ad
Deshabhimani

കർഷകസംഘം ജില്ലാ സമ്മേളനം

പ്രതിനിധി സമ്മേളനത്തിന്‌ ആവേശത്തുടക്കം

KARSHAKASANGHAM

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പെരുമ്പാവൂരിൽ അഖിലേന്ത്യാ കിസാൻസഭ കേന്ദ്ര കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 23, 2026, 02:26 AM | 2 min read

പെരുന്പാവൂർ


കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ഫാസ്‌ ഓഡിറ്റോറിയം) ആവേശത്തുടക്കം. ശനി രാവിലെ ജില്ലാ പ്രസിഡന്റ്‌ ആർ അനിൽകുമാർ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം കിസാൻസഭ കേന്ദ്ര കമ്മിറ്റി അംഗം എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്തു. ആർ അനിൽകുമാർ അധ്യക്ഷനായി.


സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ എൻ സി മോഹനൻ സ്വാഗതം പറഞ്ഞു. എം കെ ബാബു രക്തസാക്ഷിപ്രമേയവും പി പി അജിത്‌കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ കെ വി ഏലിയാസ്‌ കണക്കും അവതരിപ്പിച്ചു.


ആർ അനിൽകുമാർ, കെ എൻ സുനിൽകുമാർ, സബിത കരീം, പി അശോകൻ, കെ സനൽകുമാർ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. കെ കെ ഷിബു -(പ്രമേയം), കെ എ അജേഷ് (ക്രഡൻഷ്യൽ), എ യു വിജു (മിനിറ്റ്‌സ്‌) എന്നിവരാണ്‌ വിവിധ സബ്‌ കമ്മിറ്റി കൺവീനർമാർ. സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, സെക്രട്ടറി വത്സൻ പനോളി, ട്രഷറർ ഗോപി കോട്ടമുറിക്കൽ, വൈസ്‌ പ്രസിഡന്റ്‌ പി എം ഇസ്‌മായിൽ, കേന്ദ്ര കമ്മിറ്റിയംഗം കെ തുളസി, എൻ ആർ സക്കീന, വത്സല മോഹൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.


ഗ്രൂപ്പ്‌ ചർച്ചയ്ക്കുശേഷം ആരംഭിച്ച പൊതുചർച്ച ഞായറും തുടരും. തുടർന്ന്‌ സംഘടനാ റിപ്പോർട്ട്‌, പ്രവർത്തന റിപ്പോർട്ട്‌ എന്നിവയിൽ മറുപടിയുണ്ടാകും. പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.


മോഷ്‌ടാക്കളുടെ ദേശീയപാർടിയായി
കോൺഗ്രസ്‌ മാറി: എം സ്വരാജ്‌


പെരുന്പാവൂർ


അഴിമതിയും വെട്ടിപ്പും എംഡിഎംഎ കച്ചവടവും എല്ലാംചേരുന്ന കോൺഗ്രസ്‌, മോഷ്ടാക്കളുടെ ദേശീയ പാർടിയായി മാറിയെന്ന്‌ കിസാൻസഭ കേന്ദ്ര കമ്മിറ്റിയംഗം എം സ്വരാജ്‌. കർഷകസംഘം ജില്ലാ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വയനാട്‌ മുണ്ടക്കൈ ദുരിതബാധിതർക്ക്‌ വീടുവച്ച്‌ നൽകാമെന്ന്‌ പറഞ്ഞ്‌ ദുരന്തബാധിതരെ കോൺഗ്രസ്‌ വഞ്ചിച്ചു.


കെ കരുണാകരന്‌ സ്‌മാരകം നിർമിക്കാൻ നാലുതവണ പണപ്പിരിവ്‌ നടത്തിയെങ്കിലും കല്ലിടാൻപോലും കഴിഞ്ഞില്ല. എന്നാൽ, കേരളത്തിലെ മാധ്യമങ്ങൾ ഇതിനെതിരെ മുഖപ്രസംഗം എഴുതില്ല. കോൺഗ്രസിന്റെ വലതുപക്ഷ രാഷ്‌ട്രീയത്തിന്‌ കേരളത്തിൽ പ്രത്യേക പരിഗണനയുണ്ട്‌.


തെരഞ്ഞെടുപ്പിനുമുന്പ്‌ മാറി മാറി ഭരിക്കട്ടെയെന്ന്‌ പറഞ്ഞവർക്ക്‌ മൂന്നുമാസംകൊണ്ട്‌ മാറ്റം അനുഭവപ്പെട്ടുതുടങ്ങി.


10 വർഷത്തിനുശേഷം കേരളത്തിൽ പവർകട്ട്‌ മടങ്ങിയെത്തി. ഓണക്കാലത്ത്‌ വിലക്കയറ്റംകൊണ്ട്‌ ജനം പൊറുതിമുട്ടുന്നു. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ സ്‌ത്രീസുരക്ഷാ പദ്ധതി യുഡിഎഫ്‌ അട്ടിമറിച്ചു. അഞ്ചുലക്ഷം കുടുംബങ്ങൾക്ക്‌ വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കിയ ലൈഫ്‌ പദ്ധതി ഇനിയില്ല.


രാജ്യത്തെ കാർഷിക മേഖല വലിയ പ്രതിസന്ധി നേരിടുന്നു. കേന്ദ്ര ബിജെപി സർക്കാരിന്‌ കാർഷിക മേഖലയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകുന്നില്ല. സാന്പത്തികനയത്തിന്റെ കാര്യത്തിലും കോൺഗ്രസും ബിജെപിയും ഒരേതൂവൽ പക്ഷികളാണ്‌. കൃഷിചെയ്യുന്നതിന്റെ പേരിൽ ജീവനൊടുക്കേണ്ട വിഭാഗമായി കർഷകർ മാറിയെന്നും അദ്ദേഹം പറഞ്ഞു.


K Sകേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച്‌ 
ജില്ലാ പ്രസിഡന്റ് ആർ അനിൽകുമാർ പതാക ഉയർത്തുന്നു


വന്യജീവി
സംരക്ഷണനിയമം 
ഭേദഗതി ചെയ്യണം


പെരുന്പാവൂർ


കേന്ദ്ര വന്യജീവിസംരക്ഷണനിയമം ഭേദഗതിചെയ്ത്‌ കർഷകനെയും കൃഷിഭൂമിയെയും സംരക്ഷിക്കണമെന്ന് കേരള കർഷകസംഘം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.


കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി മണ്ഡലങ്ങളിലെ കർഷകർക്ക് സ്വന്തം ഭൂമിയിൽ കൃഷിചെയ്യാനോ താമസിക്കാനോ സാധിക്കുന്നില്ല. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും പതിവാണ്‌. വനാതിർത്തികളിൽ കിടങ്ങുകൾ, വൈദ്യുതിവേലി, സ‍ൗരവേലി എന്നിവ സ്ഥാപിച്ച്‌ കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകണമെന്നും ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

ഭക്ഷ്യ ഉൽപ്പന്നങ്ങളെ ഇ20 പെട്രോൾ നിർമാണത്തിനുള്ള അസംസ്‌കൃതവസ്‌തുവാക്കാതെ ഭക്ഷ്യാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്നും കർഷകസംഘം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home