ഇടി കിട്ടിയപ്പോൾ പൊലീസിന് ‘നല്ലബുദ്ധി’
ബസ് ജീവനക്കാർക്ക് പ്രത്യേക ഐഡി കാർഡ്; പെരുമാറ്റം നന്നാക്കാൻ ക്ലാസ്

കൊച്ചി
സ്വകാര്യബസിലെ ഡ്രൈവര്‍ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പ്രത്യേക തിരിച്ചറിയൽ കാര്‍ഡ് നിര്‍ബന്ധമാക്കാൻ പൊലീസ്. ഇവരുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് പരിശോധന പൂർത്തിയാക്കിയശേഷം പ്രശ്‌നക്കാരല്ലാത്തവർക്ക് മാത്രമാകും കാര്‍ഡ് നല്‍കുക. കാര്‍ഡ് ലഭിച്ചവര്‍ക്ക് മാത്രമേ ബസ് ഓടിക്കാന്‍ അനുവാദമുണ്ടാകൂവെന്നും സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്‌കുമാർ വ്യക്തമാക്കി.
കമീഷണർ വിളിച്ചുചേർത്ത ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുകളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
നടപടികള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ജീവനക്കാർക്ക് രണ്ടുദിവസത്തെ ക്ലാസോ ശിൽപ്പശാലയോ സംഘടിപ്പിക്കും. അവരുടെ പെരുമാറ്റം മെച്ചപ്പെടുത്താനാണിത്. മത്സരയോട്ടം നിയന്ത്രിക്കുന്നതിനായി മുന്പുണ്ടായിരുന്ന പഞ്ചിങ് രീതി പരിഷ്‌കരിച്ച് ഡിജിറ്റല്‍ പഞ്ചിങ് സംവിധാനം നടപ്പാക്കും. ബസുകള്‍ പാട്ടത്തിനെടുത്ത് ഓടിക്കുന്ന പ്രവണതയ്‌ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു.
കഴിഞ്ഞദിവസം കാർ യാത്രക്കാരനെ തടഞ്ഞ് ഭീഷണിപ്പെടുത്തുകയും പിടികൂടാൻ എത്തിയ എഎസ്‌ഐയെ ആക്രമിക്കുകയും ചെയ്‌ത സ്വകാര്യ ബസ് ക്ലീനറെ ജാമ്യത്തിൽ വിട്ടത് വിവാദമായിരുന്നു. പൊലീസിന് നാണക്കേടുണ്ടാക്കുകയും ചെയ്‌തു. നഗരത്തിലെ മത്സരയോട്ടവും അപകടങ്ങളും ചില ജീവനക്കാരുടെ മോശം പെരുമാറ്റവും ഇതിനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതും ശക്തമായ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന്റെ പരിഷ്‌കാരങ്ങൾ.
പൊലീസിന് നാണക്കേടായി; ക്ലീനർക്ക് എതിരെ കാപ്പ ചുമത്തും
കൊച്ചി
കാർയാത്രക്കാരനെ ഭീഷണിപ്പെടുത്തുകയും പിടികൂടാനെത്തിയ എഎസ്‌ഐയെ ആക്രമിക്കുകയും ചെയ്‌ത ബസ് ക്ലീനറെ അതിവേഗം ജാമ്യത്തിൽ വിട്ടത് നാണക്കേടായതോടെ പ്രതിക്ക് എതിരെ കാപ്പ ചുമത്താൻ പൊലീസ്. കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറിനെതിരെ കാപ്പ ചുമത്തുമെന്നും റിപ്പോർട്ട് ഉടൻ കലക്ടർക്ക് കൈമാറുമെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ പേരിൽ ഇതരജില്ലകളിൽ ഉൾപ്പെടെയുള്ള കേസ് വിവരം ശേഖരിക്കാൻ തുടങ്ങി.
എഎസ്‌ഐയെ ആക്രമിച്ച പ്രതിക്ക് കരുതലായ പൊലീസ് നടപടി വിവാദമായതോടെ കഴിഞ്ഞദിവസം മുഹമ്മദ് അൻസാറിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി വീണ്ടും അറസ്‌റ്റ് ചെയ്‌തിരുന്നു. ആഗസ്‌ത് ഒന്പതിന് മുഹമ്മദ് അൻസാർ കാർ തടഞ്ഞ് അതിലുണ്ടായ യാത്രക്കാരനെ ഭീഷണിപ്പെടുത്തിയതിന് പരാതി ലഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ശനിയാഴ്‌ച പിടികൂടുന്നതിനിടെയാണ് യാത്രക്കാരുടെ മുന്നിൽവച്ച് എഎസ്‌ഐ സുനിലിനെ ആക്രമിച്ചത്.
ജാമ്യത്തിൽ വിട്ടത് വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയപ്പോൾ മുഖംരക്ഷിക്കാനാണ് പുതിയ വകുപ്പ് ചേർത്ത് അറസ്‌റ്റ് ചെയ്തത്. വാഴക്കാലയിൽ നടന്ന സമാനസംഭവത്തിൽ തൃക്കാക്കര പൊലീസും കേസെടുത്തു.










0 comments