ഓഡിറ്റ് രേഖ പുറത്ത്
കളമശേരി നഗരസഭാ അക്കൗണ്ടിലെ 1.13 കോടി റിസർവ് ബാങ്ക് പിൻവലിച്ചു


സ്വന്തം ലേഖകൻ
Published on Nov 30, 2026, 02:18 AM | 2 min read
കളമശേരി
യുഡിഎഫ് ഭരിക്കുന്ന കളമശേരി നഗരസഭയുടെ അക്കൗണ്ടിൽനിന്ന് 1.13 കോടിരൂപ റിസർവ് ബാങ്ക് പിൻവലിച്ചതായി 2024–-25 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. ഇതുൾപ്പെടെ നികുതിപ്പണം ഉത്തരവാദിത്വരഹിതമായി കൈകാര്യം ചെയ്തതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് 128 പേജുള്ള ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. ദീർഘകാലം ഇടപാട് നടക്കാത്തതിനാലാണ് കനറാ ബാങ്കിന്റെ രണ്ട് അക്കൗണ്ടുകളിൽനിന്ന് 1,13,18,283 രൂപ റിസർവ് ബാങ്ക് പിൻവലിച്ചത്. മുമ്പ് ഇത്തരത്തിൽ എത്ര രൂപ റിസർവ് ബാങ്ക് പിൻവലിച്ചെന്നതിന് തെളിവില്ല. ഇതുപോലെ ആറ് അക്കൗണ്ടുകളിലായി 5.62 കോടി രൂപയുണ്ടെന്നും അത് തിരിച്ചെടുക്കുകയോ സ്ഥിരം നിക്ഷേപമാക്കി മാറ്റുകയോ ചെയ്തില്ലെങ്കിൽ ഏതുസമയത്തും റിസർവ് ബാങ്ക് പിൻവലിക്കാമെന്നും മുന്നറിയിപ്പുണ്ട്. ബാങ്കിലേക്ക് കലക്ഷനയച്ച 42 ചെക്കുകൾ വരവ് രേഖപ്പെടുത്തിയിട്ടില്ല. 39 ലക്ഷം രൂപയാണ് ഇത്തരത്തിൽ രേഖയിൽ ഇല്ലാതെ പോയത്. മാലിന്യനീക്കത്തിന് തനത് ഫണ്ടിൽനിന്ന് 1.31 കോടി രൂപ ചെലവഴിച്ചത് ക്രമവിരുദ്ധമായാണെന്നും കണ്ടെത്തി.
കെട്ടിടംവാടകയ്ക്ക് കരാറില്ല
വർഷങ്ങളായി നഗരസഭാക്കെട്ടിടങ്ങളുടെ വാടക പിരിക്കാതെ ചില വാടകക്കാരെ സഹായിക്കുന്നു. നോർത്ത് കളമശേരി ഷോപ്പിങ് കോംപ്ലക്സിൽ ഏഴ് വാടകക്കാർക്ക് കരാറില്ലാതെയാണ് മുറി നൽകിയത്. ഒരാൾക്കുമാത്രം മുറികളുടെ വാടകയിനത്തിൽ നാലുലക്ഷത്തിലേറെ കുടിശ്ശിക. ബസ് ടെർമിനലിലെ മുറിയും കരാറില്ലാതെ വാടകയ്‌ക്ക് നൽകി. 34 മെഡിക്കൽ, പാരാമെഡിക്കൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയെന്നും കണ്ടെത്തി.
വികസനഫണ്ട് വെട്ടിക്കുറച്ചു
നികുതി പിരിച്ചെടുക്കാത്തതിനാൽ നഗരസഭയുടെ വികസനഫണ്ട് വെട്ടിക്കുറച്ചു. 50 ലക്ഷം രൂപയുടെ കുറവാണ് ഈ കാലത്തുണ്ടായത്. ഓഡിറ്റ് വർഷം 14 കോടി രൂപയും മുൻ വർഷങ്ങളിൽ 40 കോടി രൂപയും വസ്തുനികുതിയിനത്തിൽ പിരിച്ചെടുക്കാനുണ്ട്. കെട്ടിടനികുതിയിനത്തിൽ വൻകിട സ്ഥാപനങ്ങൾക്ക് ലക്ഷങ്ങളുടെ കുടിശ്ശിക. തൊഴിൽ നികുതിയിനത്തിലും വൻ കുടിശ്ശികയുള്ളതായി റിപ്പോർട്ടിലുണ്ട്. സർക്കാർ ഉത്തരവ് ലംഘിച്ച് പ്രത്യേകം രസീതുപുസ്തകങ്ങൾ അച്ചടിച്ച് നികുതി പിരിക്കുന്നതായി കണ്ടെത്തി.
ആ ഡ്രൈവർമാർ ആരൊക്കെ
ഹരിതകർമസേനയിൽ 27 ഡ്രൈവർമാരുണ്ടെങ്കിലും 13 പേരുടെ വിവരംമാത്രമാണ് രേഖകളിലുള്ളത്. അവർക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് ശമ്പളം നൽകുന്നത്. എന്നാൽ, ബാക്കിയുള്ള 14 പേർക്ക് ശമ്പളം നൽകുന്നുണ്ടെങ്കിലും അവരുടെ അക്കൗണ്ട് വഴിയല്ല. ഡ്രൈവർമാരുടെ പേരുവിവരങ്ങൾ നഗരസഭയിൽ ലഭ്യമല്ലെന്ന് ഓഡിറ്റ് രേഖ കുറ്റപ്പെടുത്തുന്നു. നഗരസഭയിൽനിന്ന് വിശദീകരണം ലഭിക്കാത്തതിനെ തുടർന്ന് ബയോബിൻ വിതരണം, നഗരദാരിദ്ര്യ നിർമാർജന സെൽ ചെലവ്, മരാമത്ത് പ്രവൃത്തികളുടെ 5.03 കോടി രൂപ ഉൾപ്പെടെ നിരവധി കോടികളുടെ ഇടപാടുകൾ ഓഡിറ്റ് വിഭാഗം തടസ്സപ്പെടുത്തിയിട്ടുണ്ട്.








0 comments