നാമനിർദേശ പത്രികയിൽ തെറ്റായ വിവരം ; കളമശേരി നഗരസഭാ അധ്യക്ഷനെതിരെ പരാതി

കളമശേരി
കളമശേരി നഗരസഭാ അധ്യക്ഷൻ ജമാൽ മണക്കാടൻ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യപ്രസ്താവനയിലെ വിദ്യാഭ്യാസ യോഗ്യത തെറ്റാണെന്ന് പരാതി. വട്ടേക്കുന്നം (40) വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി കെ മഹേഷാണ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ജമാൽ മണക്കാടനെതിരെ എറണാകുളം മുൻസിഫ് കോടതിയിൽ പരാതി നൽകിയത്.
ബിഎ ഇക്കണോമിക്സ് ബിരുദമുണ്ടെന്ന് പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യപ്രസ്താവനയിൽ പറഞ്ഞത് തെറ്റാണെന്നാണ് പരാതി. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിഎ നോട്ട് കംപ്ലീറ്റഡ്, എൽഎൽബി നോട്ട് കംപ്ലീറ്റഡ് എന്നും 2020ൽ ബിഎ കംപ്ലീറ്റഡ്, എൽഎൽബി നോട്ട് കംപ്ലീറ്റഡ് എന്നുമാണ് ജമാൽ മണക്കാടൻ വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചതെന്നും രേഖകകൾ ഹാജരാക്കി പരാതിയിൽ പറഞ്ഞു.
തൊഴിൽ, വരുമാനം, ആസ്തികൾ, ബാധ്യതകൾ എന്നിവയും തെറ്റായാണ് ബോധിപ്പിച്ചത്. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാൻ മനപ്പൂർവം തെറ്റായി കാര്യങ്ങൾ രേഖപ്പെടുത്തുകയായിരുന്നെന്നും അതിനാൽ ജമാൽ മണക്കാടന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമാണ് പരാതി. മണക്കാടന് കോടതി നോട്ടീസയച്ചു.








0 comments