ad
Deshabhimani

കനിവ്‌ ജില്ലാ സമ്മേളനം ; കേരള കെയർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

kanivu palliative care
വെബ് ഡെസ്ക്

Published on Aug 21, 2025, 02:17 AM | 1 min read

കൊച്ചി

കിടപ്പുരോഗികളുടെ പരിചരണത്തിന്‌ ഏകീകൃത രൂപമുണ്ടാക്കാനായി സംസ്ഥാനത്ത്‌ ആരംഭിച്ച "കേരള കെയർ' പാലിയേറ്റീവ്‌ കെയർ ഗ്രിഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ കനിവ്‌ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ ജില്ലാ സമ്മേളനം തീരുമാനിച്ചു. എറണാകുളം ഫൈൻ ആർട്‌സ്‌ സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം കനിവ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്തു.


സാന്ത്വന പരിചരണരംഗത്ത്‌ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കനിവിന്‌ കഴിഞ്ഞുവെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതിന്റെ തെളിവാണ്‌ ഫിസിയോതെറാപ്പി സേവനങ്ങളുടെ ഭാഗമായി കനിവിന്‌ ലഭിച്ച ഏഷ്യ ബുക് ഓഫ്‌ റെക്കോഡ്‌സ്‌ അംഗീകാരം. കനിവ്‌ നൽകിവരുന്ന ഹോംകെയർ, ഫിസിയോതെറാപ്പി സേവനങ്ങൾ നിരവധിപേർക്കാണ്‌ ആശ്വാസമാകുന്നത്‌. മികച്ച രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകണമെന്നും അദ്ദേഹം പറഞ്ഞു.


ഡോ. ജോ ജോസഫ്‌ അധ്യക്ഷനായി. എൻ വി മഹേഷ്‌ അനുശോചനപ്രമേയം അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ മുഖ്യപ്രഭാഷണം നടത്തി. കനിവ്‌ ജില്ലാ സെക്രട്ടറി എം പി ഉദയൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ എറണാകുളം ഏരിയ കമ്മിറ്റി തയ്യാറാക്കിയ ആർദ്രം സുവനീർ സി എൻ മോഹനൻ പ്രകാശിപ്പിച്ചു. കിടപ്പുരോഗികൾക്കുള്ള ഡയപ്പർ വിതരണം എസ്‌ സതീഷ്‌ നിർവഹിച്ചു. നിഷാദ്‌ ബാബു, ഷാഹുൽ ഹമീദ്‌ എന്നിവർ സംസാരിച്ചു.


എസ്‌ സതീഷ്‌ 
ജില്ലാ പ്രസിഡന്റ്‌, 
എം പി ഉദയൻ സെക്രട്ടറി

കനിവ്‌ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ ജില്ലാ പ്രസിഡന്റായി എസ്‌ സതീഷിനെയും സെക്രട്ടറിയായി എം പി ഉദയനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ടി സി ഷിബു (വൈസ് പ്രസിഡന്റ് ), എൻ വി മഹേഷ് (ജോയിന്റ് സെക്രട്ടറി), ഷാഹുൽ ഹമീദ്‌ (ട്രഷറർ). ഡോ. മാത്യൂസ് നുമ്പേലി, ഡോ. ജോ ജോസഫ്, ഖദീജ മൊയ്തീൻ, എൻ എസ് അനിൽകുമാർ, കെ ആർ രജീഷ്, യേശുദാസ് പറപ്പള്ളി, ഡോ. എസ് വിനീത് എന്നിവരുൾപ്പെടെ 12 അംഗ ഡയറക്‌ടർ ബോർഡിനെയും 50 അംഗ ഉപദേശകസമിതിയെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home