യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; കൂടുതൽപേർ പിടിയിലാകും

കൊച്ചി
യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സൂചന. യുവാവടക്കം മയക്കുമരുന്ന് ഇടപാട് സംഘത്തിലെ പത്തുപേരാണ് മയക്കുമരുന്നുമായി പിടിയിലായത്. സംഘത്തിൽ ലഹരി വിൽപ്പനക്കാരും ഉപഭോക്താക്കളുമുണ്ട്. അറസ്‌റ്റിലായവരുടെ ഫോൺ വിവരങ്ങളും സാന്പത്തിക ഇടപാടുകളും പരിശോധിച്ചുവരുകയാണ്. സംഘത്തിൽ കൂടുതൽ ആളുകളുണ്ടെന്നാണ് പ്രാഥമിക വിവരം. ഇതിൽ ചിലരെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.
ഫ്രാന്‍സിസ് സേവ്യര്‍, സുഹൃത്ത് ആര്യ എന്ന പൊടിപെണ്ണ്, ഷഹനാസ്, അനൂപ്, സ്മിജില്‍ ആന്റണി, നിഖിൽ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്‌റ്റിലായത്. ഇവരെ കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ തിങ്കളാഴ്‌ച കോടതിയിൽ അപേക്ഷ നൽകും. ആദ്യം അറസ്‌റ്റിലായ റിജോയ് ബെക്‌സൺ ഫ്രാൻസിസ്, ബിനു മോഹനൻ, പാർവതി, സാന്ദ്രാഞ്ജലി എന്നിവരെ കസ്‌റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകിയിരുന്നു. എല്ലാവരെയും കസ്‌റ്റഡിയിൽ ലഭിച്ചശേഷം വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷക സംഘത്തിന്റെ നീക്കം. പൊടിപെണ്ണ് എന്നറിയപ്പെടുന്ന ആര്യ സംഘത്തിനൊപ്പം ചേർന്നിട്ട് ഒന്നര വർഷമായതായാണ് കണ്ടെത്തൽ. ആര്യ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന ഏജന്റായി പ്രവർത്തിച്ചിരുന്നതായും സംശയിക്കുന്നുണ്ട്. ഇതടക്കമുള്ള വിവരങ്ങളാണ് അന്വേഷിക്കുന്നത്.
ഫോറം മാളിന് മുന്നില്‍നിന്ന് 29-ന് രാത്രി റിജോയിയെ തട്ടിക്കൊണ്ടുപോയത് അന്വേഷിച്ചപ്പോഴാണ് ലഹരി വിൽപ്പനക്കാരും ഉപഭോക്താക്കളും പിടിയിലായത്. ദൃക്‌സാക്ഷിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.









0 comments