തുടങ്ങി

തൃക്കാക്കര സഹകരണ ആശുപത്രിക്കുസമീപം രൂപപ്പെട്ട വെള്ളക്കെട്ട് കെഎംആർഎൽ ചീഫ് എൻജിനീയർ വിനു സി കോശിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചപ്പോൾ
കാക്കനാട്
കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (കെഎംആർഎൽ) അശാസ്ത്രീയമായി മണ്ണും നിർമാണാവശിഷ്ടങ്ങളും നിക്ഷേപിച്ചതിനെ തുടർന്ന് തൃക്കാക്കര നഗരസഭ സഹകരണ ആശുപത്രിയിലും സമീപപ്രദേശങ്ങളിലും രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടിന് ഒടുവിൽ പരിഹാരമാകുന്നു. കുന്നുകൂട്ടിയ മണ്ണ് യന്ത്രസഹായത്തോടെ നീക്കുന്ന ജോലി തുടങ്ങിയതായും മണ്ണിനടിയിലായ കലുങ്ക് തുറന്ന് സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിയെടുക്കുമെന്നും കെഎംആർഎൽ അധികൃതർ പറഞ്ഞു.
മെട്രോ നിർമാണത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭാ ഓഫീസിനും ആശുപത്രിക്കും ഇടയിലുള്ള ആറേക്കർ താഴ്ന്ന പ്രദേശത്ത് മാസങ്ങളായി മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും കൂട്ടിയിട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സീപോർട്ട്–എയർപോർട്ട് റോഡിന് അടിയിലൂടെ കടന്നുപോകുന്ന കലുങ്ക് മണ്ണിനടിയിലായതോടെ കാക്കനാട്, കെബിപിഎസ്, മാവേലിപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നുള്ള മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടു. മലിനജലം ആശുപത്രിവളപ്പിലേക്ക് ഒഴുകിയെത്തുകയും ചുറ്റുമതിൽ ഉൾപ്പെടെ അപകടാവസ്ഥയിലാകുകയും ചെയ്തു.
വിഷയത്തിൽ കലക്ടർക്കും വിവിധ വകുപ്പുകൾക്കും നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ആശുപത്രി അധികൃതർ കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്റയ്‌ക്ക് പരാതി നൽകി. പിന്നാലെ കെഎംആർഎൽ ചീഫ് എൻജിനീയർ വിനു സി കോശിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. ഈ പ്രദേശത്ത് കൂടുതൽ മണ്ണ് നിക്ഷേപിക്കില്ലെന്ന് കെഎംആർഎൽ അറിയിച്ചു. ആശുപത്രിപ്പരിസരവും വെള്ളക്കെട്ട് രൂപപ്പെട്ട ഭാഗങ്ങളും മണ്ണിട്ട് നിരപ്പാക്കും. ബാക്കി മണ്ണ് അടുത്ത ദിവസങ്ങളിൽ നീക്കും.









0 comments