ad
Deshabhimani

കെഎംആർഎൽ മണ്ണിടൽ

ആശുപത്രിയിലും ഫ്ലാറ്റിലും മലിനജലം; ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു ​

KMRL

തൃക്കാക്കര സഹകരണ ആശുപത്രിയിലും ഫ്ലാറ്റ് സമുച്ചയത്തിലും വെള്ളവും ചെളിയും കയറിയ സംഭവത്തെ തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 04, 2026, 02:19 AM | 1 min read

കാക്കനാട്


സീപോർട്ട്–എയർപോർട്ട് റോഡിലെ കെഎംആർഎല്ലിന്റെ മണ്ണിടൽ പ്രവൃത്തിയെ തുടർന്ന് തൃക്കാക്കര സഹകരണ ആശുപത്രിയിലും സമീപത്തെ ഫ്ലാറ്റ് സമുച്ചയത്തിലും വെള്ളവും ചെളിയും കയറി സംഭവത്തിൽ കലക്ടറും ജനപ്രതിനിധികളും സന്ദർശിച്ചു.


ഉമ തോമസ് എംഎൽഎ, കലക്ടർ ജി പ്രിയങ്ക, കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്റ, നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, പ്രതിപക്ഷ നേതാവ് സി പി സാജൽ, സിപിഐ എം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, സഹകരണ ആശുപത്രി പ്രസിഡന്റ്‌ ഡോ. എം പി സുകുമാരൻനായർ എന്നിവരുടെ നേതൃത്വത്തിലാണ്‌ സ്ഥലം സന്ദർശിച്ചത്‌.


ആറേക്കർവരുന്ന താഴ്ന്നപ്രദേശത്ത് മണ്ണിടുമ്പോൾ നിലവിലുണ്ടായിരുന്ന കലുങ്ക് സംരക്ഷിക്കണമെന്ന നിർദേശം കെഎംആർഎൽ പാലിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നഗരസഭ അധികൃതർ ആരോപിച്ചു. തുടർന്ന് ആശുപത്രിയിൽ ചേർന്ന യോഗത്തിൽ നഗരസഭയും കെഎംആർഎൽ അധികൃതരും തമ്മിൽ തർക്കമുണ്ടായി. കലുങ്കുവഴി ചെളിയും മാലിന്യവും ഇല്ലാത്തനിലയിൽ വെള്ളമൊഴുക്കാനും സിവിൽ ലൈൻ റോഡിലെ കലുങ്കുമുതൽ സീപോർട്ട് എയർപോർട്ട് റോഡിലെ കലുങ്കുവരെ നികത്ത് പ്രദേശത്തുകൂടി വലിയ പൈപ്പ് സ്ഥാപിക്കാനും തീരുമാനിച്ചു.


മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കലുങ്കിന്റെ തുടക്കഭാഗം കണ്ടെത്തി തുറന്നതോടെ കെട്ടിക്കിടന്ന മാലിന്യവും വെള്ളവും കുത്തൊഴുക്കായി എത്തുകയായിരുന്നുവെന്ന്‌ കെഎംആർഎൽ ഉദ്യോഗസ്ഥർ അറിയിച്ചു. ഞായർ വൈകിട്ട് ആറോടെ മാവേലിപുരത്തെ സീസൺ ടു സീനിയർ ലിവിങ് ഫ്ലാറ്റിലേക്ക് ചെളിയും മരക്കൊമ്പുകളും കുത്തിയൊലിച്ചെത്തുകയായിരുന്നു. ഗേറ്റുകൾ തകർന്നു. താഴെനിലയും പാർക്കിങ്‌ ഏരിയയിലും ചളി അടിഞ്ഞു. കിടപ്പുരോഗികളും പ്രായമായവരും താമസിക്കുന്ന ഫ്ലാറ്റ് വളപ്പ് പൂർണമായി ശുചീകരിച്ചിട്ടില്ലെന്നും ദുർഗന്ധം തുടരുകയാണെന്നും അന്തേവാസികൾ സ്ഥലത്തെത്തിയ കലക്ടർ ജി പ്രിയങ്കയോട്‌ പരാതിപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home