കര്‍ക്കടകവാവ് ; ബലിതർപ്പണത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി

കർക്കടകവാവ് ബലിതർപ്പണത്തിന് ഒരുങ്ങിയ ആലുവ ശിവരാത്രി മണപ്പുറം
കൊച്ചി
കർക്കടകവാവ് ബലിതർപ്പണത്തിന് ജില്ലയിലെ ക്ഷേത്രങ്ങൾ ഒരുങ്ങി. ആലുവ ശിവരാത്രി മണപ്പുറത്ത് ബലിതർപ്പണത്തിന് പതിനായിരങ്ങൾ എത്തും. ബുധൻ രാത്രി 12 മുതൽ തർപ്പണത്തിനായി ആളുകൾ എത്തിത്തുടങ്ങി. വ്യാഴം പുലർച്ചെ 2.30 മുതൽ ആരംഭിച്ച ബലിതർപ്പണം ഉച്ചവരെ നീളും. മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരി മുഖ്യകാർമികനായി.
ബലിതർപ്പണത്തിന് മികച്ച സൗകര്യങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാർ വകുപ്പുകളും ചേർന്ന് ഒരുക്കിയത്. ക്ഷേത്രദർശനത്തിന് നടപ്പന്തലും തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡ് കെട്ടി പ്രത്യേക വഴിയും ഒരുക്കി. സുരക്ഷയ്ക്കായി 20 സിസിടിവി കാമറകളും സ്ഥാപിച്ചു. 500 പൊലീസുകാരെ വിന്യസിച്ചു. ആലുവ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും സ്വാമി ധർമചൈതന്യയുടെ നേതൃത്വത്തിൽ ബലിതർപ്പണത്തിന് സൗകര്യങ്ങളുണ്ട്.
കാലടിയിൽ കർക്കടകവാവ് ബലിതർപ്പണച്ചടങ്ങുകൾ വ്യാഴം പുലർച്ചെ നാലിന് ആരംഭിച്ചു. ബലിതർപ്പണത്തിന് പ്രത്യേകം സൗകര്യമൊരുക്കി. തർപ്പണത്തിനെത്തുന്നവർക്ക് പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കർക്കടകവാവ് ബലിതർപ്പണം ബുധൻ രാത്രി 12 മുതൽ ആരംഭിച്ചു. വ്യാഴം പകൽ ഒന്നുവരെയാണ് ബലി തർപ്പണം. നമസ്‌കാരം, തിലഹവനം, ബലിതർപ്പണാദികൾ എന്നിവയുണ്ടാകും. ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം നൽകും. 16 ബലിപ്പുരകളും ഒരുക്കിയിട്ടുണ്ട്. കെഎസ്‌ആർടിസി പ്രത്യേക സർവീസ് നടത്തുന്നു. മെഡിക്കൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പിറവം പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ കൊട്ടാരമുറ്റത്ത് ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തർപ്പണത്തിനായി പ്രത്യേകം പന്തലൊരുക്കി. ചടങ്ങുകൾക്ക് മേൽശാന്തി മനോജ് നമ്പൂതിരി നേതൃത്വം നൽകും. രണ്ടിടത്തും 1000 പേർക്കുവീതം ഓരേസമയം ബലിയിടാം.










0 comments