ad
Deshabhimani

ലോകകപ്പിൽ നിന്ന് ഒഴിവാക്കിയ സോമാലിയൻ റഫറി സൂപ്പർ കപ്പിൽ; പിഎസ്ജി–ആസ്റ്റൺ വില്ല പോരാട്ടം നിയന്ത്രിക്കും

ARTHAN SOMALIAN REFERI
വെബ് ഡെസ്ക്

Published on Aug 11, 2026, 09:22 AM | 1 min read

സാൽസ്ബർഗ്: 2026 ലോകകപ്പിൽ നിന്ന് ഒഴിവാക്കിയ സോമാലിയൻ റഫറി ഒമർ അർത്താൻ വീണ്ടും വലിയ വേദിയിലേക്ക്. ബുധനാഴ്ച ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടക്കുന്ന യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിയും ആസ്റ്റൺ വില്ലയും ഏറ്റുമുട്ടുമ്പോൾ 34 കാരനായ അർത്താനാണ് മത്സരം നിയന്ത്രിക്കുക.


സംശയാസ്പദമായ പശ്ചാത്തലമാണെന്നു ചൂണ്ടിക്കാട്ടി, യുഎസിൽ പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാനുള്ള റഫറി ചുമതലകളിൽനിന്ന് ഫിഫ അദ്ദേഹത്തെ ഒഴിവാക്കിയത്.


യുവേഫയും ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷനും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് അർത്താന് സൂപ്പർ കപ്പ് നിയന്ത്രിക്കാൻ അവസരം ലഭിച്ചത്. യൂറോപ്പിലെയും ആഫ്രിക്കയിലെയും റഫറിമാർക്ക് പരസ്പരം പഠിക്കാനുള്ള മികച്ച അവസരമാണ് ഈ സഹകരണമെന്നും അർത്താൻ വ്യക്തമാക്കി.


“ഇത്രയും പ്രധാനപ്പെട്ട മത്സരം നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ട്. യൂറോപ്പിലെ സൊമാലിയൻ സമൂഹം ഈ അവസരത്തിൽ ഏറെ ആവേശത്തിലാണ്,” അദ്ദേഹം പറഞ്ഞു.


അതേസമയം യൂറോപ്യൻ ഫുട്ബോളിലെ പ്രധാന രണ്ട് ക്ലബ് ടൂർണമെന്റുകളായ ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും ജേതാക്കൾ ഏറ്റുമുട്ടുന്ന വാർഷിക മത്സരമാണ് യുവേഫ സൂപ്പർ കപ്പ്.


പുതിയ യൂറോപ്യൻ ഫുട്ബോൾ സീസണിന് മുന്നോടിയായുള്ള പ്രധാന പോരാട്ടമായാണ് സൂപ്പർ കപ്പ് കണക്കാക്കപ്പെടുന്നത്. നാളെ ഇന്ത്യൻ സമയം രാത്രി 12.30 ന് സാൽസ്ബർഗിലെ റെഡ് ബുൾ അരീനയിലാണ് മത്സരം


ഈ വർഷം ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജി, യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ആസ്റ്റൺ വില്ലയെ നേരിടും. യൂറോപ്യൻ ഫുട്ബോളിലെ രണ്ട് പ്രധാന കിരീടജേതാക്കൾ നേർക്കുനേർ എത്തുന്നതിനാൽ മത്സരം ആവേശകരമാകുമെന്നാണ് പ്രതീക്ഷ. ലോകകപ്പ് വേദി നഷ്ടമായ അർത്താന് യൂറോപ്യൻ ഫുട്ബോളിലെ മറ്റൊരു വലിയ മത്സരത്തിൽ തന്റെ മികവ് തെളിയിക്കാനുള്ള അവസരം കൂടിയാകും സൂപ്പർ കപ്പ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home