അണ്ഡവിൽപ്പന; ഹൈദരാബാദിൽ വൻ തട്ടിപ്പ്സംഘം പിടിയിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി

എഐ നിർമിത ചിത്രം
ഹൈദരാബാദ് : സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകൾക്ക് പണം വാഗ്ദാനം ചെയ്ത് അണ്ഡം ശേഖരിച്ച് വിൽപ്പന നടത്തിയിരുന്ന സംഘം ഹൈദരാബാദിൽ പിടിയിൽ. വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിച്ച 43 സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ ഒമ്പതുപേർ അറസ്റ്റിലായതായും റിപ്പോർട്ടുണ്ട്. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, അസം, ജാർഖണ്ഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് സ്ത്രീകളെ ഹൈദരാബാദിലെത്തിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പണം വാഗ്ദാനം ചെയ്ത് എത്തിക്കുന്ന സ്ത്രീകളെ വാടകവീടുകളിലും ഹോസ്റ്റലുകളിലും താമസിപ്പിച്ചശേഷം ഐവിഎഫ് കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.
20,000 മുതൽ 30,000 രൂപ വരെയാണ് സ്ത്രീകൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇടനിലക്കാർക്ക് മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെ ലഭിച്ചിരുന്നു. അണ്ഡാണു ആവശ്യമുള്ള ദമ്പതികളുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചായിരുന്നു സ്ത്രീകളെ തെരഞ്ഞെടുത്തിരുന്നത്. ജാതി, മതം, നിറം, ഉയരം, വിദ്യാഭ്യാസം, സ്വദേശം തുടങ്ങിയവയെല്ലാം പരിഗണിച്ചിരുന്നതായാണ് വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഏജന്റുമാരുടെ ശൃംഖലയാണ് തട്ടിപ്പിന് പിന്നിൽ. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സ്ത്രീകളുടെ വിവരങ്ങൾ കൈമാറിയിരുന്നു. ദമ്പതികളുടെ നിബന്ധനകൾ ഏജന്റുമാർക്ക് അയച്ചുനൽകുകയും അതിനനുസരിച്ചുള്ള സ്ത്രീകളെ കണ്ടെത്തുകയുമായിരുന്നു രീതി.
അണ്ഡാണു ശേഖരണത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സ്ത്രീകൾക്ക് ഹോർമോൺ കുത്തിവയ്പുകളും മരുന്നുകളും നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പരിശോധനയിൽ മരുന്നുകളും കുത്തിവയ്പുകൾക്കുള്ള ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. ഒക്ടോബർ 30ന് സരൂർനഗർ, പ്രകാശ് നഗർ, ബേഗംപേട്ട്, എറഗഡ, ഗോപാലപുരം തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് 43 സ്ത്രീകളെ രക്ഷപ്പെടുത്തിയത്. പിടിച്ചെടുത്ത മരുന്നുകളും സിറിഞ്ചുകളും പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു.
ആവശ്യമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ, ബന്ധപ്പെട്ട ഐവിഎഫ് കേന്ദ്രങ്ങൾക്ക് നിയമാനുസൃത രജിസ്ട്രേഷൻ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്. സംഘവുമായി ഐവിഎഫ് കേന്ദ്രങ്ങൾക്കും അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ബാങ്കുകൾക്കും ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 2021ലെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (റെഗുലേഷൻ) നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.









0 comments