Deshabhimani

സർക്കാർ വേട്ട തുടരുന്നു; ജീവനക്കാർക്ക്‌ വീണ്ടും കൂട്ടസ്ഥലംമാറ്റം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 30, 2026, 02:13 AM | 1 min read

കൊച്ചി


പ്രതികാരനടപടിയുടെ ഭാഗമായി ജില്ലയിലെ ജീവനക്കാർക്കെതിരെ യുഡിഎഫ്‌ സർക്കാരിന്റെ വേട്ട തുടരുന്നു. തദ്ദേശ, ആരോഗ്യവകുപ്പുകളിൽ വൻതോതിൽ ജീവനക്കാരെ ചട്ടവിരുദ്ധമായി സ്ഥലം മാറ്റിയാണ്‌ സർക്കാരിന്റെ പ്രതികാരം. കഴിഞ്ഞദിവസംമാത്രം തദ്ദേശവകുപ്പിലെ 49 പേരെ വിവിധ ജില്ലകളിലേക്ക് മാറ്റി. പൊതുസ്ഥലംമാറ്റ നടപടി ആരംഭിക്കാനിരിക്കെ ഭരണപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് ഹെഡ് ക്ലർക്ക്, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ തസ്തികകളിലെ ജീവനക്കാരെ അപേക്ഷയില്ലാതെയും മാനദണ്ഡത്തിന്‌ വിരുദ്ധമായും സ്ഥലംമാറ്റിയത്.


കൊച്ചി കോർപറേഷനിൽ ജോലി ചെയ്യുന്ന കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗത്തെ മലപ്പുറം ജില്ലയിലേക്കാണ് മാറ്റിയത്. 21ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയറ്റ് വളയൽദിനത്തില്‍ പ്രതികാരമനോഭാവത്തോടെ ജില്ലയിലെ തദ്ദേശ സ്വയംഭരണവകുപ്പില്‍ 51 ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ സ്ഥലംമാറ്റിയിരുന്നു. ഒരാഴ്ചയ്‌ക്കിടെ എറണാകുളത്തുമാത്രം തദ്ദേശവകുപ്പില്‍ സ്ഥലംമാറ്റപ്പെട്ടവര്‍ നൂറായി.


ആരോഗ്യവകുപ്പില്‍ അടുത്തിടെ 130 നഴ്സിങ് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയിരുന്നു. മറ്റ് ജില്ലകളില്‍നിന്നും ഇവിടേക്ക് അപേക്ഷ നല്‍കി കാത്തിരുന്ന, സ്ഥലംമാറ്റത്തിന് അര്‍ഹതയുള്ള ഇടത്‌ സര്‍വീസ് സംഘടനാംഗങ്ങളെ തിരഞ്ഞുപിടിച്ച്‌ തഴയുകയും ചെയ്‌തു. സീനിയര്‍ നഴ്സിങ് ഓഫീസറായി മുന്പ്‌ മറ്റു ജില്ലകളിലേക്ക് സ്ഥാനക്കയറ്റം കിട്ടി പോയവര്‍ വര്‍ഷങ്ങള്‍ക്കുശേഷം ജില്ലയിലേക്ക് തിരിച്ചെത്താന്‍ അപേക്ഷ നല്‍കിയിട്ടും പരിഗണിച്ചില്ല. ഇപ്പോൾമാത്രം സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് എറണാകുളം ജില്ലയില്‍ത്തന്നെ തുടരാന്‍ സൗകര്യമൊരുക്കുകയും ചെയ്തു.


പൊതുസ്ഥലംമാറ്റം നടക്കാനിരിക്കെ പ്രാബല്യത്തിലാക്കിയ ഇത്തരം കൂട്ടസ്ഥലംമാറ്റങ്ങൾ വ്യാപക അഴിമതിക്ക് കളമൊരുക്കാനാണെന്ന ആക്ഷേപം ശക്തമാണ്‌. ​പ്രതിഷേധം ഇന്ന് എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റും സംസ്ഥാന ന്യൂട്രീഷ്യൻ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടറുമായ എം എ അജിത് കുമാറിനെയടക്കം ചട്ടവിരുദ്ധമായ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ ഓഫീസിലേക്ക് യൂണിയൻ മാർച്ച്‌ നടത്തും. തിങ്കൾ പകൽ ഒന്നിനാണ്‌ മാർച്ച്‌. ​നഴ്‌സുമാരുടെ കൂട്ടസ്ഥലംമാറ്റം റദ്ദാക്കുക എന്ന ആവശ്യമുന്നയിച്ച് തിരുവനന്തപുരം ഡിഎച്ച്എസിലേക്ക് നടക്കുന്ന മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി പകല്‍ 1.30ന് എഫ്എസ്ഇടിഒ ഡിഎംഒ ഓഫീസിലേക്കും മാര്‍ച്ച് നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home