നായരമ്പലം രാജശേഖരൻ ചരിഞ്ഞു

കൊച്ചി
നായരന്പലം ഭഗവതി ക്ഷേത്രത്തിലെ കൊന്പൻ നായരമ്പലം രാജശേഖരൻ ചരിഞ്ഞു. ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്ന ആന, പാദരോഗം ബാധിച്ച് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഞായർ രാവിലെ ഏഴോടെയാണ് ചരിഞ്ഞത്. 48 വയസ്സായിരുന്നു.
2001ൽ കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ബാലകൃഷ്ണപിള്ളയിൽനിന്നാണ് ക്ഷേത്രം അധികൃതർ ആനയെ വാങ്ങിയത്. അന്പലത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന അവസാനത്തെ ആനയായിരുന്നു രാജശേഖരൻ. തൃശൂർ പൂരം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രോത്സവം തുടങ്ങി പ്രധാന ഉത്സവങ്ങളിലെ സ്ഥിരംസാന്നിധ്യമായിരുന്നു.
2026 മേയിൽ എടവനക്കാട് അണിയിൽ ശ്രീകൃഷ്ണ സ്വാമിക്ഷേത്രോത്സവത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്. ശാന്തസ്വഭാവക്കാരനായിരുന്നു. ക്ഷേത്രത്തിന് സമീപത്തുതന്നെയായിരുന്നു ആനയുടെ പരിചരണവും. വൈകിട്ട് 6.30ഓടെ വനംവകുപ്പ് അധികൃതർ ജഡം കോടനാട്ടേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മലയാറ്റൂർ വനത്തിൽ സംസ്കരിക്കും.
അറുപത് വർഷമായി നായരന്പലം ക്ഷേത്രത്തിൽ ആനയുണ്ട്. ഒരുകാലത്ത് അഞ്ച് ആനകൾവരെ ക്ഷേത്രത്തിലുണ്ടായിരുന്നു. ‘ഗുരുവായൂർ കേശവൻ’ സിനിമയിൽ ഗുരുവായൂർ കേശവനായി അഭിനയിച്ച ശിവജി, ഗോപാലൻ, കേശവൻ, കുട്ടിക്കൃഷ്ണൻ, പത്മനാഭൻ, ഗണപതി എന്നീ ആനകളാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നത്.







0 comments