ad
Deshabhimani

ഉദ്‌ഘാടനം 10നും 11നും

കിന്‍ഫ്ര പാര്‍ക്കുകളില്‍ രണ്ട് വന്‍ പദ്ധതികള്‍

kinfra exhibition center
വെബ് ഡെസ്ക്

Published on Feb 06, 2026, 02:15 AM | 1 min read


കൊച്ചി

സംസ്ഥാനത്തിന്റെ ഇലക്ട്രിക്കല്‍,- ഇലക്ട്രോണിക്സ് വ്യവസായരംഗത്ത് കുതിപ്പുണ്ടാക്കുന്ന രണ്ട് വന്‍ പദ്ധതികള്‍ കിന്‍ഫ്ര പാര്‍ക്കുകളില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. കാക്കനാട് ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് ക്ലസ്‌റ്ററിൽ വി-–ഗാർഡ് ഇന്നൊവേഷൻ ക്യാന്പസ് 10നും പെരുമ്പാവൂര്‍ ഇന്‍ഡസ്ട്രിയല്‍ പാർക്കില്‍ മൈസൂരു ആസ്ഥാനമായുള്ള കെയ്ൻസ് ടെക്‌നോളജിയുടെ ആദ്യ ഉല്‍പ്പാദന യൂണിറ്റ് 11നും വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.


ഈ പദ്ധതികളിലൂടെ ഇലക്ട്രിക്കല്‍സ്, ഇലക്‌ട്രോണിക്സ് നിർമാണരംഗത്ത് വളർന്നുവരുന്ന നൂതന വ്യാവസായിക കേന്ദ്രമെന്ന നിലയിൽ സംസ്ഥാനത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുമെന്ന്‌ മന്ത്രി പറഞ്ഞു. നൂതനസാങ്കേതിക ഉപകരണങ്ങളുടെ നിർമാണത്തിനൊപ്പം സംസ്ഥാനത്ത് കൂടുതല്‍ നൈപുണ്യ വികസനവും ഗവേഷണപ്രവര്‍ത്തനങ്ങളും സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.


മൂന്ന് ഏക്കറില്‍ 11 നിലകളിലായി 1.10 ലക്ഷത്തിലധികം ചതുരശ്രയടിയിലാണ് വി-–ഗാര്‍ഡ് ഇന്നൊവേഷൻ ക്യാന്പസിന്റെ ആദ്യഘട്ടം പൂര്‍ത്തിയായത്. 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന പദ്ധതിയാണിത്. 2021 ജനുവരിയിലാണ് കിന്‍ഫ്ര ഭൂമി അനുവദിച്ചത്. 2023 ഏപ്രിലില്‍ നിര്‍മാണം തുടങ്ങി. രണ്ടാംഘട്ടമായി 200 കോടി നിക്ഷേപത്തിൽ മറ്റൊരു യൂണിറ്റിനുകൂടി കമ്പനിക്ക് പദ്ധതിയുണ്ട്. അതിലൂടെ 600 പേർക്കുകൂടി തൊഴില്‍ ലഭ്യമാകും.


പെരുമ്പാവൂർ ട്രാവൻകൂർ റയോൺസിൽനിന്ന് സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് കിന്‍ഫ്ര വികസിപ്പിച്ച വ്യവസായ പാര്‍ക്കിലാണ് രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക്‌സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിങ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ന്‍സ് ടെക്നോളജീസ് ഉല്‍പ്പാദന യൂണിറ്റ് തുറക്കുന്നത്. 28 ഏക്കറില്‍, നിലവിലുണ്ടായിരുന്ന 15,000 ചതുരശ്രയടി കെട്ടിടം നവീകരിച്ചാണ് ഫാക്ടറി സജ്ജമാക്കിയത്. കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ വന്ന നിക്ഷേപ വാഗ്ദാനമാണ് യാഥാര്‍ഥ്യമാകുന്നത്.


വാഹനങ്ങൾ, റെയിൽവേ, മെഡിക്കൽ, വ്യോമയാനം തുടങ്ങി വിവിധ മേഖലകള്‍ക്ക് ആഗോളതലത്തില്‍ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ രൂപകൽപ്പനചെയ്ത് നിർമിക്കുന്ന കമ്പനി സംസ്ഥാനത്ത് 350 കോടിയുടെ നിക്ഷേപത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആയിരത്തിലധികം തൊഴിലവസരമുണ്ടാകും. സെപ്‌തംബറിലാണ് കെയ്ന്‍സിന് ഭൂമി കൈമാറിയത്. നാലുമാസംകൊണ്ട് ആദ്യഘട്ടം സജ്ജമായി. രണ്ടാംഘട്ടമായി നിര്‍മിക്കുന്ന 80,000 ചതുരശ്രയടി ബീറ്റ ബില്‍ഡിങ്ങിന്റെ നിര്‍മാണോദ്ഘാടനവും 11ന് നടക്കും. തുടര്‍ന്ന് 80,000 ചതുരശ്രയടിയില്‍ ഗാമ, ഒരുലക്ഷം ചതുരശ്രയടിയില്‍ ഡെല്‍റ്റ എന്നീ സമുച്ചയങ്ങള്‍കൂടി നിര്‍മിക്കാനാണ് പദ്ധതി.​




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home