റാഗിങ്ങും പീഡനവും: മെഡിക്കൽ വിദ്യാർഥി ജീവനൊടുക്കി; നാല് സീനിയർ ഡോക്ടർമാർക്ക് സസ്‌പെൻഷൻ

സൂറത്ത്: ഗവൺമെന്റ് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ പിജി വിദ്യാർഥിയായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. റാഗിങ്ങും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ നാല് സീനിയർ ഡോക്ടർമാരെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
സൂറത്ത് ന്യൂ സിവിൽ ഹോസ്പിറ്റലിലെ മൈക്രോബയോളജി വിഭാഗത്തിലെ റസിഡന്റ് ഡോക്ടറായ ഡോ ഹർഷ് പാണ്ഡ്യയെയാണ് (30) ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹർഷിനെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സീനിയർ റസിഡന്റ് ഡോക്ടർമാരായ ഡോ. നിരാലി വാസവേ, ഡോ. അനുജ് മഹേശ്വരി, ഡോ. ദീക്ഷിത് ഗേവരിയ, ഹീന ഭൂത്നേ എന്നിവരെയാണ് ആശുപത്രിയിൽ നിന്നും ഹോസ്റ്റലിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.
ഞായറാഴ്ച രാവിലെ അടിയന്തര ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് ഹർഷിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് സഹപ്രവർത്തകൻ ബോയ്‌സ് പിജി ഹോസ്റ്റലിലെ മുറിയിലെത്തി പരിശോധിച്ചപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി പ്രഫുൽ പൻസേരിയ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ മെഡിക്കൽ എജ്യുക്കേഷൻ അഡീഷണൽ ഡയറക്ടർ ഡോ ജയേഷ് സച്ദെയ്ക്ക് നിർദേശം നൽകി.
ഹർഷിന് പഠനകാര്യങ്ങളിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഡിപ്പാർട്ട്‌മെന്റിൽ സീനിയർമാരുമായി ജോലിസംബന്ധമായ തർക്കങ്ങൾ നിലനിന്നിരുന്നതായും പിതാവ് ഡോ. സുഭാഷ് പാണ്ഡ്യ പറഞ്ഞു. ആറ് മാസം മുമ്പാണ് ഹർഷ് ഇവിടെ പഠനത്തിനായെത്തിയത്. അടുത്തിടെ ഇദ്ദേഹത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.










0 comments