പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചു
വഴിവിളക്കുകൾ തെളിയിക്കുന്നില്ലെന്ന് പരാതി; കിഴക്കമ്പലത്ത് പ്രതിപക്ഷ പ്രതിഷേധം

കിഴക്കമ്പലം പഞ്ചായത്തിൽ വഴിവിളക്കുകൾ തെളിയിക്കാത്തതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഓഫീസുനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
കിഴക്കമ്പലം
ട്വന്റി -20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിലെ വഴിവിളക്കുകൾ തെളിയിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫീസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ഭരണസമിതി ഗുരുതരവീഴ്ചയാണ് വരുത്തുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം വഴിവിളക്കുകൾക്കായി 4,80,000 രൂപയുടെ പദ്ധതി ഉണ്ടായിരുന്നു. എന്നാൽ ഇത് ടെൻഡർ ചെയ്യാനോ അറ്റകുറ്റപ്പണികൾ നടത്താനോ ഭരണസമിതി തയ്യാറായില്ല.
ഈ വർഷം അറ്റകുറ്റപ്പണികൾക്കായി കേവലം ഒരു ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയത്. തുക വളരെ കുറവായതിനാൽ ടെൻഡർ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായില്ല. വ്യാഴാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പദ്ധതി റീ-ടെൻഡർ ചെയ്യാൻ തീരുമാനിച്ചെങ്കിലും പ്രതിപക്ഷം എതിർത്തു. അറ്റകുറ്റപ്പണിക്കുള്ള തുക 10 ലക്ഷം രൂപയായി വർധിപ്പിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങളായ സജി പോൾ, സബിത അലിയാർ, ഷൈബി സുഗതൻ, മെയ് മോൾ മത്തായി, സന്തോഷ് അഞ്ചാതി, പി കെ മഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജനങ്ങളെ ഇരുട്ടിലാക്കുന്ന നടപടികളിൽനിന്ന്
ട്വന്റി -20 ഭരണസമിതി പിന്മാറിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷാംഗങ്ങൾ മുന്നറിയിപ്പ് നൽകി.











0 comments