ഗവ. മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്‌ഘാടനം നാളെ

എറണാകുളം ഗവ.മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്
കൊച്ചി
എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ചൊവ്വ വൈകിട്ട് അഞ്ചിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും.
കിഫ്ബി ഫണ്ട് 286.66 കോടി രൂപ ചെലവഴിച്ച് 8.27ലക്ഷം ചതുരശ്രയടി വിസ്‌തീർണത്തിലാണ് കെട്ടിടം നിർമിച്ചത്. 850 കിടക്കകൾ, 16 ഓപ്പറേഷൻ തിയറ്ററുകൾ, നവജാതശിശുവിഭാഗം, ആധുനിക ലേബർ റൂം, സ്കാനിങ്, എക്സ്‌റേ തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഐസിഎംആറിൽനിന്ന് 1.9 കോടി ചെലവഴിച്ച് നിർമിച്ച അത്യാധുനിക ലെവൽ 2 മൈക്രോബയോളജി ലാബ് സൗകര്യവും ഇവിടെ ലഭ്യമാണ്. കാർഡിയോ വാസ്കുലാർ സർജൻ ഉൾപ്പെടെ 90 തസ്തിക പുതുതായി സൃഷ്ടിച്ചു.
കോസ്മെറ്റോളജി, വൈറോളജി വിഭാഗങ്ങൾക്കായും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ന്യൂറോസർജറി, ഗൈനക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി, കാർഡിയോ തൊറാസിക് സർജറി, പീഡിയാട്രിക് സർജറി, യൂറോളജി, നെഫ്രോളജി, അവയവമാറ്റം, ഡയാലിസിസ് യൂണിറ്റുകൾ, അത്യാഹിതവിഭാഗം തുടങ്ങിയ വിഭാഗങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഉണ്ടാകും. റേഡിയോ ഡയഗ്നോസിസ് ഡിപ്പാർട്ട്മെന്റ്, പതോളജി, - മൈക്രോബയോളജി - ബയോകെമിസ്ട്രി ലാബുകൾ, ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങിയവയും ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. 18 ലിഫ്റ്റുകൾ, 715 കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, ആർഒ പ്ലാന്റ്, ജലലഭ്യതയ്ക്കുള്ള സൗകര്യം എന്നിവയും പുതിയ ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ട്.










0 comments